ഇനിയും നികുതി വര്‍ധനയോ?

Thursday 16 November 2017 8:54 pm IST

  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിട നികുതി, തൊഴില്‍ നികുതി, മറ്റു ലൈസന്‍സുകള്‍ക്കുള്ള ഫീസ് എന്നിവയൊക്കെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്ത കണ്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെട്ടിട നികുതി വര്‍ധിപ്പിക്കുകയും, പിന്നീടത് പിന്‍വലിക്കുകയും ചെയ്തു. പല കെട്ടിടങ്ങളിലേയും നികുതി രണ്ടും മൂന്നും ഇരട്ടിയാണ് വര്‍ധിപ്പിച്ചത്. കെട്ടിടത്തിന്റെ പഴക്കം, വിസ്തീര്‍ണം, തറ, മുറികള്‍, നിലം, ചുമര്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ വലിയ ചോദ്യാവലി പൂരിപ്പിച്ചയച്ചതിന്റെ അടിസ്ഥാനത്തിലാണ് നികുതി വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച സംഖ്യയില്‍ ഗ്രന്ഥശാലാവഴി സര്‍വീസ് ചാര്‍ജ്, സേവന ഉപനികുതി അങ്ങനെ ഒരു വര്‍ഷത്തേക്കു കണക്കാക്കി അര്‍ദ്ധവാര്‍ഷിക ഗഡുക്കളായി അടയ്ക്കാനായിരുന്നു ഡിമാന്റ് നോട്ടീസ് ലഭിച്ചിരുന്നത്. പിഴകൂടാതെ അടയ്ക്കാനുള്ള സമയം മാര്‍ച്ച് 31 ഉം പിഴയോടെ സെപ്തംബര്‍ 30 ആയി ക്രമപ്പെടുത്തിയിരുന്നു. പുതുക്കിയ നികുതി പലരും അടച്ചുകഴിഞ്ഞിരുന്നതിനാല്‍ കൂടുതലടച്ച സംഖ്യ വരുംവര്‍ഷങ്ങളിലെ നികുതിയിലേക്ക് അടയ്ക്കുകയാണ് ചെയ്തത്. പഞ്ചായത്തുകള്‍ ക്യാമ്പുകള്‍ നടത്തിയാണ് പലപ്പോഴും നികുതിപിരിക്കാറുള്ളത്. പുതിയ കെട്ടിടങ്ങളുടെ നികുതി നിര്‍ണയത്തിലും പലപ്പോഴും അപാകതകളുണ്ടാകാറുണ്ട്. കെട്ടിട പരിശോധനയിലും അപാകതകളും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയുള്ള സമീപനമില്ലായ്മയും കടന്നുകൂടാറുണ്ട്. പണ്ടൊക്കെ അഴിമതിക്ക് വഴിയൊരുക്കുന്ന സമ്പ്രദായങ്ങളും നിലവിലുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പുതിയ കെട്ടിടങ്ങളുടെ പരിശോധനയും നികുതിനിര്‍ണയവുമൊക്കെ ഏറെക്കുറെ സുതാര്യമായി നടക്കുന്നുണ്ടെന്നുതോന്നുന്നു. ലൈസന്‍സില്ലാതെ എത്രയോ സ്ഥാപനങ്ങളാണ് ഓരോ പഞ്ചായത്തിലും ഇന്നും പ്രവര്‍ത്തിക്കുന്നത്. പരിശോധനയും പിഴയൊടുക്കലുമൊക്കെ പലപ്പോഴും ഔപചാരികതയുടെ പരിവേഷം കലര്‍ന്ന് നാടകങ്ങളായി കലാശിക്കുന്നു. നികുതിദായകരില്‍നിന്നു ശക്തമായ ചെറുത്തുനില്‍പ്പുണ്ടായപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ നികുതി കുറയ്ക്കാന്‍ തയ്യാറായത്.

ചെറാട്ടു ബാലകൃഷ്ണന്‍, തലോര്‍, തൃശൂര്‍

അഹിന്ദുക്കളുടെ ക്ഷേത്രദര്‍ശനം അഹിന്ദുക്കളുടെ ക്ഷേത്രദര്‍ശനത്തെ സംബന്ധിച്ച് പത്മിനി ലക്ഷ്മീകാന്ത് ജന്മഭൂമിയില്‍ (04-11-2017) എഴുതിയത് വളരെ ശ്രദ്ധേയമാണ്. ക്ഷേത്രദര്‍ശനം ആഗ്രഹിക്കുന്ന അഹിന്ദുക്കള്‍ ഗണപതി ഹോമം, പ്രായച്ഛിത്ത പൂജകള്‍ എന്നിവ ചെയ്യേണ്ടതുണ്ടെന്ന് പത്മിനി ഓര്‍മിപ്പിക്കുന്നു. ഇക്കാര്യം പണ്ഡിതസഭയില്‍ വീണ്ടും പരിശോധിച്ച് വേണ്ടതായ ഭേദഗതികള്‍ ചെയ്യാവുന്നതാണ്. ഒരു നിലവിളക്ക് കൊളുത്തിവപ്പിക്കുകപോലും ചെയ്യാതെ അന്യമതസ്ഥര്‍ക്ക് ക്ഷേത്രദര്‍ശനത്തിന് അനുവാദം കൊടുക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല.

സി. പരമേശ്വരന്‍, പോട്ടോര്‍, തൃശൂര്‍

'ഒന്‍പത് 'തെറ്റ് ഒന്‍പ് അല്ലേ ശരി? മലയാളികളുടെ (എനിക്കു തോന്നുന്ന) ഒരു തെറ്റ് ചൂണ്ടിക്കാണിക്കാനാണ് ഈ കത്തെഴുതുന്നത്. മലയാളത്തിലുള്ള, ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെയുള്ള അക്കങ്ങളുടെ ഉച്ചാരണത്തില്‍ ആദികാലം മുതല്‍ തുടങ്ങിയതാണ് ഈ തെറ്റ്. അതായത് 1-2-3...........8-9-10 എന്നുള്ള അക്കങ്ങളില്‍ ഒന്‍പത് എന്നാണ് നമ്മള്‍ ഉച്ചരിക്കുന്നത്. ഒന്‍-പത് എന്നതില്‍, 'പത്' 10-ാം സ്ഥാനത്തെയാണ് സൂചിപ്പിക്കുന്നത്. അപ്പോള്‍ ഒന്ന്, രണ്ട്..............ഏഴ്, എട്ട്, ഒമ്പ് എന്നാണ് ശരിയായി വേണ്ടത്, 10 ലാണ് പത്താം സ്ഥാനം. മറിച്ച് ഒന്‍പത്, ഇരുപത്-ഇരുപത്തേഴ്, ഇരുപത്തെട്ട്, ഇരുപത്തൊമ്പ്, എഴുപത്, എണ്‍പത്, ഒന്‍പത്, നൂറ്-എഴുന്നൂറ്, എണ്ണൂറ്, തൊണ്ണൂറ്-ഏഴായിരം, എണ്ണായിരം, ഒമ്പായിരം (തൊള്ളായിരം) എന്നിങ്ങനെയാണ് ശരിയായി വേണ്ടത്. പണ്ട് ഒരു കൊച്ചുകുട്ടി പറഞ്ഞ വാചകം ഓര്‍മ്മവരുന്നു. കുട്ടി പറയുന്നു, എനിക്ക് ആയിരമല്ല, രണ്ടായിരമല്ല, തൊള്ളായിരം കളിപ്പാട്ടങ്ങളുണ്ടെന്ന്. നമ്മള്‍ കുട്ടിയെ കളിയാക്കി, തമാശയോടെ കുട്ടിയുടെ തെറ്റ് സൂചിപ്പിക്കുന്നു. പക്ഷേ തെറ്റ് കുട്ടിക്ക് പറ്റിയിട്ടില്ല. നമ്മള്‍ ചെറുപ്പത്തിലേ തുടര്‍ന്നുവന്ന തെറ്റാണ്. നമ്മള്‍ക്കാണ് തെറ്റുപറ്റിയത്. ഇത് മലയാള ഭാഷാ സ്‌നേഹികള്‍ സൂക്ഷ്മമായി ആലോചിക്കേണ്ട ഒരു സംഗതിയാണ്. ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ഈ തെറ്റ് കാണുന്നില്ല.

സി. വി. വാസുദേവന്‍, ഇടപ്പള്ളി, എറണാകുളം

നമുക്കീ മുഖംമൂടികള്‍ ഒന്നുമാറ്റിയാലോ? എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങളുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് പൊയ്മുഖങ്ങളും കടലാസു പൂവുകളും മണമില്ലാ പൂക്കളും വ്യാജന്മാരുമൊക്കെയാണ്. ഈശ്വരനു മുന്‍പിലും അഭിനയിക്കുന്ന അഭിനയക്കോമരങ്ങള്‍ ആനയാണെന്നാ ഭാവം. കിണ്ടന്‍ മാക്രിയാണെന്നത് വാസ്തവം. ചോദിക്കുന്നതുകൊണ്ട് വേറൊന്നും തോന്നരുത്. ഈ മുഖ്യമന്ത്രി എന്നുപറയുന്നത് ആരാ? എല്ലാവരേയും നയിക്കേണ്ടയാള്‍. ഇങ്ങനെ നയിച്ചാ മതിയോ? വോട്ടുകിട്ടാന്‍ ആരേയും തൊഴുതു കാലില്‍പിടിക്കുന്നയാള്‍ ദേവദേവനായ അയ്യപ്പനെ തൊഴുന്നില്ല. അങ്ങോട്ടു നോക്കുന്നില്ല. ഒരു കണക്കിന് നോക്കാത്തതും ഭാഗ്യം. നോക്കുന്നിടമെല്ലാം നശിപ്പാണെന്നാണ് സംസാരം. പടയൊരുക്കുന്നവരെയും പടയിളക്കുന്നവരെയും പടിയിറക്കി പിണ്ഡം വയ്‌ക്കേണ്ട കാലം കഴിഞ്ഞു. ആത്മാര്‍ത്ഥതയുള്ള വെറും രണ്ടുപേര്‍ മതി ബിജെപി തരംഗത്തെ കൊടുങ്കാറ്റാക്കാനെന്ന് നാം കണ്ടുകഴിഞ്ഞു. നരേന്ദ്ര മോദിയും അമിത്ഷായും. ഇനിയും എത്രയോ മഹാരഥന്മാര്‍ അവരോടൊപ്പമുണ്ട്. വേണ്ടത് മുഖംമൂടിയില്ലാത്ത രാഷ്ട്രീയം, ആത്മാര്‍ത്ഥത, സേവന മനോഭാവം, പാവങ്ങളോട് കരുണ, ദൈവ ഭയം, മര്യാദ, തിന്നുന്ന ചോറിനോട് കൂറ്. സര്‍വ്വോപരി ഭാരതമെന്ന രാജ്യത്തോട് അല്‍പം സ്‌നേഹം.

പി.കെ. ബാലകൃഷ്ണന്‍, പട്ടം, തിരുവനന്തപുരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.