അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന് കാണാതായത് നാലു പതക്കങ്ങള്‍

Friday 17 November 2017 12:53 am IST

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയത് നാല് പതക്കങ്ങളെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് പൂഴ്ത്തി. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് എസ്പി രതീഷ് കൃഷ്ണന്റെ മേല്‍നോട്ടത്തില്‍ വിജിലന്‍സ് സെന്‍ട്രല്‍ സോണ്‍ ഓഫീസര്‍ ടി.പി. ശ്രീകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരം. ഇതു വരെ ഒരു പതക്കം കാണാതെ പോയെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ വിഷുദിനത്തലേന്നാണ് പതക്കം കാണാതായത് അധികൃതര്‍ അറിയുന്നത്. വിവരം മറച്ചു വച്ചു. ഒരാഴ്ചയ്ക്കുശേഷമാണ് വിവരം ഭക്തരറിയുന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു അന്വേഷണങ്ങള്‍ക്കിടെ മെയ് 23 ന് രണ്ടു കാണിക്കവഞ്ചികളില്‍ നിന്നായി പതക്കം തിരികെ ലഭിച്ചു. ഏപ്രില്‍ അഞ്ചിനാണ് ദേവസ്വം വിജിലന്‍സ് എസ്പി രതീഷ് കൃഷണന്‍ റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിനു കൈമാറിയത്. ഈ റിപ്പോര്‍ട്ടിലാണ് തിരുവാഭരണ രജിസ്റ്ററിലെ 26, 28, 29 നമ്പരുകളിലുള്ള പതക്കങ്ങള്‍ സ്‌ട്രോങ് മുറിയില്‍ നിന്ന് നഷ്ടപ്പെട്ടതായി പറഞ്ഞിരിക്കുന്നത്. കൂടാതെ ഏഴ് ഐറ്റത്തിലുള്ള പതക്കങ്ങളില്‍ മാലകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തുടരന്വേഷണം സ്റ്റേറ്റ് ടെമ്പിള്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡിന് കൈമാറണമെന്നും പതക്കങ്ങള്‍ കാണാതെ പോയതിന്റെ ഉത്തരവാദിത്വമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. എന്നാല്‍ വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടും ഇതിലെ ശുപാര്‍ശകളും ദേവസ്വം ബോര്‍ഡ് പൂഴ്ത്തിവച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.