കണ്ണൂരില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് വേണമെന്ന ആവശ്യം ശക്തമാകുന്നു

Saturday 18 November 2017 10:46 pm IST

കണ്ണൂര്‍: ശബരിമല ദര്‍ശനത്തിന് പോകുന്ന ഭക്തര്‍ക്കായി കണ്ണൂരില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മണ്ഡലകാലവ്രതം ആരംഭിച്ചതോടെ ആയിരക്കണക്കിന് ഭക്തരാണ് ജില്ലയില്‍ ശബരിമല ദര്‍ശനത്തിനായി തയ്യാറായിട്ടുള്ളത്. എന്നാല്‍ കെഎസ്ആര്‍ടിസി പമ്പയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിക്കാത്തത് ഭക്തര്‍ക്ക് ദുരിതമായി മാറിയിട്ടുണ്ട്. ഇതുമൂലം സ്വകാര്യ ട്രാവല്‍ ഏജന്‍സികളെയും ടാക്‌സികളെയും ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ട്രെയിനുകളും കോട്ടയം വഴി പോകുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകളും ഉണ്ടെങ്കിലും മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ ഈ ബസ്സുകളില്‍ യാത്ര ചെയ്യാന്‍ സാധ്യമാകൂ. കഴിഞ്ഞവര്‍ഷം പമ്പ-കണ്ണൂര്‍ ശബരി എക്‌സ്പ്രസ്സ് കെഎസ്ആര്‍ടിസി ഓടിച്ചിരുന്നു. മികച്ച കലക്ഷനാണ് ഈ ബസ്സിന് ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് ഓടിക്കാന്‍ നടപടിയുണ്ടായിട്ടില്ല. തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റുന്ന രീതിയിലുള്ള ഏഴ് ബസ്സുകള്‍ കണ്ണൂര്‍ വഴി കോട്ടയം ഭാഗത്തേക്ക് പോകുന്നുണ്ട്. ഇതില്‍ പ്രധാനം വൈകുന്നേരം 7.30 ന് കണ്ണൂര്‍ വഴി കടന്നുപോകുന്ന എരുമേലി സര്‍വ്വീസാണ്. ഇത് രാവിലെ 6 മണിക്ക് എരുമേലിയിലെത്തും. 330 രൂപായാണ് ചാര്‍ജ്ജ്. ഇതുകൂടാതെ വൈകുന്നേരം 6.30 ന് പത്തനംതിട്ട, രാത്രി 8.40, 9.00, 10.40 എന്നീ സമയങ്ങളില്‍ കോട്ടയം വഴി തിരുവനന്തപുരത്തേക്കും ബസ്സുകളുണ്ട്. ഇതിന് പുറമേ രാത്രി 11 മണിക്ക് കോട്ടയത്തേക്ക് മിന്നല്‍ സര്‍വീസും ഉണ്ട്. ഇതെല്ലാം തന്നെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വരുന്നതിനാല്‍ കണ്ണൂരില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കാന്‍ പ്രയാസമാണ്. റിസര്‍വ്വേഷന്‍ സൗകര്യമുള്ളതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് പോകാന്‍ കഴിയും. കണ്ണൂര്‍, തലശ്ശേരി, പയ്യന്നൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പമ്പയിലേക്ക് സര്‍വ്വീസ് അനുവദിച്ചാല്‍ ഈ മേഖലയിലെ ആയിരക്കണക്കിന് ശബരിമല ഭക്തര്‍ക്ക് അനുഗ്രഹമാകും.
ഇതര മതസ്ഥരുടെ പെരുന്നാളിനും ഉത്സവങ്ങള്‍ക്കും അധിക ചാര്‍ജ്ജ് ഈടാക്കാതെ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി വര്‍ഷത്തില്‍ കോടിക്കണക്കിന് രൂപ വരുമാനമുണ്ടാക്കി നല്‍കുന്ന ശബരിമലയിലേക്ക് ആവശ്യത്തിന് ബസ് സര്‍വ്വീസ് നടത്താത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. കെഎസ്ആര്‍ടിസിയുടെ ഈ വീഴ്ച പരമാവധി മുതലെടുക്കുന്നത് വിവിധ സ്വകാര്യ, ട്രാവല്‍ ഏജന്‍സികളാണ്. മലബാറില്‍ നിന്നും നിരവധി ട്രാവല്‍ ഏജന്‍സികള്‍ ശബരിമല ടൂര്‍ പാക്കേജുകള്‍ നടത്തുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.