കതക് പൊളിച്ച് പത്ത് പവന്‍ അപഹരിച്ചു

Friday 17 November 2017 2:42 pm IST

കതക് പൊളിച്ച് പത്ത് പവന്‍ അപഹരിച്ചു പത്തനാപുരം: കുന്നിക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും അക്രമണ സംഭവങ്ങളും പരമ്പരയാകുന്നു. കഴിഞ്ഞ രാത്രിയില്‍ ആവണീശ്വരം കാവല്‍പ്പുര ചന്ദ്രവിലാസം യശോധര (70) യുടെ വീടിന്റെ കതക് കുത്തിപ്പൊളിച്ച് മോഷ്ടാക്കള്‍ അകത്തു കടന്ന് മേശകളും അലമാരകളും കുത്തിപ്പൊളിച്ച് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും കവര്‍ന്നു. രണ്ട് നിലകളിലെ വിവിധ മുറികളില്‍ എല്ലാ അലമാരകളും മേശകളും കുത്തിപ്പൊളിച്ച് തുണികളും മറ്റും വാരിവലിച്ചിട്ട നിലയിലാണ്. വിലപിടിപ്പുള്ള ക്യാമറ, മൊബൈല്‍ ഫോണ്‍, വാച്ചുകള്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങള്‍ തുടങ്ങിയവ മോഷ്ടാക്കള്‍ ഉപേക്ഷിച്ചു. വൈദ്യുത ബള്‍ബുകള്‍ ഊരിയശേഷം കതകിന്റെ വിലകൂടിയ പൂട്ടുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. സമീപത്തെ നാലു വീടുകളിലും മോഷണ ശ്രമം നടന്നു. മറ്റ് വീടുകളില്‍ ശബ്ദം കേട്ട് ആള്‍ക്കാര്‍ ഉണര്‍ന്നിരുന്നു. ഒരാഴ്ചയായി പ്രദേശത്തെ വീടുകള്‍ മോഷ്ടാക്കള്‍ നിരീക്ഷിച്ചു വന്നിരുന്നതായാണ് നാട്ടുകാര്‍ക്ക് സംശയം. രാത്രി വൈകി വീടുകളിലെ കോളിങ് ബെല്‍ അടിക്കുന്നത് പതിവായിരുന്നു. ഏതൊക്കെ വീടുകളില്‍ ആളുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മോഷ്ടാക്കള്‍ ഇപ്രകാരം ചെയ്തതാകാമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. മോഷണം നടന്ന വീട്ടില്‍ യശോധര തനിച്ചാണ് താമസം. മക്കള്‍ ബെംഗളൂരുവിലാണ്. യശോധര സമീപത്തെ കുടുംബവീട്ടില്‍ സഹോദരി ചന്ദ്ര ദിവാകരനൊപ്പമാണ് രാത്രിയില്‍ ഉറങ്ങുന്നത്. ഇതു മനസ്സിലാക്കിയ മോഷ്ടാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. കുന്നികോടു പോലീസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.