നെയ്യാറ്റിന്‍കര: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള കൂട്ടപ്പന മേജര്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയിലെ അഭിപ്രായഭിന്നത മൂലം അംഗങ്ങള്‍ രാജിവച്ചു. അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചംഗങ്ങളാണ് രാജിവച്ചത്. ദേവസ്വംബോര്‍ഡ് വിജിലന്‍സിന് പരാതി നല്‍കിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്തജനങ്ങളില്‍ നിന്നു സ്വീകരിച്ച സംഭാവനകളുടെ വ്യക്തമായ കണക്ക് കമ്മിറ്റിയില്‍ അവതരിപ്പിക്കാറില്ലെന്ന് രാജിവച്ചവര്‍ ആരോപിച്ചു. ബാങ്ക് അക്കൗണ്ടില്‍ വൈരുദ്ധ്യങ്ങളുണ്ട്. പൊതുജനങ്ങളില്‍ നിന്നു സ്വീകരിക്കുന്ന സംഭാവനത്തുക ബാങ്കില്‍ നിക്ഷേപിക്കാറില്ല. ചെലവഴിക്കുന്ന തുകയുടെ ശരിയായ വൗച്ചറുകള്‍ കമ്മിറ്റിയെ ബോധ്യപ്പെടുത്താറില്ല. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ ഇത് സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതായും രാജിവച്ച അംഗങ്ങളായ ആനന്ദും ശിവജിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: