ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: സിന്ധു ക്വാര്‍ട്ടറില്‍ സൈന, പ്രണോയ് മടങ്ങി

Thursday 16 November 2017 11:03 pm IST

  ബീജിങ്: ചൈനീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി. സൂപ്പര്‍താരങ്ങളായ സൈന നെഹ്‌വാള്‍, എച്ച്.എസ്. പ്രണോയ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. അതേസമയം പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. വനിതാ സിംഗിള്‍സില്‍ ചൈനയുടെ യു ഹാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേത്രിയായ സിന്ധു ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. 40 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-15, 21-13 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. അഞ്ചാം സീഡ് ജപ്പാന്റെ അകനെ യമാഗുച്ചിയോടാണ് സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റത്. 37 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-18, 21-11 എന്ന സ്‌കോറുകള്‍ക്കായിരുന്നു ജപ്പാന്‍ താരം വിജയപീഠമേറിയത്. 2014-ല്‍ സൈനയായിരുന്നു ഇവിടെ ചാമ്പ്യന്‍. അന്ന് അകനെ യമാഗുച്ചിയെയാണ് സൈന തോല്‍പ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ 53-ാം റാങ്കുകാരനായ ചൈനയുടെ ച്യുക് യു ലീയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ദേശീയ ചാമ്പ്യനായ പ്രണോയ് തോറ്റത്. സ്‌കോര്‍: 19-21, 17-21. മത്സരം 42 മിനിറ്റ് നീണ്ടുനിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.