മഹാദുഃഖത്തെ ഒഴിവാക്കാന്‍ മഹാതീര്‍ത്ഥയാത്ര

Saturday 18 November 2017 2:45 am IST

ശ്രീകൃഷ്ണ ഭഗവാനെ വേര്‍പിരിഞ്ഞതിനെക്കുറിച്ചും ഭഗവത് വാക്യങ്ങളെക്കുറിച്ചും ഓര്‍ത്തോര്‍ത്ത് അര്‍ജ്ജുനന്‍ ഏങ്ങലടിച്ചു കരഞ്ഞു.
ഹേ, മഹാരാജന്‍, ഞാന്‍ തികച്ചും പരവശനാണ്. ഇനി എനിക്കൊന്നും പറയാനില്ല. അങ്ങ് ശങ്കിച്ചപോലെ അപമാനിതനും പരാജിതനും നിരാശനുമാണ്. ഈ കടുത്ത നിരാശയില്‍ നിന്നും എനിക്ക് മോചനമില്ല ജ്യേഷ്ഠാ.
അര്‍ജ്ജുനന്റെ അവസ്ഥ സൂതന്‍ ശൗനകന്മാര്‍ക്ക് വിവരിച്ചുകൊടുത്തു.
”ഏവം ചിന്തയതോ ജിഷ്‌ണോ
കൃഷ്ണപാദസരോരുഹം
സൗഹാര്‍ഭേനാതിഗാഢേന
ശാന്താസീദ്വിമലാ മതിഃ”
പാരവശ്യത്തിലായിരുന്ന അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ഭഗവാന്റെ തൃക്കാലുകളില്‍തന്നെ മനസാ സ്മരിച്ചുകൊണ്ട് അഭയം തേടിയതോടെ ബുദ്ധിവിമലമായി. മനസ്സ് ശാന്തമായി.
”വാസുദേവാംഘ്ര്യാനുദ്ധ്യാന പരിബൃംഹിതരംഹസാ
ഭക്ത്യാ നിര്‍മഥിതാശേഷ
കഷായധിഷണോര്‍ജുനഃ
ഗീതം ഭഗവതാ ജ്ഞാനം
യത്തത്‌സംഗ്രാമമൂര്‍ദ്ധനി
കാലകര്‍മതമോരുദ്ധം പുനരദ്ധ്യാഗമദ്വിഭുഃ”
ഭഗവത് പാദങ്ങളെത്തന്നെ ചിന്തിച്ച് അര്‍ജ്ജുനന്റെ മനസ്സിലെ ദുശ്ചിന്തകള്‍ മാറി. കുരുക്ഷേത്ര യുദ്ധ ഭൂമിയില്‍ വച്ച് ഭഗവാന്‍ നല്‍കിയ ഉപദേശങ്ങളെക്കുറിച്ച് അര്‍ജ്ജുനന് ഓര്‍മവന്നു. കാലത്താലും കര്‍മത്താലും ഇരുട്ടില്‍ മറയ്ക്കപ്പെട്ടു കിടന്നിരുന്ന ആ പരമജ്ഞാനം വീണ്ടും മറനീക്കി പ്രകടമായി.
”വിശോകോ ബ്രഹ്മസമ്പത്ത്യാ
സംഛിന്നദ്വൈത സംശയഃ
ലീനപ്രകൃതി നൈര്‍ഗുണ്യാ
ദലിംഗത്വാദ സംഭവഃ”
ബ്രഹ്മജ്ഞാന പ്രാപ്തികൊണ്ട് അര്‍ജ്ജുനന്‍ ശോകമകന്നവനായി. രണ്ട് എന്ന സംശയം ഇല്ലാതാക്കി പ്രകൃതി ഗുണങ്ങള്‍ പരസ്പരം ലയിച്ച് നിര്‍ഗുണ അവസ്ഥയിലെത്തി. ലിംഗശരീരബോധമില്ലാതായി. അതിനാല്‍ അജന്‍-ജന്മമില്ലാത്തവന്‍ എന്ന ഭാവത്തിലെത്തി. ജീവാത്മാവും പരമാത്മാവും രണ്ടല്ലെന്നുള്ള ബോധത്തിലായി. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന വേദവാക്യം പ്രകാശിച്ചു.
”ഏകാന്ത ഭക്ത്യാ ഭഗവത്യധോഷജേ
നിവേശിതാത്മാ പരരാമസംസൃതേ”
യുധിഷ്ഠിരനും ഇതോടെ അധോക്ഷജനായ ഭഗവാനില്‍ തന്നെ മനസ്സുറപ്പിച്ചുകൊണ്ട് ഏകാന്തഭക്തിയോടെ സംസാരദുഃഖത്തില്‍ നിന്നും വേര്‍പെട്ടു.
യുധിഷ്ഠിരന്‍ പേരക്കുട്ടിയായ പരീക്ഷിത്തിനെ രാജാവായി അഭിഷേകം ചെയ്ത് മഹാപ്രസ്ഥാനത്തിനിറങ്ങി. ഞാനെന്നും എന്റേതെന്നുമുള്ള സര്‍വചിന്തകളും ഉപേക്ഷിച്ച് ഭഗവാനില്‍ തന്നെ മനസ്സുറപ്പിച്ചുകൊണ്ടുള്ള മഹായാത്ര.
”വിസൃജ്യതത്ര തത്‌സര്‍വം
ദുകൂലവലയാദികം
നിര്‍മമോ നിരഹങ്കാരം
സംഛിന്നാശേഷ ബന്ധനഃ”
അധികാരച്ചിഹ്നങ്ങളെല്ലാം ഉപേക്ഷിച്ച് അഹങ്കാരവും മമതയും ഉള്‍പ്പെടെയുള്ള എല്ലാ ബന്ധനങ്ങളെയും വിഛേദിച്ചുള്ള യാത്ര.
വാക്കു തുടങ്ങിയ ഇന്ദ്രിയ പ്രകൃതങ്ങളെ മനസ്സില്‍ ലയിപ്പിച്ചു. ആ മനസ്സിനെ പ്രാണശക്തിയില്‍ ലയിപ്പിച്ചു. അപാനവായുവിനെ മൃത്യുവില്‍ ലയിപ്പിച്ചു. അതിനെ ശരീരത്തിലും ഹോമിച്ചു. ശരീരത്തെ ത്രിഗുണങ്ങളിലും ക്രമേണ ലയിപ്പിച്ച് ആ ഗുണങ്ങലെ അവിദ്യയിലും അവിദ്യയെ ജീവനിലും ആ ജീവനെ ബ്രഹ്മത്തിലും ലയിപ്പിച്ചു.
യുധിഷ്ഠിരാദികള്‍ ആഹാരമെല്ലാം ഉപേക്ഷിച്ച് മൗനവ്രതത്തോടെ തിരിഞ്ഞു നോക്കാതെ വടക്കുദിക്കു നോക്കി യാത്രയായി.
പാണ്ഡവാദികളും പാഞ്ചാലിയും ശ്രീകൃഷ്ണനില്‍ തന്നെ മനസ്സുറപ്പിച്ചുകൊണ്ട് യാത്രയായി. വിദുരരും സ്വദേഹത്തെ ഉപേക്ഷിച്ച യമലോകത്തേക്കുപോയി. (യമദേവനാണല്ലോ വിദുരരായി അവതരിച്ചത്.)
മഹാദുഃഖത്തെ ഒഴിവാക്കാന്‍ ഉചിതമായ ഒരു മാര്‍ഗമാണ് മഹാതീര്‍ത്ഥയാത്രയും ഞാന്‍, എന്റേത് എന്ന ചിന്ത ഉപേക്ഷിക്കലും. ഇതോടെ അവരുടെ എല്ലാ ദുഃഖങ്ങളുമൊഴിഞ്ഞ് ഞാന്‍, എന്റേത് എന്നിത്യാദികളായ എല്ലാ ചിന്തകളും ഉപേക്ഷിച്ചു. അവര്‍ ജീവന്മുക്തരായി.
ജ്ഞാനം ആനന്ദമാണ്. നിരാശയില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റാല്‍ ജ്ഞാനമാര്‍ഗംതെളിയും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.