കേരളാ ബാങ്ക്: സഹകരണ മേഖലയില്‍ ആശങ്ക

Saturday 18 November 2017 2:45 am IST

കൊച്ചി: ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ സഹകരണ മേഖലയില്‍ ആശങ്ക ശക്തം. കേരളാ ബാങ്ക് രൂപീകരണം സഹകരണ മേഖലയുടെ ചിറകൊടിക്കുമെന്നാണ് വിദഗ്ധരുടെ പക്ഷം. 14 ജില്ലാ സഹകരണ ബാങ്കുകളും കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കും ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ജില്ലാ സഹകരണ ബാങ്കും പ്രാഥമിക സഹകരണ ബാങ്കുകളും പൂര്‍ണ്ണമായും തകര്‍ച്ചയിലേക്ക് നീങ്ങും. ജില്ലാ ബാങ്കുകളിലുള്ള കോടിക്കണക്കിനു രൂപ സര്‍ക്കാര്‍ ആവശ്യത്തിന് ഉപയോഗിക്കാനാണ് നീക്കം.

ധനവിനിയോഗത്തിലെ അച്ചടക്കമില്ലായ്മ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ധനം കണ്ടെത്താനാവാത്ത സ്ഥിതിയാണ്. ധന സമാഹരണത്തിന് ലക്ഷ്യം വച്ച കിഫ്ബിയും പാളിയതോടെയാണ് സര്‍ക്കാരിന്റെ നോട്ടം സഹകരണ മേഖലയിലേക്ക് തിരിഞ്ഞത്.
ജില്ലാ സഹകരണ ബാങ്കുകളിലെ നിക്ഷേപം കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങളുടേതാണ്. ഇത് സാധാരണക്കാരുടെ ജീവിത സമ്പാദ്യമാണ്. കേരളാ ബാങ്കിന്റെ മറവില്‍ സര്‍ക്കാരിന് ഈ പണം യഥേഷ്ടം ഉപയോഗിക്കാനാകും. സര്‍ക്കാരിന് താല്പര്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കുമായി ഈ പണം ഉപയോഗിക്കും.

കെഎസ്ആര്‍ടിസി അടക്കമുള്ള നഷ്ടത്തിലോടുന്ന സ്ഥാപനങ്ങള്‍ക്ക് വായ്പ ഇനത്തില്‍ പണം നല്‍കാനുള്ള വഴി കൂടിയാണ് സര്‍ക്കാര്‍ കണ്ടുവയ്ക്കുന്നത്. ഇതോടെ പ്രതിസന്ധിയിലാകുന്നത് പ്രാഥമിക സഹകരണ സംഘങ്ങളാണ്. നിക്ഷേപകര്‍ക്ക് കൃത്യമായി പണം മടക്കിനല്‍കാനാകാത്ത സാഹചര്യം ഉണ്ടാകുമ്പോള്‍ സഹകരണ മേഖലയിലുള്ള വിശ്വാസം നഷ്ടമാകും.
ചട്ടവിരുദ്ധമായാണ് ലയനനീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സഹകരണ നിയമം അനുസരിച്ച് ഒരു സംഘം മറ്റൊരു സംഘത്തില്‍ ലയിപ്പിക്കുന്നതിന് പൊതുയോഗ തീരുമാനം ആവശ്യമാണ്. കൂടാതെ പൊതുയോഗത്തില്‍ പങ്കെടുക്കുന്ന അംഗങ്ങളുടെ മൂന്നില്‍ രണ്ട് പിന്തുണയും വേണം. എന്നാല്‍ ഇതുവരെയും കേരളാ സഹകരണ ബാങ്കിന്റെയോ ജില്ലാ സഹകരണ ബാങ്കുകളുടെയോ പൊതുയോഗം ലയന തീരുമാനം കൈക്കൊണ്ടിട്ടില്ല. മാത്രമല്ല, നിലവിലുള്ള 13 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണ സമിതിയും ലയനത്തിനെ എതിര്‍ത്തിട്ടുമുണ്ട്.

കേരള ബാങ്ക് രൂപീകരണത്തിന് സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് മുമ്പ് ജില്ലാ സഹകരണ ബാങ്കില്‍ പുതിയ ശാഖകള്‍ തുടങ്ങുന്നതിനും തസ്തികകള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. പിഎസ്‌സി പ്രസിദ്ധീകരിച്ച സഹകരണ ബാങ്കുകളിലേക്കുള്ള ക്ലാര്‍ക്ക്/ കാഷ്യര്‍ അന്തിമ പട്ടികയില്‍ ഇടംനേടിയ ആറായിരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാത്ത അവസ്ഥയാണ്.

ജില്ലാ സഹകരണ ബാങ്കുകളുടെ 785 ശാഖകളും സംസ്ഥാന സഹകരണ ബാങ്കുകളുടെ 20 ശാഖകളും ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കുമ്പോള്‍ 6386 ജീവനക്കാരുടെ സീനിയോരിറ്റിയും സ്ഥാനക്കയറ്റവും പ്രതിസന്ധിയിലാണ്. ചട്ടവിരുദ്ധമായ ലയന നീക്കം തടയണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും പരാതി നല്‍കാനൊരുങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.