ചെങ്ങന്നൂരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി

Sunday 19 November 2017 2:00 am IST

ചെങ്ങന്നൂര്‍: സിപിഎം ജില്ലാ, ഏരിയാ സെക്രട്ടറിമാര്‍ അഴിമതിക്കാരേയും അനാശാസ്യക്കാരേയും സംരക്ഷിക്കുന്നു എന്ന് കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരും മുന്‍ ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടി വിടുന്നു.
സിപിഎം ചെറിയനാട് നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. രണ്ടു തവണ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായിരുന്ന ജെയിംസ് മാത്യുവാണ് പാര്‍ട്ടി വിടുന്നവരില്‍ പ്രധാനി. മാളിയേക്കല്‍ ചിറ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, ഇടമുറി ബ്രാഞ്ച് സെക്രട്ടറി കെ. കരുണാകരന്‍, പരിഭ്രമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി ശ്രീകലേശന്‍ കോവില്‍ എന്നിവരുള്‍പ്പെടെ 500ല്‍ പരം അനുഭാവികളും കുടുംബങ്ങളും പാര്‍ട്ടി വിടുമെന്ന് കാട്ടി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കി.
ജില്ല സെക്രട്ടറിയുടെ തട്ടകമായ ചെങ്ങന്നൂരില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലായി. ചില നേതാക്കള്‍ക്കെതിരെ സാമ്പത്തികം, സ്ത്രീവിഷയം ഉള്‍പ്പടെയുള്ള കടുത്ത ആരോപണങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നത്. ഇതു സംബന്ധിച്ച് ഇവര്‍ നേരത്തെ സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനായി സംസ്ഥാന കമ്മറ്റി കൈമാറിയ പരാതി ജില്ലാ നേതാവ് മുക്കിയതായും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അനാശാസ്യത്തിന് നാട്ടുകാര്‍ 2012-ല്‍ ഒരു ലോക്കല്‍ കമ്മറ്റി അംഗത്തെ പിടിച്ചു കെട്ടിയിരുന്നു. ഏരിയാ സെക്രട്ടറി എം.എച്ച്.റഷീദിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മറ്റി രൂപവത്കരിച്ചു. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. തെളിവെടുപ്പ് പോലും ഇത് വരെ നടത്തിയിട്ടില്ലെന്നും പറയുന്നു. ചെങ്ങന്നൂര്‍ ഏരിയാ സമ്മേളനം ഡിസംബര്‍ ആദ്യം നടക്കാനിരിക്കെ ഏരിയാ, ജില്ലാ സെക്രട്ടറിമാര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.