കേരള വികസനത്തിന് ശാപം നോക്കുകൂലിയും: ഏലിയാസ് ജോര്‍ജ്ജ്

Saturday 18 November 2017 2:45 am IST

കൊച്ചി: കേരളം നിക്ഷേപ സൗഹൃദമല്ലെന്നും നോക്കുകൂലിയും തൊഴില്‍ പ്രശ്‌നങ്ങളും വികസനത്തിന് തടസ്സമെന്നും കെഎംആര്‍എല്‍ മുന്‍ എംഡിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഏലിയാസ് ജോര്‍ജ്ജ്. ഏതൊരു പദ്ധതി തുടങ്ങുമ്പോഴും ആ പ്രദേശത്തെ ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ കേരളത്തിലെ പല പദ്ധതി പ്രദേശങ്ങളിലും ജനങ്ങളുടെ പ്രതിഷേധം പതിവാണ്. ഏതു പദ്ധതി തുടങ്ങും മുമ്പ് ആ പ്രദേശത്തെ രാഷ്ട്രീയ സാമുദായിക പിന്തുണ കൂടി ഉറപ്പാക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്‍ക്ലൂസീവ് ഇന്ത്യാ ഇക്കണോമിക് ഫോറത്തില്‍ (ഐഐഇഎഫ് 2017) കേരളത്തെ എങ്ങനെ നിക്ഷേപ സൗഹൃദമാക്കാം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഏലിയാസ് ജോര്‍ജ്ജ്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും നിക്ഷേപത്തിന്റെ കാര്യത്തില്‍ പിന്നാക്കമാണ്. പദ്ധതികള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിക്ഷേപത്തെ ബാധിക്കാറുണ്ട്. ഏതു പദ്ധതിയെയും അതിന്റെ മെറിറ്റ് നോക്കാതെ എതിര്‍ക്കുന്ന പ്രവണത ആശാസ്യമല്ല. നല്ല നിക്ഷേപകര്‍ കടന്നുവരണമെങ്കില്‍ ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്.

സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും പൊതുജനങ്ങളും കൂടിയാലോചിച്ച് കേരളത്തെ നിക്ഷേപ സൗഹൃദമാക്കാന്‍ പരിശ്രമിക്കണം. പരിസ്ഥിതി സൗഹൃദ നിക്ഷേപങ്ങളായിരിക്കും കേരളത്തിന് ഗുണകരം. ടൂറിസം, ഐടി മേഖലകളിലും മികച്ച നിക്ഷേപത്തിന് കേരളത്തില്‍ സാധ്യതകളേറെയാണെന്ന് ഏലിയാസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.