പൈതൃക മ്യൂസിയങ്ങളുടെ നിര്‍മാണത്തില്‍ മെല്ലെപ്പോക്ക്

Sunday 19 November 2017 2:24 am IST

തിരുവനന്തപുരം: നാണയ, പൈതൃക മ്യൂസിയങ്ങളുടെ നിര്‍മാണത്തില്‍ മെല്ലെപ്പോക്ക്. പണി പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞെങ്കിലും ഇതുവരെ എങ്ങുമെത്തിയില്ല. പണി എന്നു പൂര്‍ത്തിയാകുമെന്നത് പുരാവസ്തു വകുപ്പിനുപോലും അറിയില്ല. കഴിഞ്ഞ ഡിസംബറോടെ പൂര്‍ത്തിയാകേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് എങ്ങുമെത്താതെ ഇഴയു ന്നത്.
കിഴക്കേകോട്ടയില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേനടയ്ക്കു സമീപമുള്ള ശ്രീപാദം കൊട്ടാരത്തിലാണ് ജില്ലാ പൈതൃക മ്യൂസിയത്തിനായി നിര്‍മാണ പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും നടക്കുന്നത്. അറയും നടുമുറ്റവുമുള്ള നാലുകെട്ട് ഉള്‍പ്പെട്ടതാണ് നാണയ, പൈതൃക മ്യൂസിയം. ‘കേരളം മ്യൂസിയം’ എന്ന നോഡല്‍ ഏജന്‍സിയെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏല്‍പിച്ചിരിക്കുന്നത്. ഇവര്‍ മറ്റൊരാള്‍ക്ക് കരാര്‍ നല്‍കി. കേരള യൂറോപ്യന്‍ വാസ്തു വിദ്യയിലുള്ള സംസ്ഥാനത്തെ ആദ്യകൊട്ടാരമാണു ശ്രീപാദം കൊട്ടാരം. കൊട്ടാരത്തിന്റെ മുന്‍വശം കേരള യൂറോപ്യന്‍ വാസ്തു വിദ്യയിലും മറ്റു ഭാഗങ്ങള്‍ പരമ്പരാഗത വാസ്തു വിദ്യയിലുമാണ് നിര്‍മിച്ചിരിക്കുന്നത്. 2007 ല്‍ 1.83 കോടിരൂപ നല്‍കിയാണു പുരാവസ്തു ഗവേഷണ വകുപ്പ് തിരുവിതാംകൂര്‍ രാജ കുടുംബത്തില്‍ നിന്ന് ശ്രീപാദം കൊട്ടാരം വാങ്ങിയത്. 42 സെന്റിലാണു പൈതൃക മ്യൂസിയം ഒരുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.