സാന്ത്വനമേകി 'സേവന സ്പര്‍ശം

Sunday 19 November 2017 2:41 am IST

ആലപ്പുഴ: ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ നടന്ന അമ്പലപ്പുഴ താലൂക്ക്തല പരാതി പരിഹാര അദാലത്ത് സേവന സ്പര്‍ശത്തില്‍ 57 പരാതികള്‍ക്ക് പരിഹാരം. 126 പേര്‍ വിവിധ പരാതികളുമായി ജില്ലാ കളക്ടറെ നേരില്‍ കണ്ടു.
സ്വത്തു തട്ടിയെടുത്ത പെണ്‍മക്കള്‍ക്കെതിരേ 92 കാരിയായ സൈനബയാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. ലോണെടുക്കാനാണെന്നു പറഞ്ഞാണ് 20 സെന്റ് സ്ഥലവും വീടും രണ്ടു പെണ്‍മക്കളും ചേര്‍ന്ന് എഴുതി വാങ്ങിച്ചത്. തന്നെയും തന്നോടൊപ്പം വീട്ടില്‍ കഴിയുന്ന രോഗിയായ മകനെയും കുടുംബത്തെയും വീട്ടില്‍ നിന്നിറക്കി വിടാനുള്ള പെണ്‍മക്കളുടെ ശ്രമം തടയണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. സൈനബയ്ക്ക് എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിനെ ചുമതലപ്പെടുത്തി.
കുടുംബവിഹിതം കിട്ടിയ വസ്തു അതിരു തിരിച്ച് അളന്നു തിട്ടപ്പെടുത്തി ലഭിക്കുന്നതിന് ഏഴു വര്‍ഷമായി ഓഫീസുകള്‍ കയറിയിറങ്ങിയയാള്‍ക്ക് സേവനസ്പര്‍ശം സാന്ത്വനമായി. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തഹസില്‍ദാരെ കളക്ടര്‍ ചുമതലപ്പെടുത്തി.
പറവൂരിലെ കാളിയാംപറമ്പ് വളപ്പില്‍ കുടുംബട്രസ്റ്റ് വക വസ്തുവിനോടു ചേര്‍ന്നു കിടക്കുന്ന പുറമ്പോക്കു ഭൂമിയില്‍ വൃദ്ധസദനം സ്ഥാപിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ട്രസ്റ്റ് ഭാരവാഹികള്‍ കളക്ടറെ കണ്ടു. റവന്യൂ രേഖകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
വീടിനു സമീപത്തെ കുരിശടിയില്‍ ആരാധന നടത്തുന്നവരും ആരാധനക്കെത്തുന്നവരും ചേര്‍ന്ന് വീട്ടിലേക്കുള്ള വഴി തടസപ്പെടുത്തുന്നതായും വസ്തു കൈയേറാന്‍ ശ്രമിക്കുന്നതായും കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ ആര്‍ഡിഒ അന്വേഷണത്തിന് ഉത്തരവിട്ടു.
പുന്നമട വാര്‍ഡില്‍ ആറ്റിലേക്കൊഴുകുന്ന തോടിലെ കലുങ്കിനടിയില്‍ മണ്ണടിഞ്ഞ് ഒഴുക്കു തടസപ്പെട്ടതായും വീട്ടിലും പുരയിടത്തിലും വെള്ളം കയറി ജീവിതം ദുസഹമായതായും കാട്ടി അജിനിവില്ലയില്‍ അജിനി നല്‍കിയ പരാതിയില്‍ മണ്ണ് അടിയന്തരമായി നീക്കം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പ് അസി. എക്സി. എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
കണ്‍സ്ട്രക്ഷന്‍ ബിസിനസ്സില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് അയല്‍വാസികളായ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പണം തട്ടിയെടുത്തതായ പൂന്തോപ്പ് സ്വദേശിനിയുടെ പരാതിയിലും മണ്ണഞ്ചേരിയിലെ സ്വര്‍ണ്ണക്കടയില്‍ നിന്നും രണ്ട് ലക്ഷത്തില്‍പ്പരം രൂപയുടെ ആഭരണങ്ങളെടുക്കാന്‍ ഇടനിലക്കാരനായി നിന്നയാളെ സ്വര്‍ണ്ണം വാങ്ങിയ പരിചയക്കാരന്‍ പണം നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഡിവൈഎസ്പിയെ ചുമതല പ്പെടുത്തി. റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികളൊഴികെയുള്ളവയ്ക്ക് അദാലത്തില്‍ തീര്‍പ്പുണ്ടാക്കാനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.