മന്ത്രി ചന്ദ്രശേഖരനെ ബഹിഷ്‌കരിക്കാന്‍ സിപിഎം നിര്‍ദ്ദേശം

Saturday 18 November 2017 2:45 am IST

കാസര്‍കോട്: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവിവാദത്തില്‍ മന്ത്രിസഭയെ പ്രതിസന്ധിയിലാക്കിയ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെ കാസര്‍കോട് ജില്ലയിലെ പരിപാടികളില്‍ നിന്ന് പരമാവധി മാറ്റിനിര്‍ത്താന്‍ സിപിഎം സംസ്ഥാന കമ്മറ്റി ജില്ലാ കമ്മറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ നിന്നും കഴിവതും മന്ത്രിയെ ഒഴിവാക്കണം.. മന്ത്രിയുമായി സഹകരിക്കേണ്ടതില്ല. മന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ വരുമ്പോള്‍ അതാത് പ്രാദേശിക ഘടകങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം കൈമാറാനാണ് ജില്ലാ കമ്മറ്റിയുടെ നീക്കം.

സിപിഐ മന്ത്രിയെ മാറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സിപിഎം മന്ത്രിമാരെ ഉദ്ഘാടനങ്ങള്‍ക്കായി കാസര്‍കോട്ടേക്ക് അയക്കാന്‍ തുടങ്ങി. മറ്റ് എല്ലാ സര്‍ക്കാര്‍ പരിപാടികളും ഉദ്ഘാടനം ചെയ്യുക ജില്ലയുടെ ചുമതല വഹിക്കുന്ന ചന്ദ്രശേഖരനായിരുന്നു. ഇന്നലെ മന്ത്രി കെ.ടി.ജലീല്‍ പങ്കെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അവലോകന യോഗത്തില്‍ ചന്ദ്രശേഖരന്റെ അഭാവം ചര്‍ച്ചയായി.

തോമസ് ചാണ്ടിക്കെതിരെ മന്ത്രി ഇ..ചന്ദ്രശേഖരനും സിപിഐ നേതൃത്വവും നടത്തിയ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം.
മന്ത്രിയെ ബഹിഷ്‌കരിക്കാനുള്ള നിര്‍ദേശം സിപിഎം ജില്ലാ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.