മരുന്നുകുറി: ഡോക്ടര്‍മാര്‍ ഉത്തരവ് കാറ്റില്‍പ്പറത്തുന്നു

Saturday 18 November 2017 9:52 pm IST

മട്ടന്നൂര്‍: ഡോക്ടര്‍മാര്‍ മരുന്നു കുറിപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തിലെഴുതി രോഗികള്‍ക്ക് നല്‍കണമെന്ന ഉത്തരവ് കാറ്റില്‍ പറത്തുന്നു. ഡോക്ടര്‍മാര്‍ പലരും എഴുതിനല്‍കുന്ന മരുന്ന് കുറിപ്പുകളില്‍ എന്താണെന്നെഴുതിയിരിക്കുന്ന കാര്യത്തില്‍ മരുന്ന് ഷോപ്പുകളിലേയും ആശുപത്രി ഫാര്‍മസികളിലേയും മരുന്ന് എടുത്തു നല്‍കുന്നവരില്‍പ്പോലും അവ്യക്തതയുണ്ടാകാറുണ്ട്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ അടുത്തിടെ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മരുന്നുകുറിപ്പുകള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയതിനോടൊപ്പം കൈയ്യൊപ്പും നിര്‍ബന്ധമാക്കിയത്. എന്നാല്‍ ഈ ഉത്തരവ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പോലും പാലിക്കുന്നില്ല. അപൂര്‍വ്വം ചില ഡോക്ടര്‍മാരാണ് ഉത്തരവ് അനുസരിക്കുന്നത്. ഇംഗ്ലീഷ് ചെറിയ അക്ഷരത്തിലുള്ള കൂട്ടെഴുത്ത് വ്യക്തമായി വായിക്കാന്‍ സാധിക്കാത്തത് കാരണം മരുന്നുകള്‍ മാറിനല്‍കി പലയിടത്തും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇത്തരം നിര്‍ദേശം നല്‍കിയത്. ദീര്‍ഘകാലമായി പൊതുജനം ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇറങ്ങിയ ഉത്തരവനുസരിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നില്ല. പല ഡോക്ടര്‍മാരും എഴുതുന്ന കുറിപ്പുകള്‍ പ്രത്യേക ഫാര്‍മസിയിലുള്ളവര്‍ക്ക് മാത്രമേ വായിച്ചെടുക്കാന്‍ കഴിയൂ. മറ്റ് മെഡിക്കല്‍ ഷോപ്പുകളിലെത്തിയാല്‍ ഫാര്‍മസിസ്റ്റുകക്ക് പോലും വായിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയെത്തുടര്‍ന്ന് മരുന്ന് മാറി നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യമേഖലയില്‍ പല ചൂഷണങ്ങളും നടക്കുമ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഉത്തരവ് രോഗികള്‍ക്ക് ആശ്വാസമാകേണ്ടതാണ്. എന്നാല്‍ ഇത് നടപ്പില്‍ വരുത്തേണ്ടുന്ന ബാധ്യത ഉദ്യോഗസ്ഥര്‍ വേണ്ടവണ്ണം നിറവേറ്റുന്നില്ല. എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മരുന്ന് വിതരണം ചെയ്യുന്ന ഉദ്യോഗസ്ഥരും വിചാരിച്ചാല്‍ തീര്‍ച്ചയായും നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമാണിതെന്ന് ജനങ്ങള്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും ആരോഗ്യ സംരക്ഷണത്തിന് ദോഷം വരുത്തുന്ന മരുന്നുകള്‍ കഴിക്കേണ്ട അവസ്ഥയാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.