ഉത്സവമേളങ്ങളുടെ ഓണാട്ടുകര

Sunday 19 November 2017 2:30 am IST

മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് ഓണാട്ടുകരയ്ക്കുള്ളത്. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര, എന്നീ താലൂക്കുകള്‍ ചേര്‍ന്ന പ്രദേശമാണിത്. കാര്‍ഷിക സംസ്‌കൃതിയും ഉത്സവങ്ങളുമാണ് ഓണാട്ടുകരയെ ഏറ്റവും പ്രശസ്തമാക്കുന്നത്. ഓണം ഊട്ടുകരയാണ് പിന്നീട് ഓണാട്ടുകരയായതത്രെ. തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്‍പ്പെടെ ഓണം ഉണ്ണാനുള്ള നെല്ലും മറ്റുവിഭവങ്ങളും എത്തിച്ചിരുന്നത് ഓണാട്ടുകരയില്‍ നിന്നാണ്. ഇവിടുത്തെ മണ്ണില്‍ വിളയുന്ന നെല്ലിനും പച്ചക്കറികള്‍ക്കുമെല്ലാം പ്രത്യേക സ്വാദും ഔഷധഗുണവുമുണ്ടെന്നാണ് പഴമക്കാരുടെ പക്ഷം. പാടങ്ങളില്‍ രണ്ടുകൃഷി നെല്ലും ഒരു കൃഷി എള്ളും വിളയിക്കുന്നു എന്ന അപൂര്‍വ്വതയും ഓണാട്ടുകരയ്ക്കുമാത്രമുള്ളതാണ്.

ഉത്സവങ്ങളാല്‍ സമ്പന്നമാണ് ഓണാട്ടുകര. അതില്‍ ഏറിയപങ്കും കൃഷിയുമായി ബന്ധപ്പെട്ടാണ്. ഗ്രാമത്തിലെ കരക്കാര്‍ അണിയിച്ചൊരുക്കുന്ന അംബരചുംബികളായ കെട്ടുകാഴ്ചകളാല്‍ പ്രസിദ്ധമാണ് ഓരോ ഉത്സവവും. വിളവെടുത്ത പാടങ്ങളെ കൂറ്റന്‍ കെട്ടുകാഴ്ചകള്‍ ഇളക്കി മറിക്കുമ്പോള്‍ അടുത്ത കൃഷിയിറക്കിന് പാടം സജ്ജമാകുന്നു. കൃഷിയോടൊപ്പം പ്രത്യേക ഭക്ഷ്യസംസ്‌കാരവും വളര്‍ത്തിയെടുക്കാന്‍ ഓണാട്ടുകരയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഓരോ കാലത്തും പ്രകൃതിയില്‍ നിന്നുലഭിക്കുന്ന വിഭവങ്ങളാലാണ് ഭക്ഷണം. ചക്കയും മാങ്ങയും കിഴങ്ങും കാച്ചിലും ചേമ്പും വെള്ളരിയും മത്തനും ചീരയുമെല്ലാം അതതുകാലത്തെ ഭക്ഷണത്തിന്റെ ചേരുവകളാകുന്നു.

പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതായിരുന്നു സംസ്‌കാരം. കാലം ഓണാട്ടുകരയെയും മാറ്റങ്ങള്‍ക്കു വിധേയമാക്കി. പുതുതലമുറയ്ക്ക് കൃഷിചെയ്യാനുള്ള മനസ്സ് ഇല്ലാതായി. കൃഷിയിടങ്ങള്‍ കുറഞ്ഞു. ഓണാട്ടുകരയുടെ ഭക്ഷ്യ സംസ്‌കാരം ഗൃഹാതുരസ്മരണയായി. എങ്കിലും മായാതെയും മായ്ക്കാതെയും ഒന്നുമാത്രം ഓണാട്ടുകരയില്‍ ഇന്നും സജീവമാണ്. ഉത്സവങ്ങള്‍.

ഉത്സവങ്ങളില്ലാത്ത ഓണാട്ടുകര പുതുതലമുറയ്ക്കും ചിന്തിക്കാനാകുന്നില്ല. ഏതു ദേശത്തായാലും ക്ഷേത്രോത്സവങ്ങള്‍ക്ക് നാട്ടിലെത്തുക എന്നതാണ് ഓരോ ഓണാട്ടുകരക്കാരന്റെയും ജീവിതപ്രതിജ്ഞ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവത്തോടെയാണ് ഓണാട്ടുകരയിലെ ഉത്സവങ്ങള്‍ക്ക് തുടക്കമാകുന്നത്. കന്നിമാസത്തിലെ തിരുവോണം നാളിലാണിത്. ചിങ്ങത്തിലെ തിരുവോണശേഷം, ഇരുപത്തിയെട്ടാം ദിവസം. ഓണാട്ടുകരക്കാര്‍ക്കിത് ഇരുപത്തിയെട്ടാം ഓണമാണ്.

ആകാശം മുട്ടെ പൊക്കമുള്ള നൂറുകണക്കിന് കെട്ടുകാളകളാണ് അന്ന് ഓച്ചിറ പടനിലത്തെത്തുന്നത്. സമൃദ്ധമായ വിളവെടുപ്പിന് സഹായിച്ച കാളകള്‍ക്കും ദേശദേവനായ പരബ്രഹ്മത്തിനുമുള്ള നന്ദി പ്രകടിപ്പിക്കാന്‍, കാളയുടെ രൂപവും വിളവിന്റെ പങ്കുമായി ഓച്ചിറ ക്ഷേത്രത്തിലേക്ക് പണ്ട് കര്‍ഷകരെത്തിയിരുന്നു. അതിന്റെ ഓര്‍മ്മകളാണ് ഇപ്പോഴത്തെ വലിയകെട്ടുത്സവങ്ങളായത്. അമ്പത്തിരണ്ട് കരക്കാരാണ് കാളകെട്ട് ഉത്സവത്തില്‍ പങ്കുചേരുന്നത്. ഒരോ ജോടി കെട്ടുകാളകളെ തയ്യാറാക്കും. വെളുപ്പും ചുവപ്പും കാളകള്‍. ചുവന്നകാള പരമശിവനെയും വെള്ളക്കാള പാര്‍വ്വതീദേവിയേയും സങ്കല്‍പിക്കുന്നു. ശിവ-പാര്‍വ്വതി വാഹനമായ നന്ദികേശ സങ്കല്‍പമാണ് കെട്ടുകാളകള്‍ക്കുള്ളത്.

പല ഘട്ടമായിട്ടുള്ള ആചാര അനുഷ്ഠാനങ്ങളോടുകൂടിയാണ് കെട്ടുകാളയുടെ നിര്‍മ്മാണം. ചിങ്ങമാസത്തിലെ തിരുവോണത്തിനു ശേഷം കാളശിരസ് ഒഴിച്ചുള്ള ഉടലിന്റെ നിര്‍മ്മാണം തുടങ്ങും. ശിരസ് അതത് കരക്കാര്‍ക്കോ സമിതികള്‍ക്കോ സ്ഥിരമായി പാലത്തടിയില്‍ തീര്‍ത്തത് ഉണ്ടാവും. കെട്ടുകാള നിര്‍മ്മാണത്തിനുള്ള ആദ്യചടങ്ങ് കാളകളെ നിര്‍മ്മിക്കാനുള്ള പന്തലിന്റെ തൂണ് കന്നിമൂലയില്‍ പ്ലാവിന്‍ തടികൊണ്ട് നാട്ടുന്നതാണ്. പിന്നീട് കാളയുടെ ചട്ടക്കൂട് തയ്യാറാക്കി ഉടല്‍ ഒരുക്കും. ഓണാട്ടുകരയിലെ കൃഷിയിടങ്ങളില്‍ നിന്നും സംഭരിച്ച വൈയ്‌ക്കോല്‍ കൊണ്ടാണ് ചട്ടക്കൂട് പൊതിഞ്ഞ് ഉടലൊരുക്കുന്നത്. അതിനുശേഷം ഉടല്‍ ചുവന്ന പട്ടിലും വെള്ള പട്ടിലും പൊതിയും. ഏറ്റവും ഒടുവില്‍ ശിരസ് സ്ഥാപിക്കും.

ഈ ഘട്ടത്തിലെല്ലാം പ്രത്യേക പൂജകളും ഉണ്ടാവും. ശിരസ് സ്ഥാപിക്കുന്നതാണ് ഏറ്റവും പ്രധാന ചടങ്ങ്. പിന്നീട് കാളകള്‍ക്ക് മണികെട്ടുകയും അലങ്കരിക്കുകയും ചെയ്യും. കാളയുടെ നിര്‍മ്മാണ സമയത്ത് പന്തലില്‍ സദ്യയുണ്ട്. കാളമൂട്ടില്‍ സദ്യ. ഇരുപ്പത്തിയെട്ടാമോണത്തിന്റെ അന്നായിരിക്കും കെട്ടുകാളകളെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുക. ക്ഷേത്രത്തിലെത്തുന്ന കെട്ടുകാളകളെ പിറ്റേന്നു രാവിലെ വരെ ഒന്നിച്ചിരുത്തുന്നു. അടുത്ത ദിവസം അവിടെവച്ച് തന്നെ പൊളിച്ച് ശിരസും ചട്ടക്കൂടും തിരിച്ച് കൊണ്ടുപോരും, അടുത്ത ഇരുപ്പത്തിയെട്ടാമോണത്തിന് വീണ്ടും കെട്ടിയൊരുക്കുന്നതിന്. കാളകളുടെ ഉയരത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ കരക്കാരും തങ്ങളുടെ പ്രതാപം അറിയിക്കുന്നത്. പത്തു ലക്ഷം മുതല്‍ ഒരു കോടിവരെ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കെട്ടുകാളകളാണ് ഓച്ചിറ പടനിലത്തെത്തുന്നത്.

ആചാരാനുഷ്ഠാനങ്ങളുടെയും പ്രതാപത്തിന്റെയും ഒത്തുചേരലാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ഭരണി ഉത്സവം. കുത്തിയോട്ടവും കെട്ടുകാഴ്ചയുമാണിവിടെ പ്രധാനം. ഓണാട്ടുകരയുടെ ദേശക്കൂട്ടായ്മയാണ് ചെട്ടികുളങ്ങര കുംഭഭരണിക്ക് നേതൃത്വം നല്‍കുന്നത്. കുംഭമാസത്തിലെ തിരുവോണനാളില്‍ തുടങ്ങുന്ന കെട്ടുകാഴ്ചയ്ക്കുളള ഒരുക്കങ്ങള്‍ അവസാനിക്കുന്നത് ഭരണിനാളില്‍. തേരും കുതിരയും ഭീമനും ഹനുമാനുമടക്കമുള്ള കൂറ്റന്‍ കെട്ടുകാഴ്ചകളൊരുക്കി ദേവിക്കു സമര്‍പ്പിക്കുന്നതാണ് ആചാരം. അഞ്ചും ആറും നിലയുള്ള കെട്ടിടങ്ങളുടെ ഉയരത്തില്‍ മരച്ചട്ടങ്ങളില്‍ ഉണ്ടാക്കുന്ന എടുപ്പുകളാണ് തേരുകളും കുതിരകളും.
കെട്ടുകാഴ്ചയുടെ നിര്‍മ്മാണം തുടങ്ങുന്നതു മുതല്‍ ഓണാട്ടുകര ഭരണി ഉത്സവത്തിമിര്‍പ്പിലാകും.

കെട്ടുകാഴ്ച ഒരുക്കുന്ന ഇടം കുതിരമൂടെന്ന് അറിയപ്പെടുന്നു. ഭരണിനാള്‍ വരെ ദേശവാസികള്‍ കുതിരമൂട്ടില്‍ കാണും. നാട്ടുകാര്‍ക്ക് ആഹാരവും കുതിരമൂട്ടില്‍ തന്നെ. കുതിരമൂട്ടില്‍ കഞ്ഞിയാണ് ഭക്ഷണം. കഞ്ഞിക്കു കറി അസ്ത്രം. പിന്നെ മുതിര പുഴുങ്ങിയതും. അസ്ത്രം എന്ന കറി തന്നെ ഓണാട്ടുകരയുടെ തനതു വിഭവമാണ്. പറമ്പില്‍ കൃഷി ചെയ്യുന്ന ചേന, കാച്ചില്‍, ചേമ്പ്, കിഴങ്ങ് എന്നിവയെല്ലാം ചേരുന്നതാണ് അസ്ത്രം. മണ്ണിലിരുന്ന് വാഴയിലക്കുമ്പിള്‍ കുത്തി അതില്‍ ചൂടുകഞ്ഞിയൊഴിച്ചു കുടിക്കും. അസ്ത്രത്തിനു വേണ്ട സാധനങ്ങള്‍ക്കായിട്ടാണെങ്കിലും നാട്ടില്‍ കൃഷി അന്യം നിന്നു പോകില്ലെന്നാണ് വിശ്വാസം.

മാറി വരുന്ന ഭക്ഷണശീലങ്ങള്‍ക്കിടയിലും പഴയതിന്റെ ഗുണം പുതുതലമുറയെ പഠിപ്പിക്കാനുമാകും. മുമ്പ് മുതിരക്കൃഷിയുണ്ടായിരുന്ന ഈ പ്രദേശത്തേക്ക് ഇപ്പോള്‍ മുതിര കൊണ്ടു വരുന്നതു തമിഴ്നാട്ടില്‍ നിന്നാണ്. ഒരാഴ്ച കൊണ്ട് ആകാശത്തോളം ഉയരത്തില്‍ കെട്ടിപ്പൊക്കുന്ന കാഴ്ചയും കെട്ടിവലിച്ച് എള്ളിന്‍ വയലുകളിലൂടെ ദേവിയുടെ നടയിലേക്ക് നടത്തിയിരുന്ന യാത്രയുടെ തനിയാവര്‍ത്തനമാണ് ഓരോ വര്‍ഷവും നടക്കുന്നത്. ഇന്ന് എള്ളിന്‍കണ്ടങ്ങളില്ല. നഷ്ടത്തിന്റെ പേരില്‍ എള്ളിന്‍കൃഷിയും നിര്‍ത്തി. വയലിലൂടെ വരുന്ന തേരും കുതിരകളുമിപ്പോള്‍ പേരിനുമാത്രമായി.

കെട്ടു കാഴ്ചയോളം തന്നെ പ്രധാനമാണ് കുത്തിയോട്ടവും. ബാലന്മാരെ ദേവിക്കു ബലി നല്‍കുന്നുവെന്ന സങ്കല്‍പ്പമാണ് കുത്തിയോട്ടത്തിനു പിന്നില്‍. കുംഭത്തിലെ തിരുവോണത്തിനു വഴിപാടുകാര്‍ കുട്ടികളെ ദത്തെടുത്തു ക്ഷേത്രത്തില്‍ കുത്തിയോട്ട ആശാന്മാരുമായി എത്തി ദര്‍ശനം നടത്തുന്നതോടെ ചടങ്ങു തുടങ്ങും. അന്നുമുതല്‍ വഴിപാടു നടത്തുന്നവരുടെ വീടുകളില്‍ പാട്ടും ചുവടുമായി കുത്തിയോട്ടം ആരംഭിക്കും. ഇത് അഞ്ചു നാള്‍ നീളും. അത്രയും ദിവസം മൂന്നു നേരവും ഈ വീടുകളില്‍ സദ്യ ഉണ്ടാവും. ആര് ആവശ്യപ്പെട്ടാലും ഭക്ഷണം നല്‍കണമെന്നാണ് ആചാരം. ചിലപ്പോള്‍ വേഷം മാറി ദേവി തന്റെ ഭക്തരെ പരീക്ഷിക്കാന്‍ എത്തുമത്രെ.

ഉത്സവദിവസം രാവിലെ കുത്തിയോട്ട കുട്ടികളുമായി വന്‍ഘോഷയാത്ര. അമ്പലനടയില്‍ കുത്തിയോട്ട ബാലന്മാരുടെ മുതുകില്‍ സ്വര്‍ണ്ണനൂല്‍ തുളച്ച് ചൂരല്‍ മുറിയല്‍ നടത്തുതോടെ കുത്തിയോട്ട ചടങ്ങു പൂര്‍ണ്ണമാകും. ഭരണിയുടെ അന്ന് സദ്യ വിളമ്പുമ്പോള്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ട വിഭവമാണ് കൊഞ്ചും മാങ്ങയും ചേര്‍ത്ത കറി. കൊഞ്ചുംമാങ്ങാക്കറി കൂട്ടാതെ ഓണാട്ടുകരക്കാര്‍ക്ക് ഭരണിസദ്യയില്ല.

ചില ദേവീക്ഷേത്രങ്ങളില്‍ ആനപ്പുറത്തെഴുന്നള്ളത്തിന് പകരം ജീവത എഴുന്നള്ളിക്കുന്നത് ഓണാട്ടുകരയുടെ പ്രത്യേകതയാണ്. തടികൊണ്ട് നിര്‍മ്മിച്ച അലങ്കരിച്ച പേടകത്തില്‍ ദേവിയെ ഇരുത്തി, പേടകം രണ്ടുപേര്‍ തോളിലെടുക്കുന്നു. ചില ക്ഷേത്രങ്ങളില്‍ നേദിക്കാന്‍ ചാരായവും കോഴിയും വേണം. ഒരേയൊരു ദുര്യോധന ക്ഷേത്രമായ മലനടയിലാണീ ആചരം. അങ്ങനെ ഓണമൂട്ടുകര വ്യത്യസ്തതകളാല്‍ സമ്പന്നം.

ഓച്ചിറയിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തോടെ ആരംഭിക്കുന്ന ഉത്സവങ്ങള്‍ അവസാനിക്കുന്നതും ഓച്ചിറയില്‍ തന്നെ. മിഥുനം ഒന്ന് രണ്ട് തീയതികളില്‍ നടക്കുന്ന ഓച്ചിറക്കളിയോടെ. അന്ന് കച്ചകെട്ടിയ യോദ്ധാക്കള്‍ വെള്ളവും ചളിയും നിറഞ്ഞ കണ്ടത്തില്‍ അങ്കം വെട്ടും….

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.