ദിലീപിനെ വീണ്ടും ചോദ്യം ചെയ്തു

Wednesday 15 November 2017 7:18 pm IST

ആലുവ: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. ആലുവ പൊലീസ് ക്ലബ്ബില്‍ എസ്പി സുദര്‍ശന്റെയും എസ്‌ഐ ബിജു പൗലോസിന്റെയും നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടു. നോട്ടീസ് നല്‍കി ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ ദിലീപ് പൊലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങി. കേസിലെ കുറ്റപത്രം തയാറാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടില്ല. ഇത് മൂന്നാം തവണയാണ് ദിലീപിനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതും ചോദ്യം ചെയ്യലിന് കാരണമായി. ഇതുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണനയിലാണ്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നു കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാല്‍ പൊലീസ് നടത്തിയ അനേ്വഷണത്തില്‍ ഇതു തെറ്റാണെന്നു കണ്ടെത്തി. ഡോക്ടറുടെയും നഴ്‌സുമാരുടെയും മൊഴിയെടുത്തിരുന്നു. അഡ്മിറ്റ് ആയില്ല എന്നാണ് ഇവര്‍ മൊഴി നല്‍കിയത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യം ചെയ്തിട്ടുണ്ട്. ദിലീപിനെതിരെയുള്ള കുറ്റപത്രം അന്തിമ ഘട്ടത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.