വകുപ്പുകളുടെ തര്‍ക്കം; കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍

Thursday 16 November 2017 10:21 pm IST

പെരുവ: തൊഴിലുറപ്പ്-ഇറിഗേഷന്‍ അധികൃതരുടെ തര്‍ക്കം മൂലം അന്‍പതോളം ഏക്കര്‍ തരിശ് നിലത്ത് കൃഷിയിറക്കാന്‍ കഴിയാതെ കര്‍ഷകര്‍. ഇവിടെ കൃഷിയിറക്കാന്‍ പാകിയ ഞാറ് മൂത്ത് പോകുന്നു. മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ വടുകുന്നപ്പുഴ, ഒതളം ഭാഗത്തെ അന്‍പതോളം ഏക്കര്‍ തരിശു നിലത്തും, അന്‍പതോളം ഏക്കര്‍ കൃഷി ചെയ്തുകൊണ്ടിരുന്ന പാടത്തുമാണ് ഇറിഗേഷന്‍ വകുപ്പിന്റെ കനാല്‍ തെളിക്കാത്തത് മൂലം വെള്ളം കിട്ടാതെ കൃഷിയിറക്കന്‍ കഴിയാതിരിക്കുന്നത്. കൃഷിയാവശ്യത്തിന് മൂവറ്റുപുഴയാറില്‍ നിന്നും വെള്ളം പമ്പ് ചെയ്യാന്‍ മുളക്കുളം ചങ്ങലപ്പാലത്ത് സ്ഥാപിച്ചിട്ടുള്ള ഇറിഗേഷന്‍ വകുപ്പിന്റെ പമ്പ് ഹൗസില്‍ നിന്നും കനാലില്‍ കൂടി അടിക്കുന്ന വെള്ളം ഉപയോഗിച്ചായിരുന്നു ഇവിടെ കൃഷി ചെയ്തിരുന്നത്. ഈ കനാല്‍ പള്ളയും മണ്ണും വീണ് അടഞ്ഞിരിക്കുകയാണ്. ഇത് വൃത്തിയാക്കി തെളിച്ചെങ്കില്‍ മാത്രമേ വെള്ളം പാടത്തേക്ക് എത്തുകയുള്ളു. മുന്‍ വര്‍ഷങ്ങളില്‍ ഇത് തെളിച്ചിരുന്നത് തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. എന്നാല്‍ ഈ വര്‍ഷം മുതല്‍ അവര്‍ തെളിക്കുകയില്ലായെന്നാണ് അറിയിച്ചത്. കാരണം മറ്റൊരു ഡിപ്പാര്‍ട്ടുമെന്റിന്റെ സ്ഥലത്തെ ജോലിയായതിനാല്‍ അവര്‍ക്ക് ആ ഡിപ്പാര്‍ട്ടു മെന്റില്‍ നിന്നും പണം ലഭിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയുകയുള്ളു എന്നാണ് തൊഴിലുറപ്പ് അധികൃതര്‍ പറയുന്നത്. കര്‍ഷകരുടെ ആവശ്യത്തിന് വേണ്ടി വെള്ളം പമ്പ് ചെയ്യുന്ന ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാകട്ടെ പണം നല്‍കുകയുമില്ല. കര്‍ഷകര്‍ സ്വന്തം ചെലവില്‍ കനാല്‍ തെളിക്കണമെന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. ഇത് മൂലം കര്‍ഷകര്‍ എന്ത് ചെയ്യണമെന്നാറിയാതെ വിഷമിക്കുകയാണ്.ഹരിത കേരളം പദ്ധതിയില്‍പ്പെടുത്തി തരിശു നിലത്ത് കൃഷി ചെയ്യാന്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ വിവിധരീതിയില്‍ സഹായം നല്‍കുമ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കൃഷിക്കാര്‍ പെട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.