ഇ-മെയില്‍ ഹാക്ക് ചെയ്ത് പണം തട്ടിയ മുംബൈ സ്വദേശികള്‍ പിടിയില്‍

Sunday 19 November 2017 2:30 am IST

കോഴിക്കോട്: ഇമെയില്‍ ഹാക്ക് ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ വഴി കോടികള്‍ തട്ടിപ്പു നടത്തിയ മുംബൈ സ്വദേശികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരിയുടെ ബാങ്ക് അൗക്കണ്ടിലെ 50 ലക്ഷം രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ പിടിയിലായത്. മുംബൈ താനെ സ്വദേശികളായ ജിതേന്ദ്രമഹന്‍ റാത്തോഡ്, സമീര്‍ അന്‍വര്‍ എന്നിവരാണ് മുംബൈ സൈബര്‍ പോലീസിന്റെ പിടിയിലായത്.

ഇവരെ കഴിഞ്ഞ ദിവസം കോഴിക്കോടെത്തിച്ചു. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലായി നിന്നായി 50 കോടി രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് വ്യക്തമായത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചു വരികയാണ്. വ്യാജ പേരിലാണ് പ്രതികള്‍ ബാങ്ക് അക്കൗണ്ടും തിരിച്ചറിയല്‍ കാര്‍ഡും സംഘടിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ വിദേശ വ്യാപാരി ബിസിനസ് ആവശ്യാര്‍ത്ഥം മെയില്‍ വഴി അയക്കുന്ന ഫണ്ടിങ് ട്രാന്‍സ്ഫറിങ് ലെറ്റര്‍ വ്യാജമായി ഉണ്ടാക്കി ഹാക്ക് ചെയ്ത മെയിലിലൂടെ അയച്ചാണ് പണം. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തിരുന്നു.

സാധാരണ പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനായി ബാങ്കിന് അപേക്ഷ നല്‍കാറുണ്ട്. ട്രാന്‍സ്ഫറിങ് ലെറ്റര്‍ ഉപയോഗിച്ചാണ് അപേക്ഷ നല്‍കുന്നത് . ട്രാന്‍സ്ഫറിങ് ലെറ്റര്‍ ബാങ്കിന് മെയില്‍ ചെയ്തു കൊടുക്കുന്നത് പ്രതികള്‍ ഹാക്ക് ചെയ്തു. ഇപ്രകാരം യഥാര്‍ത്ഥ ട്രാന്‍സ്ഫറിങ് ലെറ്ററിന്റെ മാതൃകയില്‍ വ്യാജ ലെറ്ററുണ്ടാക്കി ഹാക്ക് ചെയ്ത മെയില്‍ വഴി ബാങ്കിലേക്ക് അയക്കുകയായിരുന്നു. സ്ഥിരമായി ലഭിക്കുന്ന ട്രാന്‍സ്ഫറിങ് ലെറ്ററും മെയില്‍ ഐഡിയും കണ്ടതിനാല്‍ ബാങ്കിനും സംശയമുണ്ടായില്ല.

ബാങ്കില്‍ നിന്ന് തുക രാജസ്ഥാനിലെ പ്രതികളുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. ഈ തുക ആര്‍ടിജിഎസ് വഴി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികള്‍ മുങ്ങി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മുംബൈയിലായിരുന്നു. അതിനാല്‍ മുംബൈ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് നടക്കാവ് പോലീസ് അന്വേഷണമാരംഭിച്ചു.

മുംബൈയിലെ സൈബര്‍ സാമ്പത്തിക വിഭാഗത്തില്‍ പ്രതികള്‍ക്കെതിരേ സമാനരീതിയില്‍ തട്ടിപ്പു നടത്തിയതിനു കേസുകളുണ്ട്. തുടര്‍ന്നു പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ നമ്പറുകളും അടിസ്ഥാനമാക്കിയുള്ള കേസന്വേഷണത്തില്‍ ഇവര്‍ ബാന്ദറിലുണ്ടെന്ന് കണ്ടെത്തി. പിന്നീട് മുംബൈ സൈബര്‍ പോലീസ് പ്രതികളെ പിടികൂടി. നടക്കാവ് പോലീസ് പ്രതികളെ കോഴിക്കോട്ടെത്തിച്ചു.

ഹൈദരാബാദ്, പാട്ട്യാല, പൂനെ എന്നിവിടങ്ങളിലും ഇവര്‍ക്കെതരിരെ കേസുകളുണ്ട്. നടക്കാവ് സിഐ ടി.കെ. അഷ്‌റഫിനാണ് അന്വേഷണ ചുമതല. എസ്‌ഐ സാഗര്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബി. പ്രകാശ്, മുഹമ്മദ് സബീര്‍, ശശികുമാര്‍ എന്നിവരാണ് പ്രതികളെ കോഴിക്കോട്ടെത്തിച്ചത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (നാല്) കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.