പൊന്നണിഞ്ഞ മേളപ്പെരുക്കങ്ങള്‍

Sunday 19 November 2017 2:30 am IST

പൂരമെന്ന വാക്കിന് മലയാളത്തില്‍ ഒരര്‍ത്ഥമേയുള്ളു തൃശൂര്‍ പൂരം. പൊന്നണിഞ്ഞ മാമലകള്‍പോലെ കരിവീരന്മാര്‍. മേളപ്പെരുക്കങ്ങളില്‍ അലിഞ്ഞലിഞ്ഞ് പുരുഷാരം. വെടിക്കെട്ടിന്റെ മാസ്മരിക പ്രഭയില്‍ എല്ലാംമറക്കുന്ന പൂരക്കമ്പക്കാര്‍. തൃശൂരിന് പൂരം ലഹരിയാണ്. ആണ്ടോടാണ്ട് വിരുന്നെത്തുന്ന മേടത്തിലെ പൂരംനാള്‍ ലോകത്തെങ്ങുമുള്ള മലയാളികള്‍ ഒരുവട്ടമെങ്കിലും മനസ്സുകൊണ്ട് തൃശൂരിലെത്തും. വടക്കുന്നാഥന്റെ മുറ്റത്ത് ആ പൂരത്തിരക്കില്‍ ഇത്തിരിനേരമലയാന്‍.

ആനയും മേളവും കരിമരുന്നും അതാണ് തൃശൂര്‍ക്കാരുടെ പൂരം. കൂട്ടത്തില്‍ തലയെടുപ്പുള്ള കൊമ്പനാണ് തിടമ്പ്. ആരാധകരും അവനുചുറ്റും വട്ടമിടും.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍, മംഗലാംകുന്ന് കര്‍ണന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, പാറമേക്കാവ് പത്മനാഭന്‍, തിരുവമ്പാടി ശിവസുന്ദര്‍, ഗുരുവായൂര്‍ വലിയകേശവന്‍…അങ്ങനെ തൃശൂര്‍ പൂരത്തിന് തിടമ്പേറ്റുന്ന കരിവീരന്മാര്‍ക്കെല്ലാം സൂപ്പര്‍സ്റ്റാറിന്റെ വിലയും നിലയുമാണ്. ആനയെക്കാണാന്‍ മാത്രമായി പൂരപ്പറമ്പിലെത്തുന്ന ആനപ്രേമികളുമുണ്ട്.

ആറാട്ടുപുഴയും പാര്‍ക്കാടിയുമെല്ലാം ആനച്ചന്തത്തിന്റെ മാറ്റുരയ്ക്കുന്ന വേദികള്‍ കൂടിയാണ്. ഭൂമിയിലെ ദേവമേളയെന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. ഒരുപക്ഷെ കേരളത്തില്‍ ഇന്നാഘോഷിക്കപ്പെടുന്ന ഉത്സവങ്ങളില്‍ ഏറ്റവും പഴയതും പ്രൗഢിയേറിയതുമായ ക്ഷേത്ര ഉത്സവമാണ് ആറാട്ടുപുഴ പൂരം. ആറാട്ടുപുഴ ശാസ്താവിന്റെ കൊയ്‌ത്തൊഴിഞ്ഞ പുഞ്ചപ്പാടത്ത് ആനപ്പുറത്തേറിവരുന്ന ദേവീദേവന്മാര്‍ സംഗമിക്കുന്നതാണ് ആറാട്ടുപുഴ ദേവമേള. മലയാളക്കരയിലെ എണ്ണംപറഞ്ഞ വാദ്യക്കാരെല്ലാം ചെണ്ടയും കോലുമായി അന്ന് പുഞ്ചപ്പാടത്തെത്തും.

നെന്മാറ-വല്ലങ്ങി വേലയും ലോകപ്രസിദ്ധമാണ്. നെന്മാറ ദേശവും വല്ലങ്ങി ദേശവും മത്സരിച്ചാണ് പൂരത്തിന് ആളും ആരവവും കൂട്ടുക. നെന്മാറ ഭഗവതിക്ഷേത്രത്തിന്റെ വിശാലമായ ക്ഷേത്രമുറ്റത്ത് കൂട്ടിഎഴുന്നള്ളിപ്പും നടക്കും. കുടമാറ്റം, പഞ്ചവാദ്യം, വെടിക്കെട്ട് എന്നിവയും തൃശൂര്‍പൂരത്തോളം വരും. കാണികളായി ആയിരങ്ങളും.

പാലക്കാട് നഗരഹൃദയത്തിലെ വലിയ സൗന്ദര്യ കാഴ്ചകളിലൊന്നാണ് വടക്കുന്തറ വേല. കമ്പക്കെട്ടാണ് വടക്കുന്തറ വേലയുടെ പ്രധാന ആകര്‍ഷണീയത. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമായി വന്‍ ജനാവലിയാണ് കമ്പക്കെട്ട് കാണാന്‍ എത്തുക.
ചിറ്റൂരിലെ കൊങ്ങന്‍പട ചരിത്രപ്രാധാന്യമുള്ളതാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ചിറ്റൂര്‍ രാജാവിന്റെ സമരങ്ങളെ ഓര്‍മ്മിപ്പിക്കുന്നതാണ് കൊങ്ങന്‍പടയെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം. കോയമ്പത്തൂരില്‍ നിന്ന് ചിറ്റൂര്‍ നാട് ആക്രമിക്കാന്‍ വന്നവരെ തുരത്താന്‍ നടന്ന യുദ്ധമാണ് കൊങ്ങന്‍ പടയെന്ന് മറ്റൊരുകൂട്ടര്‍. ഏതായാലും ചിറ്റൂരിന്റെ നാട്ടുജീവിതവുമായി നൂറ്റാണ്ടുകളുടെ ചരിത്രബന്ധമുണ്ട് കൊങ്ങന്‍ പടയ്ക്ക്.

കണ്ണിനും കാതിനും ഒരുപോലെ ഇമ്പമേകുന്ന മതിവരാസൗന്ദര്യമാണ് കല്‍പാത്തി രഥോത്സവം. ശാസ്ത്രീയ സംഗീതത്തിന്റെ പെരുമഴ നനഞ്ഞ് സംഗീതാസ്വാദകര്‍ രഥോത്സവം ആഘോഷമാക്കും. കാളവരവിന് പ്രസിദ്ധമാണ് പാലക്കാട് ജില്ലയിലെ തത്തമംഗലം വേല. മുളന്തണ്ടുകളിലുറപ്പിച്ച വലിയ കാളരൂപങ്ങളെ ചുമലിലേറ്റി ആര്‍പ്പുവിളിച്ച് നാട്ടുകാര്‍ വയലുകളും ഇടവഴികളും താണ്ടിയെത്തും തത്തമംഗലം വേലയ്ക്ക്.

പഴന്തമിഴിന്റെ അനുഷ്ഠാനചാരുതയും പ്രാചീനകേരളത്തിന്റെ മൊഴിവഴക്കങ്ങളും കൊണ്ട് ആസ്വാദ്യമാണ് കൊടുങ്ങല്ലൂര്‍ ഭരണി. മീനമാസത്തിലെ രേവതി, അശ്വതി, ഭരണി നാളുകളില്‍ കൊടുങ്ങല്ലൂര്‍ കുരുംബക്കാവ് ചെമ്പട്ടണിയും. കലിതുള്ളിയെത്തുന്ന കോമരങ്ങള്‍ മുളന്തണ്ടുകളില്‍ താളമിട്ട് ക്ഷേത്രത്തിന് ചുറ്റും തുള്ളിയുറയുമ്പോള്‍ മലയാളത്തിന്റെ അമ്മഭഗവതി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. ആദ്യകാലത്ത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ഏറെ കുപ്രസിദ്ധിനേടിയ ഒന്നായിരുന്നു. പിന്നീടതിലെ അശ്ലീല പദപ്രയോഗങ്ങള്‍ നിയന്ത്രിക്കപ്പെട്ടു. എങ്കിലും ഇന്നും ഉഗ്രന്‍ ഭരണിപ്പാട്ടുകള്‍ അശ്വതിനാളില്‍ കൊടുങ്ങല്ലൂരില്‍ കേള്‍ക്കാം.

ഒട്ടേറെ ചടങ്ങുകള്‍ക്കൊണ്ട് ശ്രദ്ധേയമാണ് കൊടുങ്ങല്ലൂര്‍ ഭരണി. വടക്കന്‍പാട്ടുകളിലെ വീരനായകനായ തച്ചോളി ഒതേനന്റെ പിന്മുറക്കാര്‍ കൊടുങ്ങല്ലൂരിലെത്തി കോഴിയെ നടയ്ക്കിരുത്തുന്നതോടെയാണ് ഭരണി ഉത്സവങ്ങള്‍ക്ക് തുടക്കമാവുക. ക്ഷേത്രത്തിന് ചുറ്റുമുള്ള അരയാല്‍ വൃക്ഷങ്ങളില്‍ വേണാടന്‍ കൊടികളുയര്‍ത്തി ഉത്സവം വിളംബരം ചെയ്യും. പിന്നീടുള്ള ദിവസങ്ങള്‍ കോരമക്കൂട്ടങ്ങളുടേതും ഭക്തസഹസ്രങ്ങളുടേതുമാണ്.

ചിനക്കത്തൂര്‍ പൂരവും, മണ്ണാര്‍ക്കാട് പൂരവും മധ്യകേരളത്തിന്റെ ആഹ്ലാദനിറവുകളാണ്. കരിമഷിയും ചാന്തും കുപ്പിവളകളും, ബലൂണുകളും നിറയുന്ന ഉത്സവപ്പറമ്പുകള്‍. അമ്മയുടേയും അച്ഛന്റേയും കൈപിടിച്ച് പൂരംകണ്ട് മതിമറന്ന് ബാല്യങ്ങള്‍. വാര്‍ദ്ധക്യത്തിന്റെ തളര്‍ച്ചയിലും പൂരംകാണാനെത്തുന്ന മുതിര്‍ന്നവര്‍. ചിനക്കത്തൂരിലും മണ്ണാര്‍ക്കാടുമൊക്കെ പൂരം ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇനിയും ആധുനിക യന്ത്രവേഗങ്ങള്‍ കീഴടക്കാത്ത ഗ്രാമീണ മനസ്സാണ് ഈ പൂരങ്ങളെ സമ്പന്നമാക്കുന്നത്.

പട്ടാമ്പി മുസ്ലീം നേര്‍ച്ച സവിശേഷമായ ആചാരങ്ങള്‍ക്കൊണ്ട് സമ്പന്നമാണ്. ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകം കൂടിയാണ് പട്ടാമ്പി നേര്‍ച്ച. നേര്‍ച്ച ആഘോഷകമ്മിറ്റിയുടെ ചെയര്‍മാന്‍ എല്ലായ്‌പ്പോഴും ഹിന്ദുവായിരിക്കും. 90 ആനകള്‍ പട്ടാമ്പി നേര്‍ച്ചയുടെ ഭാഗമായുള്ള എഴുന്നള്ളത്തിന് അണിനിരക്കും. ആനപ്രേമികള്‍ക്ക് അതൊരു മതിവരാക്കാഴ്ചയാണ്. പാലക്കാട് ജില്ലയിലെ പല്ലന്‍ചാത്തന്നൂര്‍ നേര്‍ച്ചയും കൗതുകക്കാഴ്ചകള്‍ സമ്മാനിക്കുന്ന ഒന്നാണ്. ആനപ്പുറത്ത് വലിയ അപ്പപ്പെട്ടികള്‍ എഴുന്നള്ളിക്കും. അലങ്കരിച്ച അനേകം കാളവണ്ടികള്‍ നേര്‍ച്ചക്കെത്തും.

പെരിയാറിന് വടക്കും ഭാരതപ്പുഴക്ക് തെക്കുമായുള്ള മധ്യകേരള പ്രദേശത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. മേളകലയുടെ ആചാര്യന്മാരായ ഒട്ടേറെപേര്‍ ഇവിടെയാണ് കലയുടെ നാദവിസ്മയങ്ങള്‍ക്ക് രൂപം നല്‍കിയത്. പല്ലാവൂര്‍ത്രയം, അന്നമനടത്രയം, പെരുവനം ഗ്രാമം, തിരുവില്വാമലയിലെ വെങ്കിച്ചന്‍ സ്വാമിയും ശിഷ്യരും, എല്ലാവരും വാദ്യകലയുടെ മറുകരകണ്ടവരാണ്. പഞ്ചവാദ്യവും ചെണ്ടമേളവും ജീവവായുപോലെ കൂടെ കൊണ്ടുനടന്നവര്‍. ഇവിടുത്തെ ജനങ്ങള്‍ക്കുമുണ്ട് ഈ വാദ്യപ്രേമം. ആനയും വാദ്യവും ഒഴിവാക്കി ഒരുത്സവം ചിന്തിക്കാനാവില്ല ഈ പ്രദേശത്തുകാര്‍ക്ക്. അതുകൊണ്ടുതന്നെ ഓരോ ഉത്സവകാലവും എത്തുന്നത് പ്രതീക്ഷയോടെ കാത്തിരിക്കും ഈ നാട്. പ്രിയപ്പെട്ട നാദങ്ങള്‍ക്കായി. പ്രിയപ്പെട്ട കരിവീരന്മാരുടെ എഴുന്നള്ളിപ്പുകള്‍ക്കായി…

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.