നെല്ലില്‍ നിന്നും പണം കൊയ്ത് കര്‍ഷകര്‍

Sunday 19 November 2017 2:30 am IST

. സ്വന്തം പാടത്ത് വിളയുന്ന നെല്ല് സ്വന്തം
ഉത്പന്നമായി വിപണിയില്‍ എത്തിക്കുന്നു
. ഉമിപോലും വരുമാന മാര്‍ഗം
. പരമ്പരാഗത രീതിയില്‍ തയ്യാറാക്കല്‍
. വിപണി വീട്ടില്‍ തന്നെ
. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ
ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൃഷി

കര്‍ഷകരോട് തിരക്കിയാല്‍ നെല്‍കൃഷി എന്നാണ് മറുപടി. വര്‍ദ്ധിച്ചുവരുന്ന കൂലി ചെലവുകള്‍, വളത്തിന്റെയും കീടനാശിനികളുടെയും വിലവര്‍ദ്ധന ഇവയ്‌ക്കെല്ലാം പുറമേ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എല്ലാം നെല്‍ കാര്‍ഷിക മേഖലയ്ക്കു വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം മറികടന്ന് നെല്‍കൃഷിയില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ച് പണം കൊയ്യുകയാണ് ആലപ്പുഴ കുട്ടനാട് ചെമ്പുംപുറം മാമ്പള്ളില്‍ വീട്ടില്‍ സജു. തന്റെ നാലേക്കര്‍ നെല്‍പ്പാടത്ത് വിളയുന്ന നെല്ല് പുറംലോകത്ത് എത്തുന്നത് മൂല്യവര്‍ധിത ഉല്‍പന്നങ്ങളായിട്ടാണെന്ന് സജു പറയുന്നു. നെല്ലില്‍ നിന്ന് മാത്രമല്ല സജു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. പുരയിടത്തിലെ തെങ്ങില്‍ നിന്ന് ലഭിക്കുന്ന തേങ്ങയില്‍ നിന്നും പശുവിന്റെ ചാണകത്തില്‍ നിന്നും മൂത്രത്തില്‍ നിന്നുപോലും സജു മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.

ഉല്‍പാദന ചെലവ് ഉയരുന്ന കാലഘട്ടത്തില്‍ യന്ത്രങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ മാത്രമേ പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളുവെന്ന് സജു പറയുന്നു. ഇതിനായി സജു തെരഞ്ഞെടുത്തിരിക്കുന്നത് സ്വന്തം മില്ല് തന്നെയാണ്. മില്ലില്‍ നിന്നും പുറത്തേക്ക് കളയുന്ന തവിടും ഉമിയും ഉപയോഗിച്ച് പരമ്പരാഗത രീതിയില്‍ കുറ്റിയടുപ്പുകള്‍ കത്തിച്ചാണ് അരിപ്പൊടിയും അവിലോസ് അടക്കമുള്ളവയുടെ നിര്‍മ്മാണം. ഗ്യാസ് അടുപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് സജുവിന്റെ പ്രവര്‍ത്തനങ്ങള്‍. പരമാവധി ചെലവ് ചുരുക്കി ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചാല്‍ വിപണി ഉത്പാദകനെ തേടിയെത്തുമെന്നാണ്് സജുവിന്റെ അനുഭവം. സാധാരണ നെല്ല് കുത്ത് യന്ത്രത്തില്‍ സജിയുടെ ശാസ്ത്ര കാഴ്ചപ്പാടിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് വിവിധ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിന് അനുയോജ്യമായ യന്ത്രം തയ്യാറാക്കിയിരിക്കുന്നത്.

നെല്ലിന്റെ വിവിധ ഉല്‍പന്നങ്ങള്‍

സ്വന്തം പാടത്ത് വിളയിക്കുന്ന നെല്ല് പുറത്ത് വില്‍ക്കാതെ മൂല്യാധിഷ്ഠിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിച്ചാല്‍ വന്‍സാമ്പത്തിക നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് കുട്ടനാട്ടുകാരനായ ഈ കര്‍ഷകന്‍. പാടത്ത് വിത്തെറിയുന്നത് മുതല്‍ വിളവെടുക്കുന്നതുവരെ സജുവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും പാടശേഖരം. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ പിന്തുണയും സജുവിനുണ്ട്. പാടത്ത് വിളയിക്കുന്ന നെല്ല് കൊയ്ത്ത് യന്ത്രത്തില്‍ തന്നെ തന്റെ മില്ലില്‍ നേരിട്ട് എത്തിച്ചാണ് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. നെല്ല് സ്വന്തം മില്ലില്‍ നേരിട്ട് എത്തിക്കുന്നതിന് വേണ്ടി ചിറയില്‍ (പുരയിടം) പ്രത്യേകതരത്തില്‍ സ്ലോപ്പ് നിര്‍മ്മിച്ചു. വിളവെടുക്കുന്ന നെല്ല് പാടശേഖരത്തുനിന്ന് നേരിട്ട് മില്ലില്‍ എത്തിയാല്‍ ചുമട്ട് തൊഴിലാളികളുടെ കൂലി ലാഭിക്കാന്‍ സാധിക്കും.

മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ഒന്നാമത്തേത് നെല്‍വിത്ത് തന്നെയാണ്. മറ്റുകര്‍ഷകര്‍ക്ക് നല്‍കുന്നതിനായി ഗുണമേന്മ ഉറപ്പ് വരുത്തിയാണ് വിത്തിനുള്ള നെല്ല് ശേഖരിക്കുന്നത്. നെല്‍വിത്ത് മില്ലിന്റെ മുന്‍ഭാഗത്ത് പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് ശേഖരിക്കും. മങ്കൊമ്പ് നെല്ലുഗവേഷണ കേന്ദ്രത്തില്‍ പരീക്ഷണം നടത്തുന്ന വിവിധയിനം വിത്തുകളും സജു വിജയകരമായി കൃഷിചെയ്യാറുണ്ട്. വിത്തിന് വേണ്ടിയുള്ള നെല്ലിന് പ്രത്യേക പരിചരണവും ശ്രദ്ധയും നല്‍കുന്നു.

തവിട് നിര്‍ത്തിയും നിര്‍ത്താതെയുമുള്ള അരിയിനങ്ങളാണ് മറ്റ് രണ്ട് പ്രധാന മൂല്യവര്‍ധിത ഉത്പന്നങ്ങള്‍. ഈ അരിയിനങ്ങള്‍ക്ക് നിരവധി ആവശ്യക്കാരാണ് എത്തുന്നത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം അരിയിനങ്ങള്‍ എത്താറുണ്ടെങ്കിലും അവയ്ക്കു ഗുണനിലവാരം വളരെ കുറവായിരിക്കും. സജുവിന്റെ ഉല്‍പന്നം തനി കുട്ടനാടന്‍ പുഞ്ചയിനമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായിക്കഴിഞ്ഞിരിക്കുന്നു. പുഞ്ച പുട്ടുപൊടിയാണ് മറ്റൊരിനം, കുട്ടനാടന്‍ പുഞ്ച പുട്ടുപൊടിയെന്ന പേരില്‍ വിവിധ വര്‍ണ്ണങ്ങള്‍ അടങ്ങിയ പായ്ക്കറ്റുകളില്‍ നിരവധി ഉല്‍പന്നങ്ങളാണ് കേരളത്തിന്റെ മാര്‍ക്കറ്റുകളില്‍ വിറ്റഴിയുന്നത്. എന്നാല്‍ ഈ ഉത്പന്നങ്ങളെ എല്ലാം തന്റെ നാടന്‍ പുഞ്ച പുട്ടുപൊടി ഗുണമേന്മ•കൊണ്ടാണ് നേരിട്ടതെന്ന് സജു പറയുന്നു. തന്റെ പാടത്ത് വിളയിച്ച പുഞ്ചയരി പുഴുങ്ങി കുത്തി മില്ലില്‍ വറുത്ത് പായ്ക്കറ്റുകളിലാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്.

പാല്‍പായസം ഉണ്ടാക്കുന്നതിനായി പാല്‍പായസ നുറുക്ക് എന്ന പേരില്‍ അരിനുറുക്ക് ഉണക്കലരിയില്‍ നിന്നും നിര്‍മ്മിക്കുന്നു. ഇത് പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് വിപണിയില്‍ എത്തിക്കുന്നത്. റംസാന്‍കാലത്ത് കഞ്ഞിവെയ്ക്കുന്നതിനായി സജു തയ്യാറാക്കുന്ന നോമ്പ് കഞ്ഞിയരിക്കും വലിയ ഡിമാന്റാണ്. നാടന്‍ നെല്ല് വാട്ടി കുത്തി പൊടിയരിയും മില്ലില്‍ തന്നെ നിര്‍മ്മിക്കുന്നു. ഇവ രണ്ടും പ്രത്യേകം പായ്ക്കറ്റുകളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. നോമ്പ് കാലത്ത് സ്ഥിരമായി പള്ളികളില്‍ നിന്ന് ആവശ്യക്കാര്‍ എത്താറുണ്ടെന്നും മലപ്പുറത്ത് നിന്നുവരെ ആവശ്യക്കാര്‍ എത്തിയിട്ടുണ്ടെന്നും സജു പറഞ്ഞു.

ഉമി നീക്കിയ അരിയില്‍ നിന്നും ശേഖരിക്കുന്ന തവിടിനും ആവശ്യക്കാര്‍ ഏറെയാണ്. ഷുഗര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും പ്രായമായവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പോഷകങ്ങളുടെ കലവറയാണ് ഈ രീതിയില്‍ വേര്‍തിരിച്ചെടുക്കുന്ന തവിട് .
ആറുമാസംവരെ കേടുകൂടാതെ ഇരിക്കുന്നതിന് വേണ്ടി തേങ്ങ ചിരണ്ടി ഉണക്കി വറുത്താണെടുക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന ഗോതമ്പ് പൊടിച്ച് ഗോതമ്പ് പൊടിയായും വില്‍പ്പന നടത്തുന്നുണ്ട്. തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പഞ്ഞപ്പുല്ല്, റാഗി എന്നിവ കഴുകി വൃത്തിയാക്കിയും വിപണിയില്‍ എത്തിക്കുന്നുണ്ട്. മുണ്ടിദേഹം, മല്ലിപ്പൊടി, മുളക്‌പൊടി തുടങ്ങിയവയും സംസ്‌കരിച്ച് നല്‍കുന്നു.

സജുവിന്റെ തന്ത്രങ്ങള്‍ യന്ത്രങ്ങളില്‍

നെല്ല് പാടശേഖരത്തുനിന്ന് വിളവെടുത്ത് കഴിഞ്ഞാല്‍ നേരെ എത്തുന്നത് മില്ലിംഗ് മെഷീനിലേക്കാണ്. ഈ യന്ത്രത്തില്‍ സജു പ്രത്യേകം കോളാമ്പിയുടെ ആകൃതിയില്‍ മറ്റൊരു യന്ത്രം ഘടിപ്പിച്ചിട്ടുണ്ട്. നെല്ല് ഇതിലൂടെ കടത്തിവിട്ട് മില്ലിംഗ് യന്ത്രത്തില്‍ എത്തിച്ച് നെല്ലും പതിരും വേര്‍തിരിക്കുന്നതാണ് ആദ്യ പ്രവൃത്തി. പതിര്, യന്ത്രം പുറത്തേക്ക് കളയുമ്പോള്‍ നെല്ല് യന്ത്രത്തിന്റെ ഉള്ളില്‍ തന്നെ സംഭരിക്കുന്നു. പഞ്ഞപ്പുല്ലിലെ പൊടികളഞ്ഞ് വൃത്തിയാക്കുന്നതുമെല്ലാം ഈ യന്ത്രം ഉപയോഗിച്ചാണ്. സീവ് യന്ത്രത്തില്‍ കല്ലും മണ്ണും മറ്റ് പാഴ് വസ്തുക്കളും അരിച്ച് വൃത്തിയാക്കുന്നതിനുള്ള സംവിധാനം ക്രമികരിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ അരി വേര്‍തിരിച്ച് ഗ്രേഡിംഗ് നടത്തുന്നതിനും അരിപ്പകള്‍ മാറ്റി അവലോസ് പൊടിയിലെ കട്ടകള്‍ വേര്‍തിരിക്കുന്നതിനും അരിപ്പൊടിയിലെ കട്ടകള്‍ മാറ്റുന്നതിനുമെല്ലാമുള്ള സൗകര്യം സജു കുറഞ്ഞ ചെലവില്‍ യന്ത്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗ്രേഡിങ് നടത്തിയ ചെറിയ അരി, പാല്‍ പായസ നുറുക്ക് തയ്യാറാക്കുന്നതിനും വലുത,് പടച്ചോറ് അരിയായും വില്‍പ്പന നടത്തുന്നു. ഇതില്‍ അരിപ്പൊടി തയ്യാറാക്കാനും സാധിക്കും. അരിപ്പൊടി ചൂടോടെ തെള്ളി തണുപ്പിച്ച് പായ്ക്കു ചെയ്യുന്നതും ഇവിടെ തന്നെ. ഷെല്ലര്‍ യന്ത്രം ഉപയോഗിച്ച് തവിട് നിര്‍ത്തി നെല്ലിന്റെ ഉമിമാത്രം കളഞ്ഞ് അരിയാക്കുന്നു. ഉണക്കിയ നെല്ലില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്.

സാധാരണ മില്ലിങ് യൂണിറ്റില്‍ തവിടുകളഞ്ഞ് നെല്ല് പോളിഷ് ചെയ്ത് എടുക്കാനും സംവിധാനം ഉണ്ട്. അരി വറുക്കുന്ന യന്ത്രത്തില്‍ ഓട്ടുരുളിയാണ് സജ്ജീകിച്ചിരിക്കുന്നത്. ഗ്യാസ് ഉപയോഗിക്കാതെ പതിരും ഉമിയും തവിടും ഉപയോഗിച്ചാണ് അരി വറുക്കുന്നത്. കുറ്റിയടുപ്പുകളില്‍ ഉമിയും തവിടും പതിരും നിറച്ച് രണ്ട് അടുപ്പുകളിലായാണ് അരി വറക്കല്‍ നടക്കുന്നത്. 10 മണിക്കൂര്‍ വരെ ഒരു കുറ്റി കത്തും. നൂറ് കിലോഗ്രാം അരിവരെ-മണിക്കൂറില്‍ 30 കിലോഗ്രാം അരിവരെ- വറുക്കാന്‍ സാധിക്കും. സജുവിന്റെ യന്ത്രം ഒരു ഷാഫ്റ്റ് ഉപയോഗിച്ച് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയും ഉണ്ട്.

വിപണി വീട്ടില്‍ തന്നെ
ജോലിക്കാരെ അധികം ഉപയോഗിക്കാതെ സജു തന്നെയാണ് മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ഒരു ജോലിക്കാരി മാത്രമാണ് നിലവിലുള്ളത്. സ്ഥിരം ഉപഭോക്താക്കള്‍ ഉള്ളതിനാല്‍ വിപണി പ്രശ്‌നമല്ല. ഓഡര്‍ ലഭിക്കുന്നതിന് അനുസരിച്ച് എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സജുവിന്റെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.