മുന്നാക്ക സംവരണത്തിന് എതിരെ കെപിഎംഎസ്

Sunday 19 November 2017 2:30 am IST

തൃശൂര്‍: ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക സംവരണമേര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഭരണഘടനയിലെ സംവരണതത്ത്വങ്ങളുടെ ലംഘനമെന്ന് കെപിഎംഎസ്. സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ജീവവായുവാണ്. അതില്‍ വിട്ടുവീഴ്ചയ്ക്കില്ല.

സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. കേരളത്തില്‍ ഭൂമിക്കായുള്ള സമരം ശക്തിപ്പെടുത്തും. രണ്ടാം ഭൂപരിഷ്‌കരണം അനിവാര്യമാണ്. ഒന്നാം ഭൂപരിഷ്‌കരണം കൊണ്ട് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നേട്ടമുണ്ടായില്ലെന്നും ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെപിഎംഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭൂഅധിനിവേശയാത്രയുടെ സമാപനത്തിന്റെ ഭാഗമായുള്ള മഹാറാലി തിങ്കളാഴ്ച തൃശൂരില്‍ നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിന് പറവട്ടാനിയിലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന റാലി തേക്കിന്‍കാട് മൈതാനിയില്‍ സമാപിക്കും.

പൊതുസമ്മേളനം ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എല്‍. മുരുകന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സി. എ. ശിവന്‍, വൈസ് പ്രസിഡന്റ് കെ. ബിന്ദു, എം.ടി. മോഹന്‍, കെ.വി. ശിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.