കുറുമാലിപുഴയില്‍ വ്യാപക കയ്യേറ്റം പുഴയിലേക്ക് തള്ളിയ മണ്ണും മാലിന്യങ്ങളും തിരിച്ചെടുപ്പിച്ചു

Thursday 16 November 2017 9:34 pm IST

പുതുക്കാട് : കുറുമാലിപുഴയില്‍ വ്യാപക കയ്യേറ്റം. തെക്കേതൊറവ്, ചെങ്ങാലൂര്‍, പുതുക്കാട് എന്നിവിടങ്ങളിലാണ് കുറുമാലിപുഴ വ്യാപകമായി കയ്യേറുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം പുഴയിലേക്ക് നിക്ഷേപിച്ച് പിന്നീട് മണ്ണിട്ട് പറമ്പാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് മൂലം പല ഭാഗങ്ങളിലും പുഴ വീതികുറഞ്ഞ നിലയിലാണ്. പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി പുതുക്കാട് പഞ്ചായത്ത് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വ്യാപകമായി പുഴ കയ്യേറ്റം കണ്ടെത്തിയത്. തെക്കേതൊറവ് നരിപ്പറ്റ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തി പുഴ കയ്യേറിയത് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തി. പുഴയിലേക്ക് നിക്ഷേപിച്ച മണ്ണും മാലിന്യങ്ങളും അധികൃതരുടെ നേതൃത്വത്തില്‍ തിരിച്ചെടുപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ സ്വകാര്യ വ്യക്തിക്ക് പഞ്ചായത്ത് നിര്‍ദേശം നല്‍കി. ഇതോടൊപ്പം പുഴ പൂര്‍വ്വസ്ഥിതിയിലാക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പുഴയോരം സ്വകാര്യ വ്യക്തികള്‍ കയ്യേറിയതായി അധികൃതര്‍ കണ്ടെത്തി. പുഴ ഗതിമാറി ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം കയ്യേറ്റം കണ്ടെത്തി പുഴ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. ജെന്‍സന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.