കതിരൂരിന്റെ കതിര്

Sunday 19 November 2017 2:30 am IST

തളത്തില്‍ ദിനേശന്‍മാരുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പ്രാഞ്ചിയേട്ടന്മാരുടെ കണ്ണൂരിസ്റ്റ് പാര്‍ട്ടിയിലേക്കുള്ള ദൂരമളക്കുകയാണ് കേരളം. കോട്ടയത്ത് സിപിഎം സംസ്ഥാനസമ്മേളനം സമാപിക്കുമ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പോലും ശങ്കിച്ചത് ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയോ മറ്റോ ആണെന്നാണ്. പില്‍ക്കാലത്ത് പാര്‍ട്ടി, കാസ്‌ട്രോയാക്കി മൂലയ്ക്കിരുത്തിയ വി.എസ്. അച്യുതാനന്ദന് വേണ്ടി ഉയര്‍ന്ന മുറവിളിയാണ് അന്ന് പിണറായിയെ ചൊടിപ്പിച്ചത്.

വിഎസിന് സിന്ദാബാദ് വിളിച്ച പാര്‍ട്ടി സഖാക്കന്മാരെ മൊത്തത്തില്‍ കുടിയന്മാരെന്ന് അധിക്ഷേപിക്കുകയായിരുന്നു പിണറായി. കള്ളുകുടിച്ചാല്‍ വയറ്റില്‍ കിടിക്കണമെന്നും, ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ലെന്ന് ഓര്‍ത്തോളണം എന്നുമൊക്കെ പിണറായി അന്ന് ആക്രോശിച്ചു. കോട്ടയത്തിന് മുമ്പ് മലപ്പുറത്തും, കോട്ടയത്തിന് ശേഷം ആലപ്പുഴയിലും വിരട്ടലൊന്നും തന്നോട് വേണ്ട എന്ന് പാര്‍ട്ടി അണികളോടും വിഎസിനോടും പിന്നെ തനിക്കെതിരെ പറയുന്ന എല്ലാവരോടും പിണറായി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.

ആലപ്പുഴയില്‍ ചെല്ലം ചുമട്ടുകാരനെപ്പോലെ ഒപ്പം നടന്ന കോടിയേരിയെ സെക്രട്ടറിയാക്കി മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചപ്പോള്‍ പിണറായി വിജയന്‍ ചെയ്തത് വിഎസിനേക്കാള്‍ വലിയ പ്രാഞ്ചിയേട്ടനാകാനുള്ള തയ്യാറെടുപ്പായിരുന്നു. പിണറായിയെ മനുഷ്യക്കോലത്തിലാക്കാന്‍ പാര്‍ട്ടിയിലെ മിടുക്കന്മാരും സൈബര്‍ സ്‌പെഷ്യലിസ്റ്റുകളും തയ്യാറെടുത്തു. ചിരിക്കുന്ന മുഖമൊന്ന് പടച്ചെടുക്കാന്‍ പ്രത്യേകം ഫോട്ടോഷൂട്ടുകളൊരുക്കി. നാലുപാടും ക്യാമറകള്‍ സ്ഥാപിച്ച് നടത്തിയ അഭ്യാസത്തിനൊടുവില്‍ ഒത്തുകിട്ടിയ ഒന്നോ രണ്ടോ അത്ഭുതമുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത് പോസ്റ്ററും ഫ്‌ളക്‌സ് ബോര്‍ഡുകളുമാക്കി കവലകളില്‍ നാട്ടി. ഭരണക്കസേര ലാക്കാക്കി നടത്തിയ യാത്രയ്ക്കായി വിജയന് സ്തുതിഗീതങ്ങളൊരുങ്ങി. പിണറായിയിലെ കുട്ടിക്കാലമൊപ്പുന്ന ഫീച്ചറുകളും ഡോക്യുമെന്ററികളും തയ്യാറാക്കി. പോകുന്നിടത്തൊക്കെ പ്രമുഖരെ വിളിച്ചുവരുത്തി പിണറായി മാഹാത്മ്യം എഴുന്നെള്ളിച്ചു. പാട്ടുകാരും സിനിമക്കാരും വിജയന് ചുറ്റും കറങ്ങാനുള്ള ഏര്‍പ്പാട് പാര്‍ട്ടി തന്നെയുണ്ടാക്കി.

അങ്ങനെ ചരിത്രപുരുഷനായി തീര്‍ന്ന പിണറായി വിജയന്‍ അധികാരത്തിലെത്തി. വിഎസിനെ കാസ്‌ട്രോയാക്കി, എട്ടൊമ്പത് ഉപദേശകരെ ചുറ്റുമിരുത്തി ഭരണം. പോകുന്നിടത്തൊക്കെ തള്ളോട് തള്ളല്‍. താന്‍ മാന്യനാണ്, സമയനിഷ്ഠ പാലിച്ചോണം, അഴിമതിക്കാര്‍ വിവരമറിയും, അവതാരങ്ങളെ സൂക്ഷിച്ചോണം, ജോലിസമയത്ത് സമ്മേളനവും പൂക്കളവും ഒന്നും പാടില്ല…. എന്തായിരുന്നു തള്ള്…. എല്ലാം പോരാഞ്ഞ് അങ്ങ് മംഗലാപുരത്ത് പോയി ബ്രണ്ണന്‍ കോളേജും, വടിവാളുമൊക്കെയായി… അസഹനീയമായി പാര്‍ട്ടിക്ക് പോലും.

പിണറായിയുടെ ഈ വേഷംകെട്ടലുകളൊക്കെ കണ്ടാണ് കണ്ണൂരിസ്റ്റ് ജയരാജന്‍ നൃത്തശില്‍പവുമായിറങ്ങിയത്. പിണറായിക്കാകാമെങ്കില്‍ തങ്ങള്‍ക്കുമാകാം എന്ന ന്യായമുണ്ട് കണ്ണൂരിലെ പുത്തന്‍ പ്രാഞ്ചിയേട്ടന്. തലശ്ശേരിയിലെ എംഎല്‍എ ഷംസീര്‍ സ്വന്തം പടമടിച്ച കലണ്ടര്‍ മണ്ഡലത്തിലെ പള്ളിക്കൂടങ്ങളില്‍ ക്ലാസ് മുറികളില്‍ തൂക്കാന്‍ നല്‍കിയിട്ട് അധികകാലമായില്ല. ആ കലണ്ടര്‍ കണ്ടിട്ട് കുട്ടികളുടെയും അദ്ധ്യാപകരുടെയും മനസ്സമാധാനം പോയതില്‍പ്പിന്നെയാണ് ആരൊക്കെയോ ഇടപെട്ട് ഷംസീറിന്റെ പ്രകടനം അവസാനിപ്പിച്ചത്. പ്രാഞ്ചിയേട്ടനാവാനുള്ള പക്വതയൊന്നും ഷംസീറിനായിട്ടില്ലെന്നാണ് ജയരാജന്‍ ഗ്യാങിന്റെ അഭിപ്രായം.

പാര്‍ട്ടി സമ്മേളനങ്ങള്‍ കൊണ്ടുപിടിച്ചു നടക്കുന്ന കാലത്താണ് ജയരാജന്‍ സഖാവ് ഒത്താല്‍ ഒരു ‘പല്‍മശ്രീ’ അടിച്ചെടുക്കണമെന്ന ലക്ഷ്യത്തോടെ നൃത്തശില്‍പവുമായി രംഗത്തിറങ്ങിയത്. പാട്ട് എഴുതാനും പാടാനുമുള്ള ചുള്ളന്മാരെ ജയരാജന്‍ തന്നെ കണ്ടെത്തി. ചെഞ്ചോരപ്പൊന്‍കതിരെന്നും നന്മകള്‍ തന്‍ പൂമരമെന്നുമൊക്കെ പാര്‍ട്ടിക്കാര്‍ പാടി നടക്കുന്നത് കേട്ടപ്പോള്‍ ഞെട്ടിയത് പിണറായിയും കോടിയേരിയുമാണ്. ഇരട്ടച്ചങ്കനും പുലിമുരുകനുമൊക്കെയായി ബ്രണ്ണന്‍ വിപ്ലവകാരി ഒറ്റയ്ക്ക് കൂവിത്തിമിര്‍ക്കുന്ന കാട്ടില്‍ പിന്നെയും ഒരു നീലക്കുറുക്കനെ എങ്ങനെ സഹിക്കും. ജയരാജന്റെ പിന്നില്‍ നവകേരളമൊറ്റ മനസ്സായി അണിനിരക്കുമെന്നൊക്കെയാണ് പാണന്മാരെക്കൊണ്ട് പ്രാഞ്ചിയേട്ടന്‍ പാടിക്കുന്നത്.

പാട്ടും പ്രസംഗവും പോരാഞ്ഞ് അഭിനയത്തിലും ജയരാജന്‍ സഖാവ് ഒരു കൈ നോക്കുമത്രെ. പോലീസ്, സിബിഐ, ജയില്‍ എന്നൊക്കെ കള്‍ക്കുമ്പോള്‍ നെഞ്ചുംതല്ലിപ്പിടച്ച് വീഴുന്ന ഒറ്റ രംഗം മതി അഭിനയത്തില്‍ ധീരസഖാവിനെ കടത്തിവെട്ടാന്‍ ആര്‍ക്കുമാവില്ലെന്ന് കൊട്ടാരക്കരക്കാരന്‍ ബാലകൃഷ്ണപിള്ള പോലും സമ്മതിക്കും. ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഏത് കോടിയേരിയുടെയും ചങ്കൊന്ന് പിടയ്ക്കും. ആടിയും പാടിയും ജയരാജന്‍ വരുന്നത് ഏത് വഴിക്കാണെന്ന് കോടിയേരിക്കും പിണറായിക്കും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.
പ്രസംഗവേദികളില്‍ ജയരാജന്‍ സഖാവിനെക്കാണുമ്പോഴേ പാര്‍ട്ടിക്കാര്‍ കയ്യടിച്ച് തിമിര്‍ക്കുകയാണത്രെ.

സ്വാഗതം പറയുമ്പോഴും പ്രസംഗിക്കുമ്പോഴുമൊക്കെ ആ പേര് കേള്‍ക്കുമ്പോള്‍ കയ്യടിയും ആര്‍പ്പുവിളിയും. കയ്യടിക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയാണെന്നാണ് അടക്കം പറച്ചില്‍. സിപിഎം സമ്മേളനങ്ങളെല്ലാം ഇവന്റ് മാനേജ്‌മെന്റ് പരിപാടികളാണെന്ന് സിപിഐ നേതാവ് സി. കെ. ചന്ദ്രപ്പന്‍ മുന്നേ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ കടിച്ചുകീറാന്‍ ചെന്ന കൂട്ടരാണ് ഇപ്പോള്‍ പ്രാഞ്ചിയേട്ടന്റെ രഹസ്യം പൊളിക്കുന്നത്.

ചെഞ്ചോരപ്പൊന്‍കതിരിന്റെ ആക്രാന്തത്തെ വെട്ടാന്‍ പാര്‍ട്ടി ആരോപിക്കുന്ന കുറ്റം വ്യക്തിപൂജ എന്നതാണ്. ജയരാജന്‍ കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറിയായി വാഴാന്‍ തുടങ്ങിയ കാലം മുതല്‍ സഖാക്കള്‍ക്കാകെയുള്ളതാണ് ഈ പൂജയുടെ അസുഖം. ആര്‍എസ്എസുകാര്‍ നടത്തുന്ന പൂജയുടെ മന്ത്രവും തന്ത്രവുമൊക്കെ പഠിക്കാന്‍ ഉള്ള തട്ടിക്കൂട്ട് വിദ്യകളാണ് കതിരൂര്‍ കതിരിന്റെ നേതൃത്വത്തില്‍ അന്നുമുതലേ നടന്നുവന്നത്.

ശ്രീകൃഷ്ണജയന്തിയും ഓണാഘോഷവും വിനായകചതുര്‍ത്ഥിയും ശബരിമലയ്ക്ക് പോകുന്നവര്‍ക്ക് അന്നദാനവും അയ്യപ്പന്‍ വിളക്കും ആഴിയും പടുക്കയുമൊക്കെയായി ഒരുതരം കാക്ക കൊക്കാകാന്‍ ഇറങ്ങിത്തിരിച്ച പരുവത്തിലായിരുന്നു കണ്ണൂരില്‍ പാര്‍ട്ടി. ആര്‍എസ്എസ് ശാഖകളെക്കുറിച്ച് പഠിക്കാന്‍ അമ്പലസന്ദര്‍ശനം പതിവാക്കിയ സഖാക്കന്മാരും കുറവല്ല. പാര്‍ട്ടി സെക്രട്ടറിയും വീട്ടുകാരും ഒളിച്ചും പതുങ്ങിയും പൂമൂടല്‍ നടത്തുന്നതുപോലുള്ള ഏര്‍പ്പാടല്ല ജയരാജന്റേത്. ആര്‍എസ്എസിനെ ഇല്ലാതാക്കാനും ആര്‍എസ്എസുകാരനെ വകവരുത്താനും എമ്മാതിരി പൂജ വേണേലും നടത്തിക്കളയും. കൊടിക്കമ്പേ കെട്ടിയേക്കുന്ന ചുവന്ന തുണിയെടുത്ത് ചെങ്കോണകമാക്കി ഉടുക്കും. എന്നിട്ട് മന്ത്രവാദം നടത്തും. അതാണ് കതിര്. ആ ജയരാജനോടാണ് കോടിയരി വ്യക്തിപൂജയുടെ വാളോങ്ങുന്നത്.

ഇഎംഎസും ഇ.കെ. നായനാരും മുതല്‍ പിണറായി വിജയന്‍ വരെയുള്ള ആസ്ഥാന പ്രാഞ്ചിയേട്ടന്മാരുടെ പിന്മുറക്കാരനാകാനുള്ള എളിയ പരിശ്രമം മാത്രമാണ് കണ്ണൂരിലെ ധീര സഖാവ് ചെയ്തുനോക്കുന്നത്. സ്വയംപൊങ്ങികളുടെ പ്രസ്ഥാനത്തില്‍ കൊന്നും കൊലവിളിച്ചും മുന്നേറുന്നതിനിടെ ജയരാജനും വേണമല്ലോ ആശ്വാസത്തിനെന്തെങ്കിലും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.