ശബരിമല സീസണ്‍: കുമളിയില്‍ ഒരുക്കങ്ങള്‍ യോഗത്തില്‍ അവസാനിച്ചു

Wednesday 15 November 2017 10:09 pm IST

കുമളി: ഈ വര്‍ഷത്തെ ശബരിമല സീസണ്‍ ഇന്ന് മുതല്‍ തുടങ്ങുമ്പോഴും പ്രധാന ഇടത്താവളമായ കുമളിയില്‍ ഔദ്യോഗിക ക്രമീകരണങ്ങള്‍ എങ്ങുമെത്തിയില്ല. ഇതുമായി ബന്ധപ്പെട്ട ഒരു ആലോചന യോഗം ചേരുക മാത്രമാണ് ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കളും പങ്കെടുത്ത യോഗത്തില്‍ അയ്യപ്പ ഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കണമെന്ന പൊതുതീരുമാനം ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ മെല്ലെപോക്ക് നയമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും പഞ്ചായത്ത് അധികൃതരും സ്വീകരിച്ചത്. ജലസേചന വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നത് വിവിധമായിരുന്നു. തുടര്‍ന്ന് വരുന്ന രണ്ട് മാസത്തിനിടെ ലക്ഷകണക്കിന് തീര്‍ത്ഥാടകരും ആയിരക്കണക്കിന് വാഹനങ്ങളും കുമളി വഴി കടന്നു പോകും. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനും യാതൊരു ക്രമീകരണവും തയ്യാറായിട്ടില്ല. ശുദ്ധജല വിതരണത്തിന് താത്ക്കാലിക സൗകര്യങ്ങളും ജലസേചന വകുപ്പ് സജ്ജമാക്കിയിട്ടില്ല. വാഹന പാര്‍ക്കിങ് ക്രമീകരണവും, ഗതാഗത കുരുക്ക് ഒഴിവാക്കി സുഗമമായ യാത്ര സംവിധാനവും സജ്ജമാകേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.