മമത പിന്നോട്ടില്ല

Monday 17 September 2012 11:10 pm IST

ന്യൂദല്‍ഹി: യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ പ്രമുഖ ഘടകകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്‌ നിലപാട്‌ കര്‍ക്കശമാക്കി. സാധാരണ ജനത്തിന്റെ നട്ടെല്ലൊടിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കേന്ദ്രത്തിന്‌ നല്‍കിയ അന്ത്യശാസന സമയം ഇന്ന്‌ അവസാനിക്കുകയാണ്‌. ഡീസല്‍ വില കുത്തനെ കൂട്ടാനും ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്താനും രാജ്യത്തിന്റെ ചില്ലറ വ്യാപാരമേഖല വിദേശ നിക്ഷേപകര്‍ക്ക്‌ തുറന്നുകൊടുക്കാനും എടുത്ത തീരുമാനത്തിനെതിരെയാണ്‌ കേന്ദ്രത്തിന്‌ മുന്നറിയിപ്പുമായി മമത രംഗത്തിറങ്ങിയത്‌. ഇക്കാര്യങ്ങള്‍ പുനഃപരിശോധിക്കാന്‍ യുപിഎ സര്‍ക്കാരിന്‌ മമത അനുവദിച്ച 72 മണിക്കൂര്‍ സമയം ഇന്ന്‌ തീരും. അന്ത്യശാസന സമയപരിധി തീരാറായിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ അനുകൂല സമീപനങ്ങളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ്‌ കൂടുതല്‍ കടുത്ത നടപടികളിലേക്ക്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌ നീങ്ങുന്നത്‌. യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മൂന്ന്‌ മാര്‍ഗങ്ങളാണ്‌ തൃണമൂല്‍ ആലോചിക്കുന്നത്‌. യുപിഎയില്‍നിന്ന്‌ തൃണമൂല്‍ മന്ത്രിമാരെ പിന്‍വലിക്കുകയാണ്‌ അതിലൊന്ന്‌. രണ്ടാമതായി, സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനും ആലോചിക്കുന്നു. മന്ത്രിമാര്‍ ഓഫീസുകളില്‍നിന്ന്‌ വിട്ടുനില്‍ക്കുകയാണ്‌ മൂന്നാമത്തെ മാര്‍ഗമായി ആലോചിക്കുന്നതെന്നും പാര്‍ട്ടി നേതാവും ആറ്‌ തൃണമൂല്‍ മന്ത്രിമാരില്‍ ഒരാളുമായ സുല്‍ത്താന്‍ അഹമ്മദ്‌ വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞു. കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ യുപിഎയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണ്‌ തൃണമൂല്‍ കോണ്‍ഗ്രസ്‌.19 ലോക്സഭാ എംപിമാരും പാര്‍ട്ടിക്കുണ്ട്‌. ഈ സാഹചര്യത്തില്‍ മമതയുടെ ഭീഷണിയെ ഗൗരവത്തോടെയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം കാണുന്നതെന്ന്‌ കരുതുന്നു. മള്‍ട്ടിബ്രാന്‍ഡ്‌ ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപ നീക്കത്തിനെതിരെ കഴിഞ്ഞവര്‍ഷം മമത നടത്തിയ നീക്കങ്ങള്‍ ഫലം കണ്ടിരുന്നു. യുപിഎ വിടുമെന്ന മമതയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന്‌ വിദേശനിക്ഷേപ തീരുമാനം കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. ഈ തീരുമാനമാണ്‌ കഴിഞ്ഞദിവസം ഡീസല്‍ വിലവര്‍ധനക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്‌. ഇത്‌ എരിതീയില്‍ എണ്ണയൊഴിച്ചപോലെ ആവുകയും ചെയ്തു. എന്നാല്‍ എഫ്ഡിഐ തീരുമാനത്തില്‍ ഇത്തവണ ഒരു വിട്ടുവീഴ്ചയുമില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. പ്രാദേശിക പങ്കാളിയുടെ സഹായത്തോടെ വാള്‍മാര്‍ട്ടുപോലെയുള്ള വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ ശൃംഖലകള്‍ക്ക്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ നേരിട്ട്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വഴിയൊരുക്കുന്നതാണ്‌ യുപിഎയുടെ എഫ്‌ഒജെ തീരുമാനം. ഡീസല്‍ വിലയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എടുത്ത തീരുമാനങ്ങളില്‍നിന്ന്‌ പിന്നോട്ടില്ലെന്ന്‌ കേന്ദ്ര ധനമന്ത്രി പി.ചിദംബരം ഇന്നലെ വ്യക്തമാക്കി. സാമ്പത്തികമായി ഉയരാന്‍ ഈ നടപടികള്‍ അനിവാര്യമാണെന്നും സഖ്യകക്ഷികളെ ഇതെല്ലാം ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ ചിദംബരം കേന്ദ്രസര്‍ക്കാരിന്‌ ഭീഷണിയൊന്നുമില്ലെന്നും അവകാശപ്പെട്ടു. ഇതേസമയം, മമതയുടെ ആവശ്യങ്ങള്‍ക്ക്‌ മുന്നില്‍ പൂര്‍ണ്ണമായും വഴങ്ങേണ്ടതില്ലെന്ന വാദവും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ ഉയര്‍ന്നിട്ടുണ്ട്‌. മമത യുപിഎ വിട്ടാല്‍, സര്‍ക്കാരിന്റെ പതനം ഒഴിവാക്കാന്‍ മറ്റ്‌ പാര്‍ട്ടികളുടെ സഹായമുണ്ടാകുമെന്നാണ്‌ കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ കണക്കുകൂട്ടല്‍. മമത യുപിഎ വിട്ടാല്‍ അതിന്റെ ദോഷം അവര്‍ക്കുതന്നെയെന്നാണത്രെ കോണ്‍ഗ്രസില്‍ ചിലരുടെ ചിന്താഗതി. നേരിട്ടുള്ള വിദേശനിക്ഷേപത്തെ മുലായംസിംഗ്‌ യാദവിന്റെ അധ്യക്ഷതയിലുള്ള സമാജ്‌വാദി പാര്‍ട്ടി ശക്തിയായി എതിര്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. ലോക്സഭയില്‍ 22 എംപിമാരുള്ള എസ്പിയുടെ ഈ നിലപാട്‌ തൃണമൂല്‍ കോണ്‍ഗ്രസിന്‌ തിരിച്ചടിയാണ്‌. മകന്‍ അഖിലേഷ്‌ യാദവ്‌ മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശില്‍ വിദേശനിക്ഷേപ തീരുമാനം നടപ്പാക്കില്ലെന്നും മുലായം പറഞ്ഞിട്ടുണ്ട്‌. 21 ലോക്സഭാംഗങ്ങളുള്ള മായാവതിയുടെ ബിഎസ്പിക്കും ഇതേ നിലപാടാണുള്ളത്‌. ഡീസല്‍ വിലവര്‍ധനക്കും എഫ്ഡിഐ തീരുമാനത്തിനുമെതിരെ ബിജെപിയും ഇടതുപാര്‍ട്ടികളും വ്യാഴാഴ്ച ദേശവ്യാപക പണിമുടക്കിന്‌ ആഹ്വാനം ചെയ്തിട്ടുണ്ട്‌. ഇതിനിടെ, മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തന്നെ രംഗത്തിറങ്ങുമെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. ഡീസല്‍ വിലയില്‍ ചെറിയ ഇളവും പാചകവാതക സിലിണ്ടറുകളുടെ എണ്ണം പ്രതിവര്‍ഷം പത്ത്‌ ആക്കിയും പ്രശ്നപരിഹാരത്തിന്‌ നീക്കം നടക്കുന്നുണ്ട്‌. ഇതിനിടെ, മമതയുടെ അന്ത്യശാസനസമയം അവസാനിച്ചതോടെ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചന നടത്തി. കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്‌ നടക്കാനിരിക്കെയാണ്‌ സോണിയാ നേതാക്കളെ കണ്ടത്‌. കേന്ദ്രമന്ത്രിമാരായ എ.കെ.ആന്റണി, പി.ചിദംബരം, സുശീല്‍കുമാര്‍ ഷിന്‍ഡെ, ഗുലാംനബി ആസാദ്‌, വയലാര്‍ രവി, രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ്‌ പട്ടേല്‍ എന്നിവരെയാണ്‌ ഇന്നലെ സോണിയ കണ്ടത്‌. കൂടിക്കാഴ്ചകള്‍ തുടരുകയാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്നുമാണ്‌ പാര്‍ട്ടി വക്താവ്‌ രേണുക ചൗധരി ഇതേക്കുറിച്ച്‌ പ്രതികരിച്ചത്‌. യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കുന്ന തീരുമാനങ്ങളൊന്നും മമത എടുക്കില്ലെന്ന ആത്മവിശ്വസവും അവര്‍ പ്രകടിപ്പിച്ചു. കാബിനറ്റ്‌ മന്ത്രിയായി മുകുള്‍ റോയിയും സഹമന്ത്രിമാരായി സുദീപ്‌ ബന്ദോപാധ്യായ, സൗഗത റോയ്‌, സുല്‍ത്താന്‍ അഹമ്മദ്‌, ശശിര്‍ അധികാരി, സി.എം.ജാതുവ എന്നിവരുമാണ്‌ തൃണമൂലിന്‌ കേന്ദ്രത്തിലുള്ളത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.