ചൈനയുടെ നീക്കത്തിനെതിരെ ശബ്ദിച്ച ശക്തനായ നേതാവാണ് മോദി

Saturday 18 November 2017 12:05 pm IST

വാഷിങ്ടണ്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് നരേന്ദ്രമോദിയെന്ന് അമേരിക്കയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി. യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദിയെ പ്രശംസിച്ചു കൊണ്ട് മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം. അമേരിക്ക പോലും മൗനം പാലിച്ച സമയത്താണ് ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് തിരിച്ചറിഞ്ഞ മോദി ഇതിനെതിരെ തുറന്നടിച്ചത്. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറിയ പലിശ നിരക്കില്‍ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്. ചൈനയുടെ സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്ന് പില്‍സ്ബറി പറഞ്ഞു. അതേസമയം വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ മാറാനുള്ള ചൈനയുടെ ശ്രമമാണെന്നായിരുന്നു സെനറ്റര്‍ എഡ് മാര്‍ക്കേയുടെ പ്രതികരണം. തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത്രയും വലിയ തുക വായ്പ നല്‍കികൊണ്ട് ചൈന അയല്‍രാജ്യങ്ങളെ സാമ്പത്തിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും മാര്‍ക്കേ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.