വീര്യം കൂടിയ എല്‍എസ്ഡി മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

Sunday 19 November 2017 2:30 am IST

കോഴിക്കോട്: വീര്യം കൂടിയ ഇനത്തില്‍പ്പെട്ട എല്‍എസ്ഡി മയക്കുമരുന്നുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. 165 ഗ്രാം എല്‍എസ്ഡിയുമായി കല്ലായ് സ്വദേശിയും മാത്തോട്ടം മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തെ താമസക്കാരനുമായ കുണ്ടുങ്ങല്‍ മനക്കാന്റകം വീട്ടില്‍ ഷനൂബ് (23) നെയാണ് പോലീസ് പിടികൂടിയത്.

തമിഴ്‌നാട് ഈറോഡില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയാണിയാള്‍. പുതുവത്സരാഘോഷത്തിനായി നേപ്പാളില്‍ നിന്നെത്തിച്ചതാണ് ഗ്രാമിന് 10,000 രൂപ വിലയുള്ള എല്‍എസ്ഡി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും കൂടുതല്‍ അളവ് എല്‍എസ്ഡി പിടികൂടുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് പറഞ്ഞു.
യുവാക്കളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുകയും അടിമകളാക്കുകയും ചെയ്യുന്നതാണ് എല്‍എസ്ഡി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ലൈസര്‍ജിക് ആസിഡ് ഡൈഈതൈല്‍ അമൈഡ് എന്ന മയക്കുമരുന്ന്. ക്രിസ്റ്റല്‍ രൂപത്തിലും തപാല്‍ സ്റ്റാമ്പ് രൂപത്തിലും ആസിഡ് രൂപത്തിലുമാണ് എല്‍എസ്ഡി ലഭിക്കുന്നത്. തപാല്‍ സ്റ്റാമ്പ് രൂപത്തിലുള്ളതാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഒരു തപാല്‍ സ്റ്റാമ്പിന്റെ മൂന്നിലൊന്ന് വലുപ്പം മാത്രമേ ഇതിനുളളൂ.

പെട്ടെന്ന് തപാല്‍ സ്റ്റാമ്പാണെന്ന് കരുതുമെന്നതിനാല്‍ ബുക്കുകള്‍ക്കുളളിലും മറ്റും ഇത് ഒളിപ്പിക്കുകയാണ് പതിവ്. എട്ടു മുതല്‍ 18 മണിക്കൂര്‍ വരെ എല്‍എസ്ഡിയുടെ ലഹരി നിലനില്‍ക്കുന്നുവെന്നതാണ് യുവതീയുവാക്കള്‍ ഇതിന്റെ അടിമകളാവാന്‍ കാരണം.
കഴിഞ്ഞദിവസം വൈകിട്ട് മൂന്നിന് സ്റ്റേഡിയത്തിനു സമീപത്താണ് യുവാവിനെ പോലീസ് പിടികൂടുന്നത്. പഞ്ചസാര കട്ടിയോടു കൂടിയ 41 പായ്ക്കറ്റാണ് യുവാവില്‍ നിന്ന് പോലീസിനു ലഭിച്ചത്. ഇവ സില്‍വര്‍ പായ്ക്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

ഹോളണ്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്താണ് ഇവ ഇന്ത്യയിലെത്തിക്കുന്നത്. ആവശ്യപ്രകാരം എല്‍എസ്ഡി ആദ്യം നേപ്പാളിലേക്കാണ് അയക്കുന്നത്. അവിടെ നിന്ന് വിമാനം വഴി ബംഗളുരുവിലെത്തും. ബംഗളുരുവില്‍ നിന്നാണ് ഇവ കോഴിക്കോടെത്തുന്നതെന്നാണ് പോലീസിനു ലഭിച്ച വിവരം. കൂടാതെ മൈസൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നും മയക്കുമരുന്നു കേരളത്തിലേക്ക് എത്തുന്നുണ്ട്. ആര്‍ക്കാണ് ഇത് സ്ഥിരമായി നല്‍കുന്നതെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ബംഗലുരുവില്‍ നിന്നും ഇവ കേരളത്തിലെത്തിച്ചത് ആരാണെന്നതിനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ലോഡ്ജ് മുറിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സ്‌ക്വാഡും പോലീസും നടത്തിയ അന്വേഷണത്തിനിടെയാണ് സ്ഥിരമായി എല്‍എസ്ഡി കൈകാര്യം ചെയ്യുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിച്ചത്. ജില്ലയിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് യുവാവ് സ്ഥിരമായി എല്‍എസ്ഡി എത്തിച്ചു നല്‍കാറുണ്ടെന്നും പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് യുവാവിനെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്. കസബ സിഐ പി. പ്രമോദ്, എസ്‌ഐമാരായ സിജിത്ത്, രാംജിത്ത്, കെ.പി. സെയ്തലവി, സിപിഒമാരായ ബിനില്‍കുമാര്‍, ജിനീഷ്, സന്ദീപ് സെബാസ്റ്റ്യന്‍, ഷാജി, ഷിജു, സൗത്ത് െ്രെകംസ്‌ക്വാഡ് അംഗങ്ങളായ കെ.കെ. രമേഷ് ബാബു, കെ.ടി. രാമചന്ദ്രന്‍, മഹേഷ്, ഷാഫി, അബ്ദുറഹ്മാന്‍ എന്നിവരാണു യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.