കുഴി നിറഞ്ഞ് കാരിക്കോട്- കുന്നം റോഡ്

Tuesday 14 November 2017 10:17 pm IST

തൊടുപുഴ: മഴക്കാലം എത്തുന്നതിന് മുമ്പ് തന്നെ തകര്‍ന്ന് തുടങ്ങിയ കാരിക്കോട് കുന്നം റോഡ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്‌കൂള്‍ വാഹഹനങ്ങളടക്കം ദിവസവും നൂറ്ക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. സമീപത്തെ സ്‌കൂളുകളിലേയ്ക്കടക്കം നിരവധി വിദ്യാര്‍ത്ഥികളും കാല്‍നടയാത്രക്കാരും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട റോഡാണിത്. മൂന്ന് കിലോമീറ്ററുള്ള റോഡിന്റെ 2 കിലോമീറ്ററോളം ഭാഗം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് അറ്റകുറ്റപണി നടത്തുന്നതിനായി ഇവിടെ ജോലിക്കാര്‍ എത്തിയിരുന്നു. എന്നാല്‍ കാരിക്കോട് നിന്ന് റോഡ് ആരംഭിക്കുന്നതിന് സമീപത്ത് മുതല്‍ ഉണ്ടപ്ലാവ് വരെ മാത്രമാണ് അന്ന് പണി തീര്‍ക്കാനായത്. മഴയെത്തിയതാണ് തടസമായത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ടാറിങ് തകരുകയും കുഴി രൂപപ്പെടുകയും ചെയ്തു. മൂന്ന് തവണ പണിക്കാരെത്തിയെങ്കിലും മഴയെത്തിയത് വിലങ്ങായി. തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിരുന്ന പത്തോളം ടാര്‍വീപ്പകള്‍ പഞ്ചായത്ത് അധികൃതര്‍ ഓട നവീകരിക്കുന്നതിന്റെ ഭാഗമായി മറിച്ച് കളഞ്ഞതും ഏറെ വിവാദമായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പൈപ്പ് ഇടുന്നതിന്റെ ഭാഗമായി തകര്‍ന്ന് കിടന്ന റോഡ് രണ്ട് ഘട്ടമായി ടാര്‍ ചെയ്യുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് തകരുകയായിരുന്നു. 85 ലക്ഷത്തോളം രൂപമുടക്കി ടാര്‍ ചെയ്‌തെങ്കിലും അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പൈപ്പ് ഇട്ട ഭാഗങ്ങളില്‍ കുഴി രൂപപ്പെടുകയായിരുന്നു. പണിയില്‍ അഴിമതി ഉണ്ടെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ ഉണ്ടപ്ലാവ്, രണ്ട്പാലം, ചാലംകോട് ക്ഷേത്രത്തിന് സമീപം തുടങ്ങിയ ഇടങ്ങളില്‍ റോഡ് തകര്‍ന്ന് കിടക്കുന്നത് യാത്രചെയ്യുന്നവരുടെ നടുവൊടിക്കുകയാണ്. ടാക്‌സി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ വരാന്‍ മടിക്കാണിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. റോഡിന്റെ വശങ്ങള്‍ പഞ്ചായത്ത് പൈപ്പ് ഇടുന്നതിന് കുത്തിപ്പൊളിക്കുന്നതും യാത്രക്കാര്‍ക്ക് വലയ്ക്കുന്നുണ്ട്. വീതി കുറഞ്ഞ റോഡ് വലുപ്പം കൂട്ടി നിര്‍മ്മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.