ജിഎസ്ടി: മുഖം തിരിച്ച് കേരളം

Thursday 16 November 2017 8:40 pm IST

ഏകീകൃത ചരക്കുസേവന നികുതിയില്‍ സമീപഭാവിയില്‍ വലിയ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ജിഎസ്ടി നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുമെന്ന ജിഎസ്ടി മന്ത്രിതല സമിതി കണ്‍വീനര്‍ സുശീല്‍കുമാര്‍ മോദിയുടെ വെളിപ്പെടുത്തലാണ് ഏറെ പ്രതീക്ഷയ്ക്ക് വകനല്‍കുന്നത്. നിലവില്‍ 5,12,18,28 എന്നിങ്ങനെ നാലു സ്ലാബുകളിലായാണ് ജിഎസ്ടിയില്‍ നികുതി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് സമീപഭാവിയില്‍ രണ്ട് സ്ലാബുകളിലേക്ക് മാറുമ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്കായ 5,12 എന്നീ നികുതികള്‍ മാത്രം നിലനില്‍ക്കാനാണ് സാധ്യത. ജിഎസ്ടി വരുന്നതിന് മുമ്പ് മുപ്പതും നാല്‍പ്പതും അതിലധികവും നികുതി നല്‍കിയിരുന്ന ഉല്‍പ്പന്നങ്ങളായിരുന്നു ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്. എന്നാല്‍ ജിഎസ്ടി യാഥാര്‍ത്ഥ്യമായതോടെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 28 ശതമാനത്തിലേക്ക് ചുരുങ്ങി. ഏറ്റവും കുറഞ്ഞ നിരക്ക് അഞ്ചിലേക്കും എത്തി. അമ്പതില്‍ താഴെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഉയര്‍ന്ന നികുതി നിരക്കായ 28 ല്‍ നിലവിലുള്ളത്. ബാക്കിയെല്ലാം 5,12 തുടങ്ങിയ കുറഞ്ഞ നികുതി നിരക്കിലേക്ക് മാറിക്കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ഒഴിവാക്കി നടപ്പാക്കിയ ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഇനിയും പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നിട്ടില്ല. നികുതി വെട്ടിപ്പ് നടത്തുന്ന വലിയ വിഭാഗം വ്യാപാരി സമൂഹവും, അവര്‍ക്ക് കാലാകാലങ്ങളായി കൂട്ടുനിന്ന രാജ്യത്തെ നികുതി വകുപ്പിലെ ഇത്തിള്‍ കണ്ണികളുമാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലെ യഥാര്‍ത്ഥ വെല്ലുവിളി. നികുതി നിരക്കുകള്‍ കുറഞ്ഞെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ വലിയ തടസ്സങ്ങളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്. ചരക്കു സേവന നികുതിയിലെ നികുതിയിളവുകളുടെ ഗുണം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കര്‍ശന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി പ്രകാരമുള്ള വിലക്കുറവില്‍ കൃത്രിമം കാണിച്ചാല്‍ ഒരു ലക്ഷം രൂപവരെ പിഴയും ഒരു വര്‍ഷം തടവും അനുഭവിക്കേണ്ടി വരുമെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഉത്പന്നങ്ങളില്‍ പരമാവധി വില (എംആര്‍പി) കര്‍ശനമായും രേഖപ്പെടുത്തണം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ആദ്യതവണ പിടിക്കപ്പെട്ടാല്‍ 25000 രൂപയും, പിന്നീട് അരലക്ഷം, ഒരു ലക്ഷം രൂപ എന്നിങ്ങനെയും പിഴയടക്കണം. ഇതിനു പുറമെയാണ് ജയില്‍ ശിക്ഷ. ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കാന്‍ ഉപഭോക്തൃ മന്ത്രാലയത്തിന് കീഴില്‍ സമിതിയും ഹെല്‍പ് ലൈനുകളും പ്രവര്‍ത്തിക്കുന്നുമുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ജിഎസ്ടി അട്ടിമിറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമ്പോള്‍, എല്ലാം കേന്ദ്രസര്‍ക്കാര്‍ വേണേല്‍ ചെയ്യണം എന്ന നിഷേധാത്മക നിലപാടിലാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. 18 ശതമാനം ആയിരുന്ന ഹോട്ടല്‍ നികുതി കേവലം അഞ്ച് ശതമാനത്തിലേക്ക് കുത്തനെ കുറച്ചിട്ടും സാധാരണക്കാരന് അതിന്റെ പ്രയോജനം ലഭിക്കാതെ ഭക്ഷണ വില വര്‍ദ്ധിപ്പിക്കുന്ന ഹോട്ടലുകള്‍ മുതല്‍ ജിഎസ്ടിയെ രാഷ്ട്രീയ ആയുധമാക്കുന്ന കേരളത്തിലെ സര്‍ക്കാര്‍വരെ ജിഎസ്ടി സംവിധാനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ചരക്കുസേവന നികുതി കുറച്ചാലും വില കുറയുമെന്ന് പ്രതീക്ഷ വേണ്ടെന്ന് കേരളം മുഴുവന്‍ പ്രസംഗിച്ചു നടക്കുന്ന സംസ്ഥാന ധനമന്ത്രി കഴിവുകേടിന്റെ പര്യായമായി മാറിയിരിക്കുന്നു. ജിഎസ്ടി നടപ്പാക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്ന ഒരുലക്ഷം കോടി രൂപയുടെ നികുതി ഇളവ് രാജ്യത്തെ സാധാരണക്കാരന് ലഭിക്കേണ്ട പണമാണ്. നികുതിയിളവിലെ ലാഭം കോര്‍പ്പറേറ്റുകളും കമ്പനികളും തട്ടിയെടുക്കുന്നത് തടയുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം നടപടികളെ യാഥാര്‍ത്ഥ്യമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്. കേരളം അതു നിര്‍വഹിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.