കേരളത്തിന്റെ റോഡ് വികസനത്തിന് ഒരു ലക്ഷം കോടി നൽകാൻ തയ്യാർ - ഗഡ്കരി

Friday 17 November 2017 2:52 pm IST

കൊച്ചി: ഭൂമി ഏറ്റെടുത്ത് നൽകിയാൽ കേരളത്തിന്റെ റോഡ് വികസനത്തിനായി ഒരു ലക്ഷം കോടി രൂപ നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തതാണ് കേരളത്തിലെ ദേശിയ പാതാ വികസനത്തിന് പ്രധാന തടസമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയും കെപിഎംജി ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇന്‍ക്ലുസീവ് ഇന്ത്യ ഇക്കണോമിക് ഫോറം 2017ല്‍ ഇന്ത്യയുടെ വികസനത്തില്‍ റോഡു വികസനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഗഡ്കരി. കേന്ദ്രം പണം അനുവദിച്ചതില്‍ കേരളമാണ് അവസാന സ്ഥാനത്തുള്ളത്. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ വഴികള്‍ സര്‍ക്കാര്‍ കണ്ടെത്തിയേ പറ്റൂ. കേരളത്തിലെ സാഹചര്യങ്ങള്‍ മാറണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയാൽ പണം അനുവദിക്കുന്നതിന് കേന്ദ്രത്തിന് ഒരു ബുദ്ധിമുട്ടുമില്ല. വികസന കാര്യത്തിൽ രാഷ്ട്രീയം കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാറും റോഡ് വികസനത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. രാജ്യത്തെ ദേശിയ പാത രണ്ടു ലക്ഷം കിലോമീറ്ററായി ഉയർത്തും.403 റോഡ് പദ്ധതികൾ പുരോഗമിക്കുകയാണ്. ഭാരത് മാലാ പദ്ധതി പ്രകാരമാണിത്. ജലഗതാഗതത്തിനും കൂടുതൽ പ്രധാന്യം നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ചെലവ് കുറഞ്ഞ ഗതാഗത മാർഗ്ഗമെന്ന നിലയിലാണിത്. മെഥനോൾ ഉപയോഗിച്ചുള്ള ജലഗതാഗതത്തിനാണ് പ്രാധാന്യം നൽകുന്നത്. വിദേശ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതാണിത്. സീപ്ളെയിൻ നിർമ്മാണത്തിന് കൊച്ചി ഷിപ്പ് യാർഡ് റഷ്യൻഷിപ്പ് മാനുഫാക്ചറിംഗ് കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.