ദേവദാസന്‍ ഭട്ടതിരിപ്പാട്‌ ഗുരുവായൂര്‍ മേല്‍ശാന്തി

Monday 17 September 2012 11:00 pm IST

ഗുരുവായൂര്‍: ഗുരുവായൂര്‍ക്ഷേത്രത്തിലെ അടുത്തആറുമാസക്കാലത്തേക്കുള്ള മേല്‍ശാന്തിയായി പാലക്കാട്‌ നൂറണി ചേകൂര്‍ മനയിലെ ദേവദാസന്‍ ഭട്ടതിരിപ്പാടിനെ തെരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ്‌ മാസക്കാലത്തേക്കാണ്‌ പുതിയ മേല്‍ശാന്തി നിയമനം. മേല്‍ശാന്തി നിയമനത്തിനായി 55-പേര്‍ അപേക്ഷ നല്‍കിയതില്‍ 52-പേരെ കൂടിക്കാഴ്ച്ചക്കായി ക്ഷേത്രം തന്ത്രിമാര്‍ ക്ഷണിച്ചിരുന്നു. അതില്‍ 49-പേര്‍ കൂടിക്കാഴ്ച്ചക്ക്‌ വന്നതില്‍ 45-പേര്‍ യോഗ്യതനേടി. അവരില്‍ നിന്നുമാണ്‌ ദേവദാസന്‍ ഭട്ടതിരിപ്പാടിനെ തെരഞ്ഞെടുത്തത്‌. ഇന്നലെ ഉച്ചപൂജക്ക്‌ ശേഷം നിലവിലെ മേല്‍ശാന്തി പഴയത്ത്‌ മനക്കല്‍ സുമേഷ്‌ നമ്പൂതിരിയാണ്‌ നമസ്ക്കാരമണ്ഡപത്തിലെ വെള്ളിക്കുമ്പത്തിലിട്ട 45-പേരില്‍ നിന്നും നിയുക്ത മേല്‍ശാന്തി ദേവദാസന്‍ ഭട്ടതിരിപ്പാടിനെ തെരഞ്ഞെടുത്തത്‌. ഗുരുവായൂര്‍ക്ഷേത്രം തന്ത്രിമാരായ ചേന്നാസ്‌ സതീശന്‍ നമ്പൂതിരിപ്പാട്‌, ചേന്നാസ്‌ ഹരിനമ്പൂതിരിപ്പാട്‌ എന്നിവരാണ്‌ യോഗ്യത നേടിയവരുടെ പേരുകള്‍ വെള്ളിക്കുമ്പത്തില്‍ നിക്ഷേപിച്ചത്‌. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ചുമതലയുള്ള എ.ഡി.എം: ഡോ: ജയശ്രി, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റര്‍ ടി. വിജയന്‍ നമ്പ്യാര്‍, ദേവസ്വം ഭരണസമിതിയംഗങ്ങള്‍, നൂര്‍കണക്കിന്‌ ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു, മേല്‍ശാന്തി നറുക്കെടുപ്പ്‌. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മേല്‍ശാന്തിയായി സേവനമനുഷ്ഠിച്ചയാളാണ്‌, നിയുക്തമേല്‍ശാന്തി ദേവദാസന്‍ ഭട്ടതിരിപ്പാടിന്റെ പിതാവ്‌ വാസുദേവന്‍ ഭട്ടതിരിപ്പാട്‌. 1964, 67, 68, 79, 82, 87 എന്നീ കാലയളവില്‍ മേല്‍ശാന്തിയായിരുന്ന പട്ടാമ്പി കൊടുമുണ്ട ചേകൂര്‍ മനയിലെ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും, അങ്കമാലി കൈപ്പിള്ളി മനയില്‍ സാവിത്രി അന്തര്‍ജ്ജനത്തിന്റേയും പുത്രനാണ്‌ 54-കാരനും, പറളി ധനലക്ഷ്മി ബാങ്ക്‌ ജീവനക്കാരനായ നിയുക്തമേല്‍ശാന്തി ദേവദാസന്‍ ഭട്ടതിരിപ്പാട്‌. മലപ്പുറം വലിയകുന്ന്‌ കക്കാട്‌ മനക്കല്‍ സാവിത്രി അന്തര്‍ജ്ജനമാണ്‌ ഭാര്യ. മുംബൈയിലെ ധനലക്ഷ്മി ബാങ്ക്‌ ജീവനക്കാരനായ ശ്രുതി ഭട്ടതിരിപ്പാട്‌, എം.എസ്‌.സി വിദ്യാര്‍ത്ഥിയായ ശ്രീദീപ്‌ ഭട്ടതിരിപ്പാട്‌ എന്നിവര്‍ മക്കളാണ്‌.ദേവദാസന്‍ ഭട്ടതിരിപ്പാടിന്റെ അച്ഛനാണ്‌ പൂജാകര്‍മ്മങ്ങളില്‍ ഗുരു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.