ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കണം: കുമ്മനം

Friday 17 November 2017 9:03 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിനായി എത്തുന്ന ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്കുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിലുള്ള എരുമേലി സേവാകേന്ദ്രത്തില്‍ അന്നദാന വിതരണോദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടകരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും, ദേവസ്വം ബോര്‍ഡും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലടക്കം ഇടത്താവളങ്ങളിലെല്ലാം അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. തീര്‍ത്ഥാടകരുടെ ദുരിതമകറ്റാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സേവാസമാജം അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.കെ വിശ്വനാഥന്‍ എരുമേലി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ.് കൃഷ്ണകുമാര്‍ കുടിവെള്ള വിതരണോദ്ഘാടനം നടത്തി. കര്‍ഷകനായ മോഹന്‍ദാസില്‍ നിന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ അരവിന്ദാക്ഷന്‍ അന്നദാനത്തിനുള്ള ജൈവ പച്ചക്കറി ഏറ്റുവാങ്ങി. എരുമേലി അയ്യപ്പയോഗം പ്രസിഡന്റ് റ്റി.ഡി. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സേവാസമാജം അഖിലേന്ത്യ ഓര്‍ഗനൈസിംഗ് ജോയന്റ് സെക്രട്ടറി ബി.ഹരി, സംസ്ഥാന സെക്രട്ടറി എസ് മനോജ്, വി.സി. അജികുമാര്‍, നോബിള്‍ മാത്യു എന്നിവര്‍ സംസാരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.