സിപിഎം-സിപിഐ വിഴുപ്പലക്കല്‍ ദല്‍ഹിയിലേക്കും

Thursday 16 November 2017 10:54 pm IST

ന്യൂദല്‍ഹി: തോമസ് ചാണ്ടിയെ രാജിവെപ്പിച്ചതിനെ തുടര്‍ന്നുള്ള സിപിഎം-സിപിഐ ഭിന്നത കേന്ദ്രനേതൃത്വത്തിലേക്കും എത്തുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐക്ക് ശക്തമായ മറുപടി നല്‍കാന്‍ സിപിഎം അവൈലബിള്‍ പോളിറ്റ് ബ്യൂറോ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണ്. ദല്‍ഹി എകെജി ഭവനില്‍ ചേര്‍ന്ന പിബി യോഗത്തിന് ശേഷമാണ് കോടിയേരി പത്രസമ്മേളനം നടത്തി സിപിഐക്കെതിരെ രംഗത്തെത്തിയത്. ഇന്നലെ ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പിബിയോഗത്തില്‍ സിപിഐയുടെ നിലപാട് ചര്‍ച്ചയായി. സിപിഐ തക്കംപാര്‍ത്തിരുന്ന് സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും അപമാനിച്ചു എന്ന വിലയിരുത്തലാണ് പിബിയിലുണ്ടായത്. മുന്നണിയുടെ യാതൊരുവിധ മര്യാദകളും സിപിഐ പാലിച്ചില്ലെന്നും യെച്ചൂരിയുടെ അസാന്നിധ്യത്തില്‍ ചേര്‍ന്ന അവൈലബിള്‍ പി.ബി വിലയിരുത്തി. എസ്. രാമചന്ദ്രന്‍ പിള്ള, എം.എ ബേബി, പ്രകാശ് കാരാട്ട്, വൃന്ദകാരാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയം മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ അവതരിപ്പിച്ചു. രാജി സംബന്ധിച്ച് യാതൊരു വിധത്തിലുമുള്ള കാലതാമസവും ഉണ്ടായിട്ടില്ലെന്നും ഇടതു മുന്നണിയിലെ തീരുമാന പ്രകാരം എന്‍സിപിയോട് ആലോചിച്ച ശേഷമാണ് രാജിയെന്നും പിണറായി പറഞ്ഞു. മുന്നണി മര്യാദ പാലിക്കാത്ത കേരളത്തിലെ സിപിഐ നേതൃത്വത്തിനെതിരായ അതൃപ്തി സിപിഐ ദേശീയ നേതൃത്വത്തെ അറിയിക്കാനും പിബി തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.