പന്ത് ഉരുളുകതന്നെ ചെയ്യട്ടെ

Sunday 19 November 2017 2:30 am IST

ഭാരതത്തിന്റെ വായ്പാ തിരിച്ചടവു ശേഷി അന്താരാഷ്ട്ര ഏജന്‍സിയായ ‘മൂഡീസ്’ ഉയര്‍ത്തിയിരിക്കുന്നു. 14 വര്‍ഷത്തിനുശേഷമാണ് അമേരിക്കന്‍ ഏജന്‍സി ഈ നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ‘സുസ്ഥിര’ പാതയിലെത്തിയതായി അമേരിക്കന്‍ ഏജന്‍സി വിലയിരുത്തുന്നു. മൂന്നു കാരണങ്ങളാല്‍ ഈ നടപടി പ്രാധാന്യമര്‍ഹിക്കുന്നു.

സ്വകാര്യ നിക്ഷേപ തീരുമാനങ്ങളില്‍ ഇത് അനുകൂല സ്വാധീനം ചെലുത്തും. രണ്ടാമതായി, ഇന്ത്യന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പ തേടാന്‍ ഇത് സഹായകമാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉല്‍പാദന ക്ഷമത ഉയര്‍ത്താന്‍ ഘടനാപരമായ കൂടുതല്‍ മാറ്റങ്ങളുടെ പ്രാധാന്യം ഇത് വിളിച്ചോതുകയും ചെയ്യുന്നു.

ഭാരതത്തിന്റെ ശ്രേണിയിലെ മറ്റ് രാജ്യങ്ങളുമായി തുലനംചെയ്യുമ്പോള്‍, ആഭ്യന്തര ഉല്‍പാദനവും സര്‍ക്കാര്‍ കടവും തമ്മിലുള്ള അനുപാതം ഉയര്‍ന്നുനില്‍ക്കുന്ന അവസരത്തിലാണ് ‘മൂഡീസ്’ ഈ അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരതത്തിന്റെ ഭാവി സാമ്പത്തിക വികസന സാധ്യതകള്‍ ശോഭനമാണെന്നു കണ്ടുകൊണ്ടാണ് അവര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചരക്കുസേവന നികുതി, ആധാറുമായി ബന്ധപ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍, തൊഴില്‍-ഭൂ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ സാമ്പത്തിക കുതിപ്പിനെ ത്വരിതപ്പെടുത്തും. 1991 നുേശഷം വന്ന എല്ലാ സര്‍ക്കാരുകളും സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ടുപോയിരുന്നു.
ചരക്കുസേവന നികുതി അടക്കമുള്ള ഘടനാപരമായ പരിഷ്‌കാരങ്ങളെ ‘മൂഡീസ്’ റിപ്പോര്‍ട്ട് എടുത്തുപറയുന്നു. എന്നാല്‍ സാമ്പത്തികരംഗത്തെ ഈ കുതിപ്പിന് വേഗം കൂട്ടാന്‍ മറ്റൊരു പരിഷ്‌കാരംകൂടി അനിവാര്യമാണ്.

ഉല്‍പാദനക്ഷമത ഉയര്‍ത്താതെ സാമ്പത്തിക വളര്‍ച്ച യാഥാര്‍ത്ഥ്യമാകില്ല. ഉല്‍പാദന ക്ഷമതയാകട്ടെ തൊഴിലാളികളുടെ കാര്യപ്രാപ്തിയില്‍ അധിഷ്ഠിതമാണ്. ഇതിനാവട്ടെ കുത്തഴിഞ്ഞു കിടക്കുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ കാര്യമായ ഇടപെടല്‍ വേണം. നമ്മുടെ വിദ്യാഭ്യാസ നിലവാരം അടിയന്തരമായി ഉയര്‍ത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നമ്മുടെ ദയനീയാവസ്ഥ ‘മൈക്രോസോഫ്റ്റ്’ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ചൂണ്ടിക്കാട്ടിയിരുന്നു. സാമ്പത്തിക പരിഷ്‌കാരങ്ങളോടൊപ്പം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും പ്രാധാന്യമര്‍ഹിക്കുന്നു.

ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലുള്ള അടിയുറച്ച വിശ്വാസം ‘മൂഡീസ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇത് വെറുതെ സംഭവിക്കുകയില്ല. ഭാരതത്തിന്റെ കരുത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അര്‍പ്പണബോധത്തോടെയുള്ള നടപടികള്‍ ആവശ്യമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.