'മാറി നില്‍ക്കങ്ങോട്ട്...' 

Saturday 18 November 2017 2:48 am IST

കൊച്ചി: ഇടതുമുന്നണിയിലെ തര്‍ക്കങ്ങളും സര്‍ക്കാരിന്റെ പ്രതിസന്ധിയും രൂക്ഷമായപ്പോള്‍ മുഖ്യമന്ത്രിക്ക് രോഷം വീണ്ടും മാധ്യമങ്ങളോട്. മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് ‘കടക്കൂ പുറത്ത്’ എന്നാജ്ഞാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ മാധ്യമങ്ങളോട് കയര്‍ത്തത്, ‘മാറി നില്‍ക്കങ്ങോട്ട്’ എന്നാക്രോശിച്ചുകൊണ്ടാണ്.

കൊച്ചിയിലെ സിപിഎം ഓഫീസായ ലെനിന്‍ സെന്ററില്‍ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു പിണറായി വിജയന്റെ ധാര്‍ഷ്ട്യം പ്രകടമായത്. സംഘപരിവാറിനെ നേരിടാന്‍ കെല്‍പ്പുള്ള ഇന്ത്യയിലെ നേതാവായി പിണറായിയെ ഉയര്‍ത്തിക്കാട്ടാന്‍ വെമ്പുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ തുടര്‍ച്ചയായി ഈ അവഹേളനം നേരിടുന്നതാണ് കൗതുകം. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളും സിപിഐ സ്വീകരിച്ച നിലപാടുമാണ് സര്‍ക്കാരിനെയും  ഇടതുമുന്നണിയെയും പ്രതിസന്ധിയിലാക്കിയത്.

കാറില്‍ നിന്നിറങ്ങി ലെനിന്‍ സെന്ററിനുള്ളിലേക്കു നടന്ന പിണറായി വിജയനു മുന്നിലേക്ക് ചോദ്യങ്ങളുമായി  മാധ്യമപ്രവര്‍ത്തകരെത്തി. ആലപ്പുഴ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്മാലുള്ള നിയമോപദേശം മറച്ചുവെച്ചെന്നാണല്ലോ സിപിഐ പറയുന്നത്…എന്നൊരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴാണ് രൂക്ഷമായി മുഖ്യമന്ത്രി പെരുമാറിയത്. ‘മാറി നില്‍ക്കങ്ങോട്ട്’ എന്ന ആക്രോശം മാധ്യമ പ്രവര്‍ത്തകരെയും കൂടിനിന്ന പാര്‍ട്ടിക്കാരെയും അമ്പരപ്പിച്ചു.മുഖ്യമന്ത്രിയുടെ പ്രതികരണം രൂക്ഷമായപ്പോള്‍ പോലീസ് ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ ലെനിന്‍ സെന്റര്‍ പരിസരത്തു നിന്ന് ഒഴിപ്പിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കി ലെനിന്‍ സെന്ററിനുള്ളിലേക്കു കടന്ന പോലീസ് ഉദ്യോഗസ്ഥനും ആക്രോശത്തിന്റെ ചൂടറിഞ്ഞു. അദ്ദേഹത്തെയും പിണറായി പുറത്താക്കി.

കഴിഞ്ഞ ജൂലൈ 31നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കടക്കൂ പുറത്ത്’ പ്രയോഗം നടത്തിയത്. സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു ഇത്. ചര്‍ച്ച നടന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ കോണ്‍ഫറന്‍സ് മുറിയിലേക്ക് എത്തിയവരെയാണ് പുറത്താക്കിയത്. അന്നും മുഖ്യമന്ത്രിയുടെ പ്രയോഗം വലിയ ചര്‍ച്ചയാകുകയും സിപിഎം കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.