ചെറുകിട എസ്റ്റേറ്റുകള്‍ ഏറ്റെടുത്ത് റവന്യൂ വകുപ്പ്; വന്‍കിടക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിന് മൗനം

Sunday 19 November 2017 2:30 am IST

തിരുവനന്തപുരം: ഇംഗ്ലീഷ് കമ്പനിയായിരുന്ന മലയാളം പ്ലാന്റേഷന്‍സ് (യുകെ) ലിമിറ്റഡ് കൈവശം വച്ചിരുന്നതും പിന്നീട് മറ്റു തോട്ട ഉടമകള്‍ അനധികൃതമായി കൈക്കലാക്കുകയും ചെയ്ത തോട്ടഭൂമികളില്‍ രണ്ട് എസ്റ്റേറ്റുകള്‍ റവന്യൂ വകുപ്പ് ഏറ്റെടുത്തു. ഹൈക്കോടതി നല്‍കിയ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം, പുനലൂര്‍ താലൂക്കില്‍ ആര്യങ്കാവ് വില്ലേജിലെ കുളിര്‍ക്കാട് എസ്റ്റേറ്റ് ഏറ്റെടുത്തത്.

പ്രിയ എസ്റ്റേറ്റ് കൈവശം വച്ചിരുന്ന 492.13 ഏക്കര്‍ ഭൂമിയും ഡോ.കെ. ആര്‍. നാരായണന്‍ എന്ന വ്യക്തിയുടെയും മറ്റ് ചിലരുടെയും പേരിലുള്ള 32.87 ഏക്കറും ഉള്‍പ്പെടെ 525 ഏക്കര്‍ ഭൂമിയാണ് കൊല്ലം ജില്ലാ കളക്ടര്‍ നിയോഗിച്ച പുനലൂര്‍ തഹസില്‍ദാര്‍ അടങ്ങുന്ന സംഘം ഏറ്റെടുത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.

സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം പത്തൊന്‍പത് ഉത്തരവുകളിലായി 44,388 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് പ്രഖ്യാപിച്ചവയില്‍പ്പെടുന്നതാണ് ഈ 525 ഏക്കര്‍ തോട്ടഭൂമി. ഹൈക്കോടതി ഉത്തരവ് പ്രകാരം ഈ എസ്റ്റേറ്റുകള്‍ കണ്ടുകെട്ടാനായതോടെ ഇതേ വാദമുന്നയിച്ച് മലയാളം പ്ലാന്റേഷനില്‍ നിന്നു ഭൂമി കൈവശപ്പെടുത്തിയ ഹാരിസണ്‍, ചെറുവള്ളി, റിയ, ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ്, അമ്പനാട്, ബോയ്‌സ് എസ്റ്റേറ്റ് എന്നിവ സര്‍ക്കാരിന് ഏറ്റെടുക്കാനാവും. ഏറ്റെടുത്ത രണ്ട് എസ്റ്റേറ്റുകളുടെ കാര്യം ചൂണ്ടിക്കാട്ടി അഡ്വ. ജനറലിന് സര്‍ക്കാരിന് അനുകൂലമായി വിധി നേടാനാവുമെങ്കിലും വന്‍കിടക്കാര്‍ക്കുവേണ്ടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

എം.ജി. രാജമാണിക്യം പുറപ്പെടുവിച്ച 19 ഉത്തരവുകളില്‍ 18 ഉത്തരവുകളിലും പെടുന്നത് മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 38,171 ഏക്കര്‍ഭൂമിയാണ്. ഈ ഭൂമിയാണ് ഹാരിസണും ബോയ്‌സും ചെറുവള്ളിയും റിയല്‍ എസ്റ്റേറ്റും ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റുമൊക്കെ കൈവശം വച്ചിരിക്കുന്നത്.

മലയാളം പ്ലാന്റേഷന്‍ മുമ്പ് കൈവശം വച്ചിരുന്ന 525 ഏക്കര്‍ രണ്ട് ചെറുകിടക്കാരില്‍ നിന്ന് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവായതിനെത്തുടര്‍ന്ന് ഭൂമി ഏറ്റെടുത്ത സാഹചര്യത്തില്‍ സമാനനടപടി മറ്റു കേസുകളിലും സ്വീകരിക്കാം. എന്നാല്‍ മറ്റു കേസുകള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലായതിനാല്‍ ഈ ഉത്തരവുകള്‍ വാദമുഖമായി നിരത്തണം. എന്നാല്‍ മറ്റു കയ്യേറ്റക്കാര്‍ വന്‍കിടക്കാരായതിനാല്‍ ഇത് സംബന്ധിച്ച് യാതൊരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.