വകുപ്പുകളുടെ ശീത സമരം;ചിറ്റാറില്‍ കുടിവെള്ളമില്ല

Saturday 18 November 2017 1:00 am IST

ചിറ്റാര്‍: റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണിളക്കിയതിനിടയില്‍ പെട്ട് വിതരണ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. വടശേരിക്കരആങ്ങംമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മണ്ണിളക്കുന്നതിനിടയിലാണ് വ്യാപകമായി കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടിയത്.
ഇതിനെ തുടര്‍ന്ന് ചിറ്റാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം രണ്ടാഴ്ചയില്‍ അധികമായി തടസ്സപ്പെട്ടിരിക്കുകയാണ്. റോഡ് നവീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ റോഡ് നവീകരണത്തിന്റെ ചുമതലയുള്ള കരാറുകാരന്‍ വാട്ടര്‍ അതോറിറ്റി എന്‍ജിനീയറുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റിയിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 180 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കി നല്‍കിയതോടെ കരാറുകാരന്‍ ഇതില്‍ നിന്നും പിന്‍മാറി. പൈപ്പ് പൊട്ടുന്നത് മാറ്റി ഇടുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതു നിരസിച്ചു. ഇതോടെ പൊട്ടുന്ന പൈപ്പുകളും കണക്ഷനുകളും മാറ്റി ഇടുന്ന ചുമതല കരാറുകാരന്‍ നേരിട്ടു നടത്തുകയാണ്.
ഇതിനിടയില്‍ ചിറ്റാര്‍ പഴയ ബസ് സ്റ്റാന്റില്‍ വെള്ളത്തറയില്‍ ഫ്യൂവല്‍സിന് സമീപം പൊട്ടിയ പൈപ്പ് മാറ്റിയിടുന്നതിനെ ചൊല്ലി റോഡിന്റെ കരാറുകാരും വാട്ടര്‍ അതോറിറ്റിയും ഇടഞ്ഞു. 3000 രൂപ ആവശ്യപ്പെട്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 8000 രൂപ നല്‍കിയാല്‍ പൈപ്പ് മാറ്റിയിട്ടുകൊടുക്കാമെന്നാണ് വാട്ടര്‍ അതോറിറ്റി അസി.എന്‍ജിനീയര്‍ പറയുന്നത്. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി ചിറ്റാര്‍ പഴയബസ് സ്റ്റാന്റ്, മണക്കയം, കുമരംകുന്ന്, കോടാലിമുക്ക്, ഫാക്ടറി പടി പ്രദേശങ്ങളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.