നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന് പ്രഥമ പരിഗണന: മന്ത്രി

Tuesday 14 November 2017 10:24 pm IST

കോഴിക്കോട്: നഗരപാത വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നഗരപാതാ വികസന പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തീകരണ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഭൂമിയേറ്റെടുക്കുന്നതില്‍ വന്ന കാലതാമസം കാരണം പദ്ധതി മുന്നോട്ടു പോയില്ല. പദ്ധതിക്കാവശ്യമായ തുക പടി പടിയായി അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. റോഡ് വികസനത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാന നഗരങ്ങളിലെ റോഡുകളെല്ലാം വികസിപ്പിക്കും. സംസ്ഥാനത്തില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും കാലാനുസൃതമായ വളര്‍ച്ച നേടാന്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്തും. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കടക്കം റോഡുകളെക്കുറിച്ച് പരിതാപകരമായ അവസ്ഥയാണെന്ന് പറയിപ്പിക്കാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡ് വികസനത്തിനായി 2550 കോടിയുടെ പദ്ധതിയുണ്ട്. കോഴിക്കോട്ടെ നഗരപാതാ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ടിയിരുന്ന മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡും ഉടന്‍ പണി പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ എ. പ്രദീപ് കുമാര്‍, ഡോ. എം.കെ. മുനീര്‍, വി.കെ.സി. മമ്മദ്‌കോയ, പുരുഷന്‍ കടലുണ്ടി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു.വി. ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്ര ന്‍, മനയത്ത് ചന്ദ്രന്‍, കെ ആര്‍എഫ്ബി സി.ഇ.ഒ പി. സി. ഹരികേഷ്, പ്രൊജക്ട് മാനേജര്‍ എ.പി. പ്രമോദ്, കോ-ഓര്‍ഡിനേറ്റര്‍ കെ.ലേഖ, യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി, കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത് കുമാര്‍, പി. കിഷന്‍ചന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.