അര്‍ഹിക്കുന്ന അംഗീകാരം

Sunday 19 November 2017 2:30 am IST

അന്താരാഷ്ട്ര ഏജന്‍സിയായ ‘മൂഡീസ്’ നല്‍കിയ നിക്ഷേപ നിലവാരത്തിലെ ഉയര്‍ന്ന അംഗീകാരം സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നു. പതിനാല് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യയുടെ നിക്ഷേപ നിലവാരം ഒരുപടി ഉയര്‍ത്തിയ ‘മൂഡീസി’ന്റെ തീരുമാനം ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനുള്ള അംഗീകാരമാണെന്ന കാര്യത്തില്‍ സംശയമില്ല.

ഏറെക്കാലം കുരുങ്ങിക്കിടന്ന ചരക്കുസേവന നികുതിയുടെ നടപ്പാക്കല്‍, ബാങ്കുകളുടെ പെരുകിവരുന്ന കിട്ടാക്കടങ്ങള്‍ ഇല്ലാതാക്കാന്‍ സ്വീകരിച്ച നിയമനടപടികള്‍ തുടങ്ങിയ ഘടനാപരമായ പരിഷ്‌കാരങ്ങളാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ഈ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ നിക്ഷേപ അന്തരീക്ഷം കൂടുതല്‍ സൗഹൃദപരമാക്കാനുള്ള സര്‍ക്കാര്‍ ലക്ഷ്യത്തെ ത്വരിതപ്പെടുത്തും; ഒപ്പം ഉല്‍പ്പാദനക്ഷമത ഉയര്‍ത്തുകയും, ആഭ്യന്തര-വിദേശ നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തി സുസ്ഥിര വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.

വളരെ മെച്ചപ്പെട്ടുനില്‍ക്കുന്ന വിദേശ നാണ്യശേഖരം, ഏത് തിരിച്ചടിയേയും നേരിടാനുള്ള കരുത്ത് പകരുന്നു. ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും ഉയര്‍ത്തിയ അനുകൂല തരംഗങ്ങള്‍, രാജ്യത്തേയും വിദേശത്തേയും നിക്ഷേപകര്‍ ‘മൂഡീസി’ന്റെ നടപടിയെ എങ്ങനെ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ അവര്‍ പ്രകടിപ്പിക്കുന്ന വിശ്വാസത്തിന്റെ അംഗീകാരമാണിത്. വളര്‍ച്ചാനിരക്ക് കുറഞ്ഞുനില്‍ക്കുന്ന അവസരത്തിലാണ് ഇതെന്നും പ്രത്യേകം ഓര്‍ക്കണം.

ദേശീയ വരുമാനവും പൊതുകടവും തമ്മിലുള്ള അനുപാതം, മറ്റ് രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസരത്തിലാണ്, മൂഡീസ് നിക്ഷേപ നിലവാരത്തില്‍ ഇന്ത്യയെ ‘സ്ഥിരത’യുടെ പടവിലേക്ക് ഉയര്‍ത്തിയിട്ടുള്ളത്. നമ്മുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 68 ശതമാനം വരും സര്‍ക്കാരിന്റെ കടം. ഇന്ത്യയുടെ ശ്രേണിയിലെ മറ്റ് രാജ്യങ്ങളില്‍ ഇത് 44 ശതമാനം മാത്രമാണ്. ഈ വര്‍ഷം പൊതുകടവും ആഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള വിടവ് ഒരു ശതമാനംകൂടി വര്‍ധിച്ച് 69 ശതമാനത്തില്‍ എത്തുമെന്നും ‘മൂഡീസ്’ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്വകാര്യനിക്ഷേപം സര്‍ക്കാരിനു തുണയാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനൗപചാരിക മേഖലയില്‍നിന്ന് ഔപചാരിക മേഖലയിലേക്കുള്ള സമ്പദ്‌വ്യവസ്ഥയുടെ ചുവടുമാറ്റവും, ക്ഷേമപദ്ധതികള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ സ്വീകരിക്കുന്ന നടപടികളും, വരുംകാലങ്ങളില്‍ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്തുമെന്നുറപ്പാണ്.

എന്നാല്‍ പൊതു സാമ്പത്തിക സാഹചര്യങ്ങള്‍ രൂപപ്പെടുന്നതിനു വേണ്ടിവരുന്ന സമയം പ്രധാന ഘടകമാണ്. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്നതിലൂടെ സംസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, ജിഎസ്ടി നടപ്പാക്കുന്നതിലെ കല്ലുകടികള്‍ എല്ലാം കേന്ദ്രത്തിന്റെ ധനക്കമ്മി ലക്ഷ്യങ്ങളെ തകിടംമറിക്കാം. ഇവിടെയാണ് സര്‍ക്കാരിന്റെയഥാര്‍ത്ഥ വെല്ലുവിളി. മൂഡീസിന്റെ അംഗീകാരത്തെ നേട്ടമാക്കി മാറ്റണമെങ്കില്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി രാഷ്ട്രീയ നേതൃത്വം മുന്നോട്ടുപോകണം. തെരഞ്ഞെടുപ്പ് പ്രലോഭനങ്ങള്‍ക്കു മുന്നില്‍ വഴുതിപ്പോകരുത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.