വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു

Wednesday 15 November 2017 9:57 pm IST

കല്‍പ്പറ്റ: ചുരം സംരക്ഷണത്തിന്റെ പേരില്‍ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍ സ്വീകരിച്ച നടപടികളുടെ മറവില്‍ വൈത്തിരിയില്‍ നടത്തികൊണ്ടിരുന്ന വയല്‍ നികത്തല്‍ തടഞ്ഞു. ജില്ലയി ല്‍ പാര്‍ക്കിംഗിന് വയല്‍ നികത്താന്‍ അനുമതി കൊടുത്തത് അറിയില്ലെന്ന് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോഴിക്കോട് ജില്ല യില്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ഇവിടെയും അറിയിക്കേണ്ടതാണെ ന്നും അവര്‍ പറഞ്ഞു. അനധികൃത വയല്‍ നികത്തലിനെകുറിച്ച് അന്വേഷണം നടത്തുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരിയും പറഞ്ഞു. ലക്കിടിയില്‍ വന്‍തോതില്‍ വയലുകളും ചതുപ്പുകളും മണ്ണിട്ട് നികത്തിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. നവംബര്‍ ഒന്നുമുതല്‍ ചുരത്തില്‍ വാഹന പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പകരം ലക്കിടിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ആളുകള്‍ക്ക് ചുരത്തിലേക്ക് നടന്നുവന്ന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ് അനുമതിയുള്ളത്. പാര്‍ക്കിംഗ് സ്ഥലം ഒരുക്കുന്നതിന്റെ മറവില്‍ ചുരത്തിന്മുകളില്‍ ലക്കിടിയിലാണ് വയലുകളും ചതുപ്പുകളും നികത്തിയത്. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെട്ടിരുന്ന ലക്കിടിയില്‍ നിലവില്‍ മഴയുടെ അളവ് കുറഞ്ഞുവെങ്കിലും വയനാട്ടില്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശം ലക്കിടി തന്നെയാണ്. വയനാട്ടിലെ മിക്ക നദികളുടെയും പ്രഭവ സ്ഥാനവും ലക്കിടിയാണ്. പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയില്‍ അധികൃതരുടെ ഒത്താശയോടെ കൂറ്റന്‍ ഫഌറ്റുകളും സുഖവാസ കേന്ദ്രങ്ങളും ഹോട്ടലുകളും ഉയരുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ ചതുപ്പുകള്‍ നികത്താതിരിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ് ചുരം സംരക്ഷണത്തിന്റെ മറവില്‍ ചതുപ്പുകള്‍ നികത്താന്‍ ഉടമകള്‍ക്ക് അവസരം ലഭിച്ചത്. പാര്‍ക്കിംഗിന് സ്ഥലം ന ല്‍കാമെന്ന കരാറിലാണ് ഉടമകള്‍ സ്ഥലം നിരത്തിയത്. എന്നാല്‍ നാമമാത്രമായ കരാര്‍ കാലയളവു കഴിഞ്ഞാല്‍ നികത്തിയ സ്ഥലത്ത് ഉടമക്ക് മറ്റ് സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയുക വഴി ലക്കിടിയുടെ ജൈവീക ആവാസ വ്യവസ്ഥയെ കൊന്നൊടുക്കാനാണ് അധികൃതര്‍ കൂട്ടുനില്‍ക്കുന്നത്. നിലവില്‍ വയല്‍ നികത്തുന്നതിന് നിയമം അനുവദിക്കുന്നില്ല. വാഹനപാര്‍ക്കിംഗിന്റെ മറവി ല്‍ ചുതുപ്പ് നികത്തിക്കഴിഞ്ഞാല്‍ ജനരോക്ഷം ഉണ്ടാകില്ലെന്നും പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നുമാണ് ഉടമകളുടെ കണക്കുകൂട്ടല്‍. ലക്കിടിയില്‍ വയലുകളും ചതുപ്പുകളും നികത്തിയതിന് ഏകദേശം 150 മീറ്റര്‍ അകലെയായി സര്‍ക്കാര്‍ ഭൂമിയുണ്ട്. ഈ സ്ഥലം വൃത്തിയാക്കിയാല്‍ പാര്‍ക്കിംഗിന് ഉപയോഗിക്കാമെന്നിരിക്കെയാണ് പരിസ്ഥിതിക പ്രാധാന്യമുളള സ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നത്. ലക്കിടിയില്‍ പാര്‍ക്കിംഗ് സംവിധാനം ഒരുക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തിന്റെ മറവില്‍ നിയമവിരുദ്ധമായി രാത്രികാലങ്ങളിലടക്കമാണ് ചതുപ്പുകള്‍ നിരത്തിയത്. വ്യക്തിഗത നിര്‍മ്മാണങ്ങള്‍ക്കൊഴികെയുള്ള ഏതുതരം കുന്നിടിക്കലിനും നികത്തലിനും പാരിസ്ഥിതിക അനുമതി വേണമെന്ന 2014ലെ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെയാണ് ലക്കിടിയില്‍ ചതുപ്പ് നികത്തിയത്. ജൈവപ്രാധാന്യമുള്ളതും മഴക്കുഴികള്‍ക്ക് പോലും നിയന്ത്രണമുള്ളതും ഭൂമി നിരങ്ങല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതുമായ ഭൂപ്രദേശമാണ് ലക്കിടി. ഈ പ്രദേശത്ത് നടത്തുന്ന കുന്നിടിക്കലം വയല്‍ നികത്തലും പ്രകൃതിദുരന്തങ്ങള്‍ക്കും കാലാവസ്ഥാവ്യതിയാനങ്ങള്‍ക്കും വഴിതെളിക്കും. ചുരത്തില്‍ ഗതാഗതക്കുരുക്കിന് വഴിതെളിക്കുന്നതും സുരക്ഷാ ഭീതി ഉയര്‍ത്തുന്നതും ടോറസ് ലോറികളും അമിത ഭാരവുമായി വരുന്ന ടിപ്പര്‍, കണ്ടെയ്‌നര്‍ ലോറികളുമാണ്. ഇവ നിയന്ത്രിക്കാതെ വാഹന പാര്‍ക്കിംഗിന്റെ പേരില്‍ ലക്കിടിയിലെ ചതുപ്പുനിലങ്ങള്‍ നികത്താനുള്ള നീക്കത്തില്‍ ദുരൂഹതയുണ്ട്. ആംബുലന്‍സുകളടക്കം ചുരത്തില്‍ കുടുങ്ങുന്നത് വലിയ വാഹനങ്ങള്‍ കാരണമാണ്. ചുരം റോഡ് തകരുന്നതിന് കാരണവും അമിത ഭാരം കയറ്റിയ വലിയ ലോറികളാണ്. ഇവ നിയന്ത്രിക്കുന്നത് നടപടി സ്വീകരിക്കുന്നതിനു പകരം പരിസ്ഥിതി നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും ആലോചിക്കുന്നുണ്ടെന്ന് ഗ്രീന്‍ക്രോസ് ഭാരവാഹികളായ അബു പൂക്കോട്, സക്കീര്‍ വൈത്തിരി, ബോണി കെയര്‍, നൗഫല്‍ എന്നിവര്‍ പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.