നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഒരാഴ്ചയ്ക്കകം

Thursday 16 November 2017 12:00 pm IST

  കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായി അന്തിമമായ ചില വ്യക്തതകള്‍ കൂടി തേടിയാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം നടന്‍ ദിലീപിനേയും സഹോദരന്‍ അനൂപിനേയും ചോദ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ പോലീസ് ക്ലബ്ബില്‍ എസ്.പി സുദര്‍ശന്റെയും എസ്.ഐ ബിജു പൗലോസിന്റെയും നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ ഏകദേശം രണ്ടര മണിക്കൂറോളം നീണ്ടു. നോട്ടീസ് നല്‍കി ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ പത്തരയോടെ പോലീസ് ക്ലബിലെത്തിയ ദിലീപ് ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെയാണ് പോലീസ് ക്ലബ്ബില്‍ നിന്ന് മടങ്ങിയത്. ദിലീപ് സമര്‍പ്പിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അനൂപ് ഏതാനും സാക്ഷികളെ കാണാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചതിന്‍റെ അടിസഥാനത്തിലായിരുന്നു അനൂപിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച ദിവസം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ദിലീപ് ഹാജരാക്കിയിരുന്നത്. എന്നാല്‍, പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.