പദ്മാവതി: പ്രതിഷേധം ശക്തം; റിലീസ് നീട്ടണമെന്ന് യുപി സര്‍ക്കാര്‍

Thursday 16 November 2017 9:28 pm IST

ന്യൂദല്‍ഹി: ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതി സിനിമക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഘര്‍ഷസാധ്യതയുള്ളതിനാല്‍ സിനിമയുടെ റിലീസ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. അക്രമങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ കത്തില്‍ സിനിമക്കെതിരെയുള്ള ജനവികാരം സെന്‍സര്‍ ബോര്‍ഡിനെ അറിയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഡിസംബര്‍ ഒന്നിന് സിനിമ റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ചിത്രത്തിനെതിരെ യുപിയില്‍ പ്രതിഷേധം ശക്തമാണ്. സ്ത്രീകളുള്‍പ്പെടെ വലിയ ജനക്കൂട്ടം തെരുവിലിറങ്ങുന്നു. സിനിമ റിലീസ് ചെയ്താല്‍ അക്രമപരമ്പരകള്‍ അരങ്ങേറുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. തീയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കാനും ക്രമസമാധാനം ഉറപ്പാക്കാനും കേന്ദ്ര സേനയെ അനുവദിക്കണമെന്നും യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നു മധ്യപ്രദേശ്, രാജസ്ഥാന്‍, കര്‍ണാടകം, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പടരുകയാണ്. കോലം കത്തിക്കല്‍, റോഡ് ഉപരോധം, ധര്‍ണ്ണ, നിരാഹാരം, പ്രതിഷേധ മാര്‍ച്ച് തുടങ്ങിയ പരിപാടികളില്‍ വലിയ ആള്‍ക്കൂട്ടമാണുള്ളത്. ജനുവരിയില്‍ രജപുത്ര കര്‍ണി സേന പ്രവര്‍ത്തകര്‍ ഷൂട്ടിങ് ലൊക്കേഷന്‍ ആക്രമിച്ച് ബന്‍സാലിയെ മര്‍ദ്ദിച്ചിരുന്നു. റാണി പത്മാവതിയുടെ പിന്തുടര്‍ച്ചക്കാരായ മേവാര്‍ രാജകുടുംബാംഗങ്ങളും സിനിമക്കെതിരെ രംഗത്തെത്തി. ബിജെപി എംഎല്‍എയും രാജകുടുംബാംഗവുമായ ദിയാ കുമാരിയും കോണ്‍ഗ്രസ് എംഎല്‍എയും ജാട്ട് നേതാവുമായ വിശ്വേന്ദ്ര സിങ്ങും സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ക്ഷത്രാണി മഹാസംഘ്, ജോഹാര്‍ ക്ഷത്രാണി സംഘ് തുടങ്ങിയ സംഘടനകള്‍ക്ക് കീഴില്‍ രജപുത്ര വനിതകളും പ്രതിഷേധം ശക്തമാക്കി. ധാരോഹര്‍ ബച്ചാവോ സമിതി, ശിവസേന, സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ തുടങ്ങിയ രജപുത്ര ഇതര വിഭാഗങ്ങളും രംഗത്തുണ്ട്. എന്നാല്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന സിനിമ പുറത്തിറങ്ങട്ടെയെന്ന നിലപാടിലാണ്. ഇതിനിടെ സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജിയെത്തിയെങ്കിലും തള്ളി. സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സിനിമക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ ഒന്നിന് കര്‍ണിസേന ദേശീയ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബന്‍സാലിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ചരിത്രം വളച്ചൊടിച്ചു? അധിനിവേശക്കാരനായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴ്‌പ്പെടാതെ മരണത്തെ വരിച്ച റാണി പദ്മാവതി രജപുത്ര വംശത്തിന്റെ അഭിമാനമാണ്. ചരിത്രം വളച്ചൊടിച്ച് പദ്മാവതിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് പ്രധാന ആരോപണം. ഖില്‍ജിയും പദ്മാവതിയും തമ്മിലുള്ള പ്രണയരംഗമാണ് പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയത്. ഇത്തരത്തില്‍ ഒരു രംഗം പോലും സിനിമയില്‍ ഉണ്ടാകരുതെന്നാണ് രജപുത്ര കര്‍ണിസേനയുടെ മുന്നറിയിപ്പ്. പ്രണയ രംഗങ്ങള്‍ ഖില്‍ജി സ്വപ്‌നം കാണുന്നതെന്നാണ് സംവിധായകന്റെ വിശദീകരണം. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയയുടെ രചനയാണ് സിനിമക്ക് ആധാരമാക്കിയത്. എന്നാല്‍ ഈ കൃതി ചരിത്രത്തെ നിഷേധിക്കുന്നതാണെന്ന വിമര്‍ശനമുണ്ട്. അക്രമകാരിയായ ഖില്‍ജിയെ മഹത്വവല്‍ക്കരിക്കുന്നതായും പ്രണയം ഉള്ളിലൊതുക്കി വംശത്തിന്റെ ദുരഭിമാനത്തിനായി പദ്മാവതി ജീവനൊടുക്കിയതെന്ന വ്യാഖ്യാനവും സിനിമയിലുണ്ടെന്ന് ആരോപണമുയര്‍ന്നു. ഇത് രജപുത്രരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യലാണെന്നതില്‍ തര്‍ക്കമില്ല. മതിയായ വിശദീകരണം നല്‍കാന്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. യോജിപ്പിലെത്താതെ സിനിമ പുറത്തിറക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബന്‍സാലിക്ക് സാധിക്കില്ല. പദ്മാവതിയായി ദീപിക പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിങ്ങുമാണ് സിനിമയില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.