നട തുറന്നു; ഇനി ശബരീശ സന്നിധിയിലേക്ക്

Wednesday 15 November 2017 10:24 pm IST

ശബരിമല മേല്‍ശാന്തിയായി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കലശമാടി അവരോധിക്കുന്നു

ശബരിമല: മണ്ഡല മഹോത്സവത്തിനായി ഇന്നലെ ശബരിമല നട തുറന്നു. ഇനി കറുപ്പുടുത്ത് മുദ്രയണിഞ്ഞ ഭക്തജനലക്ഷങ്ങള്‍ സന്നിധാനത്തേക്ക്. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് തിരുനട തുറന്നത്. യോഗനിദ്രയില്‍ നിന്ന് അയ്യപ്പസ്വാമിയെ ഉണര്‍ത്തി ഭക്തജന സാന്നിധ്യം അറിയിച്ച് ശ്രീലകത്ത് നെയ്‌വിളക്ക് കൊളുത്തി. തുടര്‍ന്ന് ഗണപതിനടയും നാഗര്‍നടയും തുറന്നശേഷം പതിനെട്ടാംപടി ഇറങ്ങി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിച്ചു.

വൈകിട്ട് ഏഴിന് പുതിയ മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങ് നടന്നു. സോപാനത്ത് പത്മമിട്ട് കലശപൂജയ്ക്കു ശേഷം നിയുക്ത മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഒറ്റക്കലശമാടി. തുടര്‍ന്ന് തന്ത്രി മേല്‍ശാന്തിയെ കൈപിടിച്ച് ശ്രീലകത്തേക്ക് ആനയിച്ച് ഭഗവാന്റെ മൂലമന്ത്രം കാതില്‍ ഓതി. മാളികപ്പുറം മേല്‍ശാന്തിയായി അനീഷ് നമ്പൂതിരിയേയും അവരോധിച്ചു.

രാത്രി 10ന് നടയടച്ചശേഷം ശ്രീകോവിലിന്റെ താക്കോല്‍ സ്ഥാനമൊഴിയുന്ന മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ ഏല്‍ പ്പിച്ചു. തുടര്‍ന്ന് താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറി. വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിയാണ് നട തുറക്കുക.

ദീപ പ്രപഞ്ചത്തിന് ആധാരമൂര്‍ത്തിയായ കാനനവാസനെ ദര്‍ശിക്കുന്നതിനായി ആയിരക്കണക്കിന് ഭക്തരാണ് സന്നിധാനത്ത് എത്തിയിരുന്നത്. ദേവസ്വംബോര്‍ഡംഗം രാഘവന്‍, ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററും എഡിജിപിയുമായ സുധേഷ്‌കുമാര്‍, ഐജി മനോജ് എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.