യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമണത്തിന്‌ പിന്നില്‍ അല്‍-ഖ്വയ്ദ

Monday 17 September 2012 3:33 pm IST

വാഷിംഗ്ടണ്‍/ബെന്‍ഗാസി: യുഎസ്‌ കോണ്‍സുലേറ്റ്‌ ആക്രമിച്ച്‌ സ്ഥാനപതി ഉള്‍പ്പെടെ നാല്‌ പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിന്‌ പിന്നില്‍ ഭീകര സംഘടനയായ അല്‍‌-ഖ്വയ്ദയാണെന്ന്‌ ലിബിയന്‍ ഇടക്കാല പ്രസിഡന്റ്‌ മുഹമ്മദ്‌ എല്‍-മെഗരിവ്‌ വ്യക്തമാക്കി. ആക്രമണത്തിന്‌ പദ്ധതി തയ്യാറാക്കിയത്‌ അല്‍‌-ഖ്വയ്ദയാണെന്ന്‌ പറയാന്‍ തനിക്ക്‌ അത്ഭുതമില്ല. സെപ്റ്റംബര്‍ 11 ന്‌ തന്നെ ആക്രമണത്തിന്‌ തെരഞ്ഞെടുത്തതാണെന്ന്‌ കരുതുന്നു. അക്രമികള്‍ മുന്‍കൂട്ടി പരിശീനം സിദ്ധിച്ച്‌ ആക്രണത്തിനായി കരുതിയിരിക്കുകയായിരുന്നുവെന്നും പ്രസിഡന്റ്‌ പറഞ്ഞു. ഇസ്സാം വിരുദ്ധ വിവാദ സിനിമയെ ചൊല്ലിയാണ്‌ ആക്രമണം പൊട്ടിപ്പുറപ്പെട്ടതെന്ന യു.എസ്‌ വാദത്തിന്‌ ഘടകവിരുദ്ധമാണ്‌ ലിബിയയുടെ ഈ വെളിപ്പെടുത്തല്‍. സംഭവത്തില്‍ യുഎസ്‌ നടത്തുന്ന അന്വേഷണത്തില്‍ ലിബിയന്‍ സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സിനിമക്കെതിരായി പ്രതിഷേധം യൂറോപ്പിലേക്ക്‌ പടരുന്നു. ഇറ്റലി, തുര്‍ക്കി, സ്പെയിന്‍ അടക്കമുള്ള രാജ്യങ്ങളില്‍ വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അമേരിക്കന്‍ പതാകകള്‍ കത്തിച്ചു. അമേരിക്കന്‍ എംബസിക്ക്‌ മുന്‍പില്‍ നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. അമേരിക്കയും സഖ്യരാജ്യങ്ങളും അവരുടെ നയതന്ത്ര പ്രതിവിധികളെ തിരിച്ചുവിളിക്കാന്‍ തുടങ്ങി. പാക്കിസ്ഥാനില്‍ നടന്ന പ്രതിഷേധ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട്‌ പേര്‍ മരിച്ചു. കറാച്ചിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന്‌ മുന്‍പില്‍ നടന്ന പ്രതിഷേധമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌. വിവാദ സിനിമയുടെ പശ്ചാത്തലത്തില്‌ അമേരിക്കക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ ഭീകരവാദ സംഘടനയായ ഹിസ്ബുള്ള ആഹ്വാനം ചെയ്തു. അനുയായികള്‍ക്കായി ടെലിവിഷനിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ്‌ ഹിസ്ബുള്ള നേതാവ്‌ ഷെയ്ഖ്‌ ഹസന്‍ നസ്‌റുള്ള പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്തത്‌. ചിത്രത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംരക്ഷിക്കുന്ന അമേരിക്ക കണക്കുപറയേണ്ടിവരുമെന്ന്‌ നസ്‌റുള്ള പറഞ്ഞു. പ്രതിഷേധക്കാര്‍ യുഎസ്‌ എംബസികള്‍ക്ക്‌ നേരെ രോഷം പ്രകടിപ്പിച്ചാല്‍ പോരെന്ന്‌ പറഞ്ഞ നസ്‌റുള്ള അമേരിക്കയ്ക്കും പാശ്ചാത്യ ലോകത്തിനുമെതിരെ മുസ്ലീം രാജ്യങ്ങളിലെ ഭരണാധികാരികള്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഖുറാനെയും പ്രവാചകനേയും മാനിക്കാന്‍ ഇവരെ പഠിപ്പിക്കേണ്ടത്‌ മുസ്ലീം ഭരണാധികാരികളുടെ ഉത്തരവാദിത്വമാണെന്നും നസ്‌റുള്ള പറഞ്ഞു. കഴിഞ്ഞ ദിവസം അല്‍ഖ്വയ്ദയുടെ അറബ്‌ മേഖലാ ഘടകവും യുഎസിനെതിരെ ശക്തമായ പ്രതിഷേധത്തിന്‌ ആഹ്വാനം നല്‍കിയിരുന്നു. അമേരിക്കന്‍ സംവിധായകന്റെ "ഇന്നസെന്‍സ്‌ ഓഫ്‌" മുസ്ലീംസ്‌ എന്ന ചിത്രമാണ്‌ വിവാദമായത്‌. പ്രവാചകന്‍ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ്‌ ആരോപണം. ചിത്രത്തിന്റെ ഇന്റര്‍നെറ്റ്‌ ക്ലിപ്പിങ്ങുകളാണ്‌ പ്രതിഷേധത്തിനിടയാക്കിയത്‌. വിവാദചിത്രം ഇന്ത്യയില്‍ നിരോധിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.