പുതുചരിത്രമെഴുതി തൊഴിലാളിശക്തി

Saturday 18 November 2017 2:49 am IST

സംഘ ശക്തി… ദല്‍ഹിയില്‍ ബിഎംഎസ് സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ അണിനിരന്ന തൊഴിലാളികള്‍

ന്യൂദല്‍ഹി: പുത്തന്‍ സമരചരിത്രമെഴുതി നാല് ലക്ഷത്തിലേറെ തൊഴിലാളികള്‍ ദല്‍ഹിയിലേക്ക് അവകാശസമരത്തിന്റെ അലയൊലികളുമായി കടന്നെത്തി. അധികാരകേന്ദ്രങ്ങള്‍ക്കുള്ള താക്കീതുമായി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള തൊഴിലാളി ശക്തി രാംലീലാ മൈതാനിയില്‍നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് ഒഴുകിയെത്തി. അവകാശം ഔദാര്യമല്ലെന്ന തൊഴിലാളികളുടെ മുന്നറിയിപ്പിനൊപ്പം ബിഎംഎസ്സിന്റെ ശക്തിപ്രകടനവും കൂടിയായി മാര്‍ച്ച്. ഒരു തൊഴിലാളി സംഘടന രാജ്യത്ത് നടത്തിയ ഏറ്റവും വലിയ സമരകാഹളമായി മാറി പ്രതിഷേധം.

ഏതാനും ദിവസം മുന്‍പ് മറ്റ് തൊഴില്‍ സംഘടനകള്‍ ദല്‍ഹിയില്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തെ മറികടക്കുന്നതായിരുന്നു ബിഎംഎസ്സിന്റെ ഒറ്റക്കുള്ള പോരാട്ടം.
പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളും ഐതിഹാസിക സമരത്തിന്റെ ഭാഗമായി. മുഴുവന്‍ തൊഴില്‍ മേഖലകളുടെയും പ്രാതിനിഥ്യവും സമരത്തില്‍ ദൃശ്യമായി. ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണന്‍, വൈസ് പ്രസിഡണ്ടുമാരായ നീത ചൗബ, പ്രമോദിനി ദാസ്, ജനറല്‍ സെക്രട്ടറി വ്രിജേഷ് ഉപാധ്യായ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, ദേശീയ ഭാരവാഹികളായ ഹിരണ്‍മയ ജെ. പണ്ഡെ, എസ്. ദുരൈരാജ്, എം.പി. സിങ്ങ്, ഫെഡറേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

കേരളത്തില്‍ നിന്നും ആയിരത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷന്‍ കെ.കെ വിജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, സെക്രട്ടറിമാരായ പി. ശശിധരന്‍, വി.വി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നയിച്ചു.

മുഴുവന്‍ തൊഴില്‍ മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ബിഎംഎസ്സിന്റെ 44 ഫെഡറേഷനുകള്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അവകാശ പത്രിക കൈമാറി. തൊഴില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പ്രധാനമന്ത്രി രൂപീകരിച്ച അഞ്ചംഗ മന്ത്രിതല സമിതിയുടെ അധ്യക്ഷനാണ് ജയ്റ്റ്‌ലി. അനുകൂല പ്രതികരണമാണ് ലഭിച്ചതെന്നും ചര്‍ച്ച ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബിഎംഎസ് നേതാക്കള്‍ അറിയിച്ചു.

28 മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മുഴുവന്‍ മേഖലകളിലും തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പാക്കുക, അംഗണവാടി ജീവനക്കാരുടെയും മറ്റ് പദ്ധതി തൊഴിലാളികളുടെയും കാലങ്ങളായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക, എല്ലാ തരത്തിലുമുള്ള കരാര്‍ തൊഴിലുകള്‍ അവസാനിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ ഇരുന്നൂറ് തൊഴില്‍ ദിനങ്ങള്‍ നല്‍കുക, നിതി ആയോഗില്‍ തൊഴിലാളി, കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ബിഎംഎസ് തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.