കൊച്ചി: 2017-18 സീസണിലെ ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചു. ലുധിയാനയില്‍ ഈ മാസം 25ന് തുടക്കം. ആദ്യ മത്സരത്തില്‍ മിനര്‍വ പഞ്ചാബ് മുന്‍ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ നേരിടും.
മാര്‍ച്ച് അവസാനം വരെ നീണ്ടു നില്ക്കുന്ന ലീഗില്‍ 90 മത്സരങ്ങളാണുണ്ടാവുക. കേരളത്തില്‍ നിന്നുള്ള ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്സിയുടെ ആദ്യ മത്സരം 27ന് ഷില്ലോങ് ലജോങിനെതിരെ അവരുടെ ഹോം ഗ്രൗണ്ടിലാണ്. ആദ്യ ഹോം മത്സരം ഡിസംബര്‍ 6ന്. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയമാണ് ഗോകുലത്തിന്റെ ഹോം ഗ്രൗണ്ട്. ഉച്ചക്ക് രണ്ടിന് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സിറ്റിയാണ് എതിരാളികള്‍.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ നിന്നുള്ള ഒരു ടീം ഐ ലീഗിന്റെ ഭാഗമാവുന്നത്. ഗോകുലം കേരള എഫ്സിയുടെ മറ്റു ഹോം മത്സരങ്ങള്‍ ഇങ്ങനെ: ഡിസംബര്‍ 9: നെറോക്ക എഫ്സി, ഡിസം. 31- ഐസ്വാള്‍ എഫ്സി, ജനുവരി 6ന് മിനര്‍വ പഞ്ചാബ്, ജനുവരി 12-ഇന്ത്യന്‍ ആരോസ്, ജനുവരി 15-ചര്‍ച്ചില്‍ ബ്രദേഴ്സ്, ജനു: 20-മോഹന്‍ ബഗാന്, ജനുവരി 28- ഷില്ലോങ് ലജോങ്, ഫെബ്രുവരി 17-ഈസ്റ്റ് ബംഗാള്‍.
ലീഗില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന മണിപ്പൂര്‍ ക്ലബ്ബായ നെറോക്ക എഫ്സി ഡിസംബര്‍ ഒന്നിന് ആദ്യ മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെ നേരിടും. ലോകകപ്പില്‍ കളിച്ച ഇന്ത്യന്‍ അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള എഐഎഫ്എഫിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ആരോസിന് ആദ്യ മത്സരത്തില്‍ ചെന്നൈയിന് സിറ്റി എഫ്സിയാണ് എതിരാളികള്‍.
നിലവിലെ ചാമ്പ്യന്മാരായ ഐസ്വാള്‍ എഫ്സി 28ന് ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ നേരിടും. ഡിസംബര്‍ 3ന് സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ള സീസണിലെ ആദ്യ കൊല്‍ക്കത്ത ഡെര്‍ബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: