അമ്മയുടെ വസ്തുവിന് മക്കളുടെ കലഹം

Thursday 16 November 2017 2:45 pm IST

തിരുവനന്തപുരം: വസ്തുസ്വന്തമാക്കാനായി നാലുമക്കളുടെ കലഹത്തിനിടയില്‍പ്പെട്ട് നട്ടം തിരിയുന്ന ഒരമ്മയുടെ ദുഃഖം വനിതാകമ്മീഷന്‍ അദാലത്തിലെത്തി. നാലര സെന്റ് ഭൂമി സ്വന്തമാക്കാനായി നാലുമക്കളും നടത്തുന്ന നിയമയുദ്ധത്തില്‍ വയോജന സംരക്ഷണനിയമം പ്രയോഗിക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. ഇതോടെ മക്കള്‍ അമ്മയെ സംരക്ഷിക്കാമെന്ന നിലപാടിലെത്തി. ഒത്തുതീര്‍പ്പിനൊടുവില്‍ ഓരോസെന്റ് ഭൂമിവീതം നാലുമക്കള്‍ക്കും വീതം വച്ച് ബാക്കിയുള്ള അരസെന്റിലെ വീട്ടില്‍ സ്വസ്ഥമായി ജീവിക്കാമെന്ന് അമ്മ കമ്മീഷനെ അറിയിച്ചു. വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരികളെ പഞ്ചായത്ത് ജീവനക്കാര്‍ ആക്ഷേപിക്കുന്നെന്ന പരാതി കമ്മീഷന് മുന്നിലെത്തി. ഡിപ്പോയോട് ചേര്‍ന്ന് പൊതുശുചിമുറി സ്ഥാപിച്ചതായി പരാതിയില്‍ പറയുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ കേസുള്ളതിനാല്‍ പോലീസ് റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാന്‍ തീരുമാനമായി. വൃദ്ധനെതിരെ പീഡനശ്രമത്തിന് യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. സംശയരോഗിയായ ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ ആര്‍മി കമാന്‍ഡര്‍ വനിതാ കമ്മീഷനെ സമീപിച്ചു. ഇദ്ദേഹവും ഭാര്യയും ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ ശേഷം വിവാഹിതരായവരാണ്. ആദ്യ ബന്ധത്തില്‍ ഇരുവര്‍ക്കും ഓരോ കുട്ടികളുമുണ്ട്. ദമ്പതികളെ കൗണ്‍സിലിംഗിനയച്ചു. പരിഗണനയ്ക്ക് വന്ന 150 കേസുകളില്‍ 64 എണ്ണത്തില്‍ ഇന്നലെ തീര്‍പ്പായി. 77 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. ആറ് കേസുകളില്‍ പോലീസ് റിപ്പോര്‍ട്ട് തേടാനും മൂന്ന് കേസുകളില്‍ ദമ്പതികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.