തിരുവനന്തപുരം: മുന്നണി പിളരുന്ന സാഹചര്യം ഒഴിവാക്കാനാണ് തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല രാജിയെന്ന തോമസ് ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഇതിന്റെ തെളിവാണ്. ഘടകകക്ഷിയുടെ പ്രതിഷേധത്തെതുടര്‍ന്ന് ഭരണം നഷ്ടമാകുമെന്ന അവസ്ഥ ഉണ്ടായപ്പോഴാണ് തീരുമാനം മാറ്റാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്.
കുറ്റക്കാരനായ വ്യക്തിക്ക് മുന്നില്‍ ഒരു മുഖ്യമന്ത്രി ഓച്ഛാനിച്ച് നില്ക്കുന്ന കാഴ്ച ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് കുമ്മനം പറഞ്ഞു. ഇത്ര ദുര്‍ബലനായ മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് ഇതാദ്യമാണ്. കൂട്ടുത്തരവാദിത്തം ഇല്ലാതായ മന്ത്രിസഭയ്ക്ക് ഒരു നിമിഷം പോലും ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ല. സമാന്തര യോഗം ചേര്‍ന്നതോടെ മുഖ്യമന്ത്രിയെ വിശ്വാസമില്ലെന്ന് സിപിഐ പ്രഖ്യാപിച്ചു കഴിഞ്ഞു. മന്ത്രിസഭയിലെ രണ്ടാമത്തെ കക്ഷി അവിശ്വാസം പ്രകടിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ രാജിവെക്കണം. അധികാരത്തിനു വേണ്ടി ഇനിയും കടിച്ചു തൂങ്ങുന്ന പിണറായി വിജയന് ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണെന്നും കുമ്മനം പറഞ്ഞു.
സുപ്രീംകോടതിയെ സമീപിച്ച് എത്രയും പെട്ടെന്ന് തിരികെ വരാന്‍ ആശീര്‍വദിച്ചതോടെ തോമസ് ചാണ്ടി മുഖ്യമന്ത്രിക്ക് എത്ര പ്രിയപ്പെട്ടവനാണെന്ന് വ്യക്തമായെന്ന് കുമ്മനം പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചതു കൊണ്ട് നിയമപ്രശ്നം അവസാനിക്കുന്നില്ല. ബിജെപി ഉള്‍പ്പെടെയുള്ള കക്ഷികള്‍ നടത്തിയ പോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണിത്. പണം കൊണ്ട് ആരെയും വിലയ്ക്ക് വാങ്ങാമെന്ന ഹുങ്കിന് ജനങ്ങള്‍ നല്കിയ തിരിച്ചടിയാണിത്. മന്ത്രി സ്ഥാനം രാജിവെച്ചതു കൊണ്ട് മാത്രം പ്രശ്നം തീരുന്നില്ല. കൈയേറ്റക്കാരനായ തോമസ് ചാണ്ടി എംഎല്‍എ സ്ഥാനവും രാജിവെക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: