ചാണ്ടിയുടെ രാജി, ഫലത്തില്‍ രാജിയായത് പിണറായി

Thursday 16 November 2017 8:31 am IST

ചാണ്ടി രാജിവെച്ചതോടുകൂടി പൊല്ലാപ്പുകള്‍ തീരുകയല്ല പുതിയ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ ജനിക്കുകയാണ്. അമ്പുകള്‍ തോമസ് ചാണ്ടിയിലേക്കല്ല പിണറായി വിജയനിലേക്കാണ്. ഫലത്തില്‍ ചാണ്ടിയുടെ രാജി തീരെകൊച്ചാക്കിയത് പിണറായിയെയാണ്. നേരത്തെ സംഭവിക്കേണ്ടുന്ന രാജി വൈകിപ്പിച്ചത് പിണറായി മാത്രമാണ്. കൊട്ടിഘോഷിക്കുന്ന പിണറായിയുടെ ആര്‍ജവം വെറും ശൂന്യതയാണെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ മാത്രമല്ല കേരളീയരാകമാനം മനസിലാക്കിക്കഴിഞ്ഞു. എല്ലാവരും വെറുത്തിട്ടും ശത്രുവായിട്ടും കോടതിപോലും രൂക്ഷമായി വിമര്‍ശിച്ചിട്ടും അഴിമതിക്കാരനായചാണ്ടിയുടെ നാണംകെട്ട രക്ഷകനാകുകയായിരുന്നുയായിരുന്നു അവസാനം വരെ പിണറായി. അവസാന നിമിഷംവരെ കടക്കൂ പുറത്തെന്നു പറയാന്‍ തന്റേടമില്ലാത്ത പിണറായിയെ രാജിവെച്ച് ഒരര്‍ഥത്തില്‍ രക്ഷിക്കുകയായിരുന്നു തോമസ് ചാണ്ടി!പൊതുകാര്യങ്ങളില്‍ നിര്‍ണ്ണായക നിമിഷങ്ങളില്‍ സാമാന്യ ബുദ്ധിക്കു നിരക്കാത്ത അടവുനയം കാട്ടി വെട്ടിലാകുന്ന സിപിഎം പിണറായിയിലൂടെ ചാണ്ടി വിഷയത്തില്‍ കൂടുതല്‍ വെട്ടിലായി. ജനങ്ങളുടെ പേരു പറയുകയും അധികാരത്തില്‍ ജനവികാരം ഒരിക്കലും മാനിക്കാത്ത സിപിഎം പിണറായിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുവരുന്ന ഏകാധിപത്യം അതിന്റെ ഏറ്റവും ജീര്‍ണ്ണമായ രൂപമാണ് ചാണ്ടി വിഷയത്തില്‍ കാട്ടിയത്. ആകെ പതിനാറുമാസമായ പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍നിന്നും മൂന്നു മന്ത്രിമാരാണ് രാജിവെച്ചത്. അതില്‍ തന്നെ എന്‍സിപിയില്‍ നിന്നും രണ്ടുപേര്‍. ഇനി അടുത്തതാര് എന്നാണ് എല്ലാവരും ചോദിക്കുന്നത്. സോളാര്‍ വിഷയത്തില്‍ ഉമ്മന്‍താണ്ടിയേയും കൂട്ടരേയും ശരിയാക്കി എന്നു സ്വയം നെഗളിക്കുന്ന പിണറായിക്ക് ആ വിഷയത്തില്‍ മുന്നിലേക്കു പോകാനാകാതെ പരുങ്ങലിലായപ്പോള്‍ തന്നെയാണ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രി കാട്ടേണ്ട ന്യായത്തിനു പകരം കൊള്ളരുതായ്മയ്ക്കു കുടപിടിച്ചുവെന്ന വന്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ചാണ്ടി രാജിവെക്കുംവരെ ആ വിഷയത്തില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ എല്ലാംതന്നെ ചാണ്ടി പറയുന്നതായിരുന്നു കാര്യങ്ങള്‍. മുഖ്യമന്ത്രിയായ പിണറായിയെ മൂലക്കിരുത്തിയായിരുന്നു ചാണ്ടിയുടെ വെല്ലുവിളികള്‍. വെല്ലുവിളിച്ചുകൊണ്ടു തന്നെയായിരുന്നു ചാണ്ടിയുടെ രാജിയും. ചാണ്ടി വിഷയത്തില്‍ മന്ത്രി സഭായോഗത്തില്‍ നിന്നും വിട്ടുനിന്നുകൊണ്ട് സിപിഎം എന്ന ജന്മിയുടെ അടിയാനല്ല സിപിഐ എന്നുതെളിയിച്ചതും പിണറായിക്ക് അടിയായി. പിന്നീട് സിപിഐയെ പിണറായി രൂക്ഷമായി വിമര്‍ശിച്ചതും കൂനിന്മേല്‍ കുരുവായിട്ടുണ്ട്. പി.ജയരാജന്റെ മഹത്വവല്‍ക്കരണത്തിനെതിരെ പാര്‍ട്ടിയില്‍ പുതുതായി ഉരുണ്ടുകൂടിയിട്ടുള്ള പ്രശ്‌നങ്ങളും അതിന്റെപേരിലുള്ള അടിയൊഴുക്കുകളും കണ്ണൂരിലെ വിഭാഗിയതയുമൊക്കെ തനിക്കുമേല്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുവരവെയാണ് ചാണ്ടിവിഷയത്തില്‍ പിണറായി തീരെ വിലയില്ലാതായിപ്പോയത്. പക്ഷേ എന്തുകൊണ്ട് അവസാന നിമിഷംവരെ അറിഞ്ഞുകൊണ്ട് പിണറായി വിജയന്‍ തോമസ്ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് കൂടുതല്‍ ദുരൂഹതയുണ്ടാക്കുന്നുണ്ട്. ചില മാധ്യമങ്ങള്‍ പറയുന്നതുപോലെ കിളിരൂര്‍ കേസിലെ ശാരി എസ്.നായര്‍ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ പീഡിപ്പിക്കപ്പെട്ടതിന്റേയും മറ്റും സിഡിയില്‍ വേണ്ടപ്പെട്ടവരാരെങ്കിലും ഉള്ളതുകൊണ്ടാണോ. അല്ലെങ്കില്‍ പിന്നെ ചാണ്ടിക്കു ഇത്രത്തോളം വിലപേശാനുള്ള ബലം എവിടെന്നു കിട്ടി.കാലത്തിന്റെ കാവ്യനീതി എങ്ങനെയൊക്കെവരുമെന്ന് ആരറിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.