ശബരിമലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ പലതും ഭക്തര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നത്

Saturday 18 November 2017 1:00 am IST

പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ പലതും അയ്യപ്പഭക്തര്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നതാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുഗമമായ ദര്‍ശനവും പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യവുമാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ ആഗ്രഹിക്കുന്നത്. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭ്യമായിട്ടുള്ള 304 കോടി രൂപ വിനിയോഗിച്ച് നല്ലരീതിയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.സന്നിധാനത്തിനു ദര്‍ശനത്തിനുശേഷം ഭക്തരെ മറ്റൊരു വഴിയിലൂടെ പമ്പയിലെത്തിക്കാനുള്ള സാധ്യതകള്‍ ആരായണം. അടിയന്തരമായി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സന്നിധാനത്തുനിന്നും പമ്പയിലേക്ക് സമാന്തര പാതയ്ക്കുള്ള സാധ്യതയും ഇതിന് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ഒക്കെ പരിഗണിക്കേണ്ടതാണ്. പുതിയൊരു പാത സന്നിധാനത്തുനിന്ന് കണ്ടെത്തേണ്ടി വരും. നെയ്യ്‌ത്തോണികളുടെ എണ്ണം വര്‍ധിപ്പിച്ച് അഭിഷേകത്തിനുശേഷമുള്ള നെയ്യ് മാളികപ്പുറത്തു ലഭ്യമാക്കിയാല്‍ അതുവഴി പുതിയ പാതയിലേക്ക് തീര്‍ഥാടകരെ കടത്തിവിട്ട് തിരക്ക് കുറയ്ക്കാനാകും.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവശിഷ്ടങ്ങളും പൊടിയും ഭക്തര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ 22നുശേഷം ഒരുദിവസം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുതല്‍ താഴെത്തട്ടിലുള്ള ജീവനക്കാര്‍വരെ പങ്കെടുത്ത് വിപുലമായ ഒരു ശുചീകരണം ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നടത്തും.വിജിലന്‍സ് അന്വേഷണം നേരിടുന്ന ഒരാള്‍പോലും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയോ മെംബര്‍മാരുടെയോ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടാകാന്‍ പാടില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നടന്നിരുന്നതുപോലെ എല്ലാ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ദേവസ്വം ബോര്‍ഡ് യോഗം ചേരുമെന്നും പത്മകുമാര്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.